സമവായ ശ്രമങ്ങളും വിജയിച്ചില്ല: സിഐസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച് ഹക്കീം ഫൈസി ആദ്യശ്ശേരി
കഴിഞ്ഞ കുറേ മാസങ്ങളായി കോ-ഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് കമ്മിറ്റിയും സമസ്തയും തമ്മില്‍ തർക്കം നിലനില്‍ക്കുന്നുണ്ട്

മലപ്പുറം: കോ-ഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസിന്റെ (സി ഐ സി)യുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെച്ച് ഹക്കീം ഫൈസി ആദ്യശ്ശേരി രാജിവെച്ചു. സംഘടനാവിരുദ്ധപ്രവര്‍ത്തനങ്ങളുടെ പേരില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയില്‍നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെയാണ് രാജി. ചൊവ്വാഴ്ച രാത്രി പാണക്കാട്ടെത്തി മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുമായി ചർച്ച നടത്തിയതിന് ശേഷമാണ് രാജി. ഹക്കീം ഫൈസി ആദ്യശ്ശേരി സി ഐ സി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങളും വ്യക്തമാക്കിയിരുന്നു.
തർക്കം രൂക്ഷമായതോടെ ഫൈസിയുമായി വേദി പങ്കിടരുതെന്ന് സമസ്തയുടെ പോഷക സംഘടനകളായ എസ് വൈ എസ്, എസ് കെ എസ് എസ് എഫ് സംസ്ഥാനഭാരവാഹികളുടെ യോഗം കഴിഞ്ഞയാഴ്ച തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായി എസ് വൈ എസ് സംസ്ഥാന പ്രസിഡന്റുകൂടിയായ സാദിഖലി തങ്ങള്‍ കഴിഞ്ഞദിവസം വാഫി കോളേജ് ഉദ്ഘാടനച്ചടങ്ങില്‍ ഇദ്ദേഹത്തോടൊപ്പം പങ്കെടുത്തത് സമസ്തയിലെ വലിയൊരു വിഭാഗം നേതാക്കളുടേയും അതൃപ്തിക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഹക്കീം ഫൈസിയുടെ രാജിയുണ്ടാവുന്നത്.
കഴിഞ്ഞ കുറേ മാസങ്ങളായി കോ-ഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് കമ്മിറ്റിയും സമസ്തയും തമ്മില്‍ തർക്കം നിലനില്‍ക്കുന്നുണ്ട്. വിലക്ക് നിലനില്‍ക്കെ ഫൈസിയുമായി വേദി പങ്കിട്ടതോടെ സാദിഖലി ശിഹാബ് തങ്ങളും വലിയ സമ്മർദ്ദത്തിലായിരുന്നു. ഇതേ തുടര്‍ന്നാണ് ഹക്കീംഫൈസിയെ പാണക്കാട്ടേക്ക് വിളിച്ചുവരുത്തി രാജിവെക്കാനുള്ള തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. സാദിഖലി തങ്ങള്‍ ജിഫ്രി മുത്തുക്കോയ തങ്ങളെ ഫോണില്‍ വിളിച്ച് സമവായത്തിന് ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.












Click it and Unblock the Notifications