കോടതിയലക്ഷ്യ കേസ്; വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് കോടതി
കൊല്ലം: കോടതിയലക്ഷ്യ കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് യൂണിവേഴ്‌സിറ്റി അപ്പലേറ്റ് ട്രൈബ്യൂണൽ. വർക്കല ശ്രീനാരായണ ട്രെയിനിംഗ് കോളജിലെ അധ്യാപകനായ ഡോ പ്രവീണിനെ അകാരണമായി പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട കേസിലാണ് ജഡ്ജി ജോസ് എന്‍ സിറിൽ അറസ്റ്റിന് ഉത്തരവിട്ടത്.ഹര്‍ജിക്കാരന് ഉണ്ടായ മാനസിക ബുദ്ധിമുട്ടുകള്‍ക്ക് നാലാഴ്ചക്കകം അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിൽ പറഞ്ഞു.കൊല്ലം നെടുങ്ങണ്ട എസ് എന്‍ ട്രൈനിംഗ് കോളേജ് മാനേജരാണ് വെള്ളാപ്പള്ളി നടേശൻ.
കോളേജിലെ മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസറായിരുന്നു ഡോ പ്രവീൺ തന്നെ പിരിച്ചുവിട്ട നടപടിക്കെതിരെ ആദ്യം യൂനിവേഴ്സിറ്റിയെയാണ് സമീപിച്ചത്. അദ്ദേഹത്തെ തിരിച്ചെടുക്കാനായിരുന്നു അന്ന് യൂനിവേഴ്സിറ്റി നിർദ്ദേശിച്ചത്. എന്നാൽ അധ്യാപകനെ തിരിച്ചെടുക്കാന്‍ മാനേജ്‌മെന്റ് തയ്യാറായില്ല. മാത്രമല്ല കോളേജ് മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഹർജിയിൽ യൂനിവേഴ്സിറ്റി അപ്ലറ്റ് ട്രൈബ്യൂണലിനെ സമീപിക്കാനായിരുന്നു ഹൈക്കോടതി നിർദ്ദേശം.

ഇതിനിടയിൽ അപ്ലറ്റ് ട്രൈബ്യൂണലിൽ നിന്നും പ്രവീണിന് അനുകൂല വിധി വന്നു. തുടർന്ന് ഇതിനെതിര മാനേജ്മെന്റ് വീണ്ടും ഹൈക്കോടതിയിലെത്തി. എന്നാൽ ട്രൈബ്യൂണലിൻ്റെ ഉത്തരവ് റദ്ദാക്കുകയോ സ്റ്റേ അനുവദിക്കുകയോ ചെയ്യാൻ ഹൈക്കോടതി കൂട്ടാക്കിയില്ല. അതിനിടെ ഉത്തരവ് കാലഹരണപ്പെട്ടതോടെ പ്രവീൺ വീണ്ടും ട്രൈബ്യൂണലിനെ സമീപിച്ചു. ഇതോടെ വീണ്ടും പ്രീവണിന് അനുകൂലമായി കോടതി ഉത്തരവിറക്കി. അപ്പോഴും കോടതി ഉത്തരവ് പാലിക്കാൻ കോളേജ് തയ്യാറായില്ല. തുടർന്നാണ് മാനേജർക്കെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.












Click it and Unblock the Notifications