ബിജെപിയെ വെട്ടിലാക്കി മലയാളി വനിതകള്‍; സുപ്രീംകോടതിയില്‍ കോടതി അലക്ഷ്യ ഹര്‍ജി
ദില്ലി: ശബരിമല യുവതീപ്രവേശന വിധി നടപ്പാക്കാത്തതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. രണ്ട് മലയാളി വനിതകളാണ് വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിപ്പിച്ചിരിക്കുന്നത്. കോടതി അലക്ഷ്യ ഹര്‍ജിയാണ് സമര്‍പ്പിച്ചത്. കോടതി അലക്ഷ്യ ഹര്‍ജികള്‍ സമര്‍പ്പിക്കുന്നതിന് ചട്ടപ്രകാരം അറ്റോര്‍ണി ജനറലിന്റെ അനുമതി തേടി.

ബിജെപി നേതാക്കള്‍, പന്തളം കൊട്ടാരം പ്രതിനിധികള്‍, തന്ത്രി എന്നിവരെ എതിര്‍കക്ഷിയാക്കിയാണ് ഒരു ഹര്‍ജി. വിധി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള, ബിജെപി നേതാവും നടനുമായ കൊല്ലം തുളസി, പത്തനംതിട്ടയിലെ ബിജെപി നേതാവ് മുരളീധരന്‍ ഉണ്ണിത്താന്‍ എന്നിവര്‍ക്കെതിരെയാണ് മറ്റൊരു ഹര്‍ജി.
തുലാമാസ പൂജയ്ക്ക് വേണ്ടി നട തുറന്ന വേളയില്‍ 12 യുവതികളാണ് ശബരിമല ദര്‍ശനത്തിന് എത്തിയത്. എന്നാല്‍ ആര്‍ക്കും ദര്‍ശനം നടത്താന്‍ സാധിച്ചില്ല. ബിജെപി ഉള്‍പ്പെടെയുള്ളവരുടെ കടുത്ത പ്രതിഷേധമാണ് ദര്‍ശനത്തിന് തടസമായത്. സുപ്രീംകോടതി വിധിയുണ്ടായിട്ടും തടഞ്ഞത് കോടതി അലക്ഷ്യമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
ദര്‍ശനത്തിന് വരുന്ന സ്ത്രീകളെ കഷണമാക്കണമെന്ന് കൊല്ലം തുളസി പറഞ്ഞത് വിവാദമായിരുന്നു. പിന്നീട് ഇദ്ദേഹം വനിതാ കമ്മീഷന്‍ മുമ്പാകെ മാപ്പ് പറയുകയും ചെയ്തു. ദര്‍ശനത്തിന് വന്ന രണ്ട് യുവതികള്‍ നടപന്തല്‍ വരെ എത്തിയിരുന്നു. എന്നാല്‍ പ്രതിഷേധം കനത്തതോടെ തിരിച്ചിറങ്ങി.
നട അടയ്ക്കുന്ന ദിവസം അഞ്ച് യുവതികള്‍ വന്നിരുന്നു. അവരെ പിന്തുടര്‍ന്ന് പ്രതിഷേധിച്ച് തിരിച്ചയക്കുകയായിരുന്നു. പോലീസ് കഠിനമായി പരിശ്രമിച്ചിട്ടും ദര്‍ശനം സാധ്യമായിട്ടില്ല. ബിജെപിയും സംഘപരിവാര സംഘടനകളും നടത്തിയ ആസൂത്രിത നീക്കമാണ് ശബരിമലയില്‍ പ്രശ്‌നമുണ്ടാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. ബോധപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കാന്‍ സോഷ്യല്‍ മീഡിയ വഴി പ്രചാരണം നടന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications