ദിലീപിനും മറ്റ് 5 പ്രതികൾക്കും മുൻകൂർ ജാമ്യം നൽകി ഹൈക്കോടതി, പ്രോസിക്യൂഷന് വൻ തിരിച്ചടി
കൊച്ചി: വധഗൂഢാലോചന കേസില്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ദിലീപിനും മറ്റ് 5 പ്രതികള്‍ക്കും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പ്രതികളെ കസ്റ്റഡിയില്‍ വേണം എന്നുളള പ്രോസിക്യൂഷന്‍ വാദം തള്ളിയാണ് കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും മറ്റ് 5 പേരും ഗൂഢാലോചന നടത്തി എന്നതാണ് കേസ്.
Recommended Video
ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരിയുടെ ടിഎന്‍ സുരാജ്, ഡ്രൈവര്‍ കൃഷ്ണപ്രസാദ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, ശരത് എന്നിവരാണ് വധഗൂഢാലോചന കേസിലെ പ്രതികള്‍. ഉപാധികളോടെയാണ് ജസ്റ്റിസ് പി ഗോപിനാഥിന്റെ സിംഗിള്‍ ബെഞ്ച് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. അന്വേഷണത്തോട് ദിലീപ് സഹകരിക്കുന്നില്ലെങ്കില്‍ അറസ്റ്റിനായി പ്രോസിക്യൂഷന് കോടതിയെ സമീപിക്കാവുന്നതാണ് എന്ന് ഹൈക്കോടതി വ്യക്തമാക്കി. ദിലീപ് അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ട് എന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ച് കൊണ്ടാണ് ഹൈക്കോടതി വിധി.

കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ലെന്ന് ദിലീപിന് കര്‍ശന നിര്‍ദേശം നല്‍കി. പ്രതികള്‍ ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യം എടുക്കണം. കൂടാതെ പ്രതികളുടെ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം എന്നും ഹൈക്കോടതി ജാമ്യത്തിനുളള ഉപാധിയായി നിര്‍ദേശിച്ചു. ദിലീപിന്റെയും കൂട്ടുപ്രതികളുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ദിവസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങളാണ് ഹൈക്കോടതിയില്‍ നടന്നത്. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സിഐ ബൈജു പൗലോസ് ആണ് ദിലീപിനെതിരെ പരാതി നല്‍കിയിരുന്നത്.
ബൈജു പൗലോസ് വ്യക്തി വൈരാഗ്യം തീര്‍ക്കുന്നതിന് വേണ്ടി ബാലചന്ദ്ര കുമാറുമായി ചേര്‍ന്ന് കെട്ടിച്ചമച്ചുണ്ടാക്കിയ കേസാണ് ഇതെന്നാണ് ദിലീപ് വാദിച്ചത്. ബാലചന്ദ്ര കുമാറിന് തന്നോട് ശത്രുത ഉണ്ടെന്ന് ആരോപിച്ച ദിലീപ് ഓഡിയോ ക്ലിപ്പും കോടതിയില്‍ സമര്‍പ്പിച്ചു. അതേസമയം ബാലചന്ദ്ര കുമാര്‍ സമര്‍പ്പിച്ച ഓഡിയോ ക്ലിപ്പുകളില്‍ കൃത്രിമത്വം നടന്നിട്ടുണ്ട് എന്നും ദിലീപ് ആരോപിച്ചു. കേസിലെ പ്രധാന തെളിവുകള്‍ ആയ മൊബൈല്‍ ഫോണുകള്‍ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ട് വന്‍ വാദപ്രതിവാദങ്ങള്‍ ആയിരുന്നു ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഫോണുകള്‍ ഹാജരാക്കാന്‍ ദിലീപ് തയ്യാറായത്. ദിലീപ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ദിലീപിനും കൂട്ടുപ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് എതിരെ പ്രോസിക്യൂഷന്‍ സുപ്രീം കോടതിയെ സമീപിക്കും.












Click it and Unblock the Notifications