ഉമ്മന്‍ ചാണ്ടിയെ സോളാർ കേസില്‍ കുടുക്കാന്‍ കെബി ഗണേഷ് കുമാർ അടക്കം ഗൂഢാലോചന നടത്തി: സിബിഐ
തിരുവനന്തപുരം: വിവാദമായ സോളാര്‍ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന് സി ബി ഐ. കേരള കോണ്‍ഗ്രസ് ബി നേതാവും പത്തനാപുരം എം എല്‍ എയുമായ കെബി ഗണേഷ് കുമാർ അടക്കം ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ഗൂഡാലോചന നടത്തിയെന്നാണ് സി ബി ഐ റിപ്പോർട്ട്. ശരണ്യ മനോജ്, വിവാദ ദല്ലാള്‍ എന്നിവരും ഈ ഗൂഡാലോചനയില്‍ പങ്കുചേർന്നെന്നാണ് മുന്‍ മുഖ്യമന്ത്രിയെ കുറ്റവിമുക്തനാക്കി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സി ബി ഐ വ്യക്തമാക്കി.
ജയിലില്‍ കിടക്കുന്ന സമയത്ത് പരാതിക്കാരി എഴുതിയെന്ന പറയുന്ന കത്തില്‍ ആദ്യം ഉമ്മന്‍ ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ല. ഇത് പിന്നീട് എഴുതിച്ചേർത്തതാണെന്നാണ് സി ബി ഐ കണ്ടെത്തല്‍. അന്ന് യു ഡി എഫില്‍ ഉണ്ടായിരുന്ന കെ ബി ഗണേഷ് കുമാർ സഹായിയെ കൈവിട്ട് പരാതിക്കാരിയുടെ കത്ത് സ്വന്തമാക്കുകയായിരുന്നു. ഗണേഷ് കുമാറിന്റെ ബന്ധു ശരണ്യ മനോജ് നല്‍കിയ മൊഴിയില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

പീഡനക്കേസുമായി മുന്നോട്ടുപോകാന്‍ പരാതിക്കാരിയെ സഹായിച്ചത് വിവാദ ദല്ലാളാണ്. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് കേസ് സി ബി ഐക്ക് വിടുകയെന്നായിരുന്നു ലക്ഷ്യം. ക്ലിഫ്ഹൗസില്‍വച്ച് മുഖ്യമന്ത്രി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കേസില്‍സാക്ഷി പറയണമെന്ന് പി സി ജോര്‍ജിനോട് ആവശ്യപ്പെട്ടു. എന്നാല്‍ മൊഴി നല്‍കിയപ്പോള്‍ ഇക്കാര്യം പി.സി ജോര്‍ജ് നിഷേധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ സിബിഐ പറയുന്നു.
അതേസമയം, ഉമ്മന്‍ ചാണ്ടിക്കെതിരായ തന്റെ മുന്‍ പ്രസ്താവനകളില്‍ വലിയ പാകപ്പിഴവ് ഉണ്ടായിപ്പോയെന്നാണ് പിസി ജോർജും വ്യക്തമാക്കി. എല്ലാ കാര്യത്തിലും പ്രതികരിക്കുന്ന സ്വഭാവമുള്ള വ്യക്തിയായിരുന്നു ഞാന്‍. ഈ സ്ത്രീയോട് ഉമ്മന്‍ ചാണ്ടി മോശമായി പെരുമാറിയെന്ന പ്രസ്താവന വന്നപ്പോള്‍ എനിക്ക് ഫീല്‍ ചെയ്തു. അവർ എന്നോട് വന്ന് പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ വിശ്വസിച്ചു. ആദ്യം സംശയം ഉണ്ടായിരുന്നെങ്കിലും അവർ പറഞ്ഞ സാഹചര്യങ്ങളൊക്കെ നോക്കിയപ്പോള്‍ ഞാന്‍ അങ്ങോട്ട് തെറ്റിദ്ധരിച്ചു പോയി. അതോടെയാണ് ഉമ്മന്‍ ചാണ്ടിക്കെതിരെ ശക്തമായി പ്രതികരിച്ചതെന്നുമാണ് പിസി ജോർജ് പറയുന്നത്.
തങ്ങളുടെ കൈയില്‍ ലഭിച്ച സോളാര്‍ ബലാത്സംഗക്കേസിലെ പരാതിക്കാരിയുടെ കത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരായ ലൈംഗികാരോപണം ഇല്ലായിരുന്നുവെന്നാണ് കെ ബി ഗണേഷ്‌കുമാറിന്റെ ബന്ധു ശരണ്യ മനോജും വ്യക്തമാക്കുന്നത്. ആര്‍. ബാലകൃഷ്ണപ്പിള്ള ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് താന്‍ വിഷയത്തില്‍ ഇടപെട്ടത്. കെ.ബി. ഗണേഷ്‌കുമാര്‍ കത്തുമായി ബന്ധപ്പെട്ട് ഇടപെട്ടിട്ടില്ല. കേസില്‍ ഗണേഷ്‌കുമാര്‍ ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി മൊഴികൊടുത്തു എന്നാണ് താന്‍ മനസിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications