കോവിഡ് കാരണം അമേരിക്കന്‍ ടൂർ മുടങ്ങി: ദമ്പതികള്‍ക്ക് ഏജന്‍സി നഷ്ടപരിഹാരം അടക്കം തിരികെ നല്‍കാന്‍ വിധി
എറണാകുളം: കോവിഡ് കാരണം അമേരിക്കന്‍ ടൂർ മുടങ്ങിയ കുടുംബത്തിന് ആശ്വാസമായി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ ഉത്തരവ്. കോവിഡ് വ്യാപനത്തെ തുടർന്ന് അമേരിക്കയിലേക്കുള്ള വിനോദ യാത്ര റദ്ദാക്കിയ സാഹചര്യത്തിൽ ഈടാക്കിയ തുക മുഴുവന്‍ മടക്കി നൽകണമെന്നാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വ്യക്തമാക്കിയിരിക്കുന്നത്.
തിരുവനന്തപുരം സ്വദേശിയും റിട്ടയേർഡ് കേണലുമായ രാജു ടി സി എറണാകുളത്തെ ഫോർച്യൂൺ ഡെസ്റ്റിനേഷൻ മാനേജ്മെന്റ് എന്ന സ്ഥാപനത്തിനെതിരെ നൽകിയ പരാതിയിലാണ് കമ്മീഷന്‍ മാസങ്ങള്‍ക്ക് ശേഷം തീർപ്പ് കല്‍പ്പിച്ചിരിക്കുന്നത്. രാജു ടി സിയും ഭാര്യയും 16 ദിവസത്തെ അമേരിക്കൻ ടൂറിന് വേണ്ടി ഫോർച്യൂൺ ഡെസ്റ്റിനേഷൻ മാനേജ്മെന്റില്‍ പണം അടച്ചിരുന്നെങ്കിലും കോവിഡ് മൂലം വിനോദയാത്ര റദായി. 2020 മെയ് മാസമാണ് യാത്രറദ്ദാക്കിയത്.

യാത്ര മുടങ്ങിയതിന് പകരമായി അഞ്ച് വർഷത്തിനുള്ളിൽ ഉപയോഗിക്കാവുന്ന 149000/- രൂപയുടെ ടൂർ വൗച്ചർ ആണ് എതിർകക്ഷി വാഗ്ദാനം നൽകിയത്. എന്നാൽ തങ്ങൾക്ക് നൽകിയ പണം തിരിച്ചു നൽകണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം. തിരികെ ലഭിക്കേണ്ട തുക ഏകപക്ഷീയമായി എതിർകക്ഷി നിഷേധിച്ചു. ഇത് ഉപഭോക്തൃ അവകാശത്തിന്റെ ലംഘനമാണെന്നും തുകയും നഷ്ടപരിഹാരവും കോടതി ചെലവും നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാജു ടിസി കമ്മിഷനെ സമീപിക്കുകയായിരുന്നു.
തങ്ങളുടെ നിയന്ത്രണത്തിൽ അതീതമായ കാരണങ്ങളാൽ ആണ് വിനോദയാത്ര റദ്ദാക്കിയത് എന്നും ആയതിനാൽ തുക തിരിച്ചു നൽകാൻ നിർവാഹമില്ല എന്ന നിലപാടാണ് എതിർകക്ഷി സ്വീകരിച്ചത്. റദ്ദാക്കിയ ടൂറിന്റെ പണം തിരിച്ചു നൽകാതിരിക്കുന്നത് അധാർമികമായ വ്യാപാര രീതിയാണെന്ന് ഡി ബി ബിനു അധ്യക്ഷനും, വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി. 165510/- രൂപ, 10,00/- രൂപ നഷ്ടപരിഹാരവും 5,000/- രൂപ കോടതി ചെലവും 45 ദിവസത്തിനകം എതിർകക്ഷി പരാതിക്കാർക്ക് നൽകണമെന്ന് ഉത്തരവ് നൽകി. പരാതിക്കാർക്ക് വേണ്ടി അഡ്വക്കേറ്റ് സിസിലി കെ കെ ഹാജരായി.
അതേസമയം, കുവൈത്ത് എയർവേയ്‌സിൽ നേരിട്ട ദുരിത യാത്രക്ക് പകരമായി ദമ്പതികള്‍ക്ക് 10 ലക്ഷം രൂപയുടെ നഷ്ടപരിഹാരം നല്‍കണമെന്ന് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. വളാഞ്ചേരി സ്വദേശികളായ ഡോ. എൻ എം മുജീബ് റഹ്‌മാൻ, ഡോ. സി എം ഷക്കീല എന്നിവർ നൽകിയ പരാതിയിലാണ് നടപടി. 2023 നവംബർ 30നും ഡിസംബർ പത്തിനുമായിരുന്നു പരാതിക്കിടയാക്കിയ സംഭവമുണ്ടായത്.
പരാതിക്കാർക്ക് പത്തുലക്ഷം രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും നൽകണമെന്ന് കെ മോഹൻദാസ് പ്രസിഡൻറും പ്രീതി ശിവരാമൻ, സി വി മുഹമദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധിച്ചത്. ഒരു മാസത്തിനകം വിധിനടപ്പാക്കണമെന്നും വീഴ്ച വരുത്തിയാൽ വിധിസംഖ്യക്ക് ഒമ്പത് ശതമാനം പലിശ നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications