കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇന്നത്തെ കോണ്‍ഗ്രസ് അഭിനവ കുംഭോദരപ്പരുന്ത്'; കാര്‍ഷിക ബില്ലില്‍ കോണ്‍ഗ്രസിനെതിരെ തോമസ് ഐസക്

Google Oneindia Malayalam News

കൊച്ചി: വിവാദ കാര്‍ഷിക ബില്ലില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്. ബില്ലിലെ കോണ്‍ഗ്രസ് നിലപാട് കുംഭോര പരുന്തിന്റെ കളിയാണെന്നും ബില്ലിനെതിരെ ഉറച്ച നിലാപാട് സ്വീകരിച്ചിട്ടില്ലെന്നും തോമസ് ഐസക് ആരോപിച്ചു. കാക്കകള്‍ക്കൊപ്പം പറന്നതിന് പരുന്തുകളും പരുന്തുകള്‍ക്കൊപ്പം പറന്ന കുറ്റത്തിന് കാക്കകളും കുംഭോദരനെ തള്ളിക്കളഞ്ഞ സമാന സ്ഥിതിയായിരിക്കും കോണ്‍ഗ്രസിനെന്നും തോമസ് ഐസക് അഭിപ്രായപ്പെട്ടു. ബില്ലിനെതിരെ കോണ്‍ഗ്രസ് ഉണ്ടോയെന്ന് ചോദിച്ചാല്‍ രാജ്യസഭയില്‍ സസ്‌പെന്റ് ചെയ്ത ബില്ലിനെതിരെ കോണ്‍ഗ്രസ് എംപിമാര്‍ ഉണ്ടെന്നും അതേസമയം ബില്ലിനെതിരായ പ്രതിഷേധത്തിന് മുന്‍ നിരയില്‍ കോണ്‍ഗ്രസ് ഇല്ലെന്നും തോമസ് ഐസക് വിമര്‍ശിച്ചു.

കുംഭോദരന്റെ അവസ്ഥ

കുംഭോദരന്റെ അവസ്ഥ

പരുന്തുകളുടെയും കാക്കകളുടെയും പിന്തുണ വാങ്ങി പക്ഷിക്കൂട്ടത്തിന്റെ രാജാവാകാന്‍ മോഹിച്ച കുംഭോദരപ്പരുന്തിന് പറ്റിയ പറ്റിന്റെ കഥ പറഞ്ഞത് സഞ്ജയനാണ്. പരുന്തുകളുടെ പിന്തുണ തേടാന്‍ അവര്‍ക്കൊപ്പവും കാക്കകളുടെ പിന്തുണ തേടാന്‍ അവര്‍ക്കൊപ്പവും കുംഭോദരന്‍ ഉയര്‍ന്നു പറന്നു. രണ്ടുപേരെയും പറ്റിക്കുകയാണ് എന്ന ആത്മവിശ്വാസത്തോടെ. അങ്ങനെ രാജപദവിയിലേയ്ക്കുള്ള തിരഞ്ഞെടുപ്പിനു സമയമായി. കുംഭോദരന്‍ ഇരുകൂട്ടരുടെയും പിന്തുണ അഭ്യര്‍ത്ഥിച്ചു. കാക്കകള്‍ക്കൊപ്പം പറന്നതിന് പരുന്തുകളും പരുന്തുകള്‍ക്കൊപ്പം പറന്ന കുറ്റത്തിന് കാക്കകളും കുംഭോദരനെ തള്ളിക്കളഞ്ഞു.

ഈ അവസ്ഥയില്‍ അത്ഭുതമില്ല

ഈ അവസ്ഥയില്‍ അത്ഭുതമില്ല

കര്‍ഷകദ്രോഹ ബില്ലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് കളിക്കുന്നതും കുംഭോദരപ്പരുന്തിന്റെ കളിയാണ്. ബില്ലിനെതിരെ കോണ്‍ഗ്രസ് ഉണ്ടോ എന്നു ചോദിച്ചാല്‍, രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡു ചെയ്യപ്പെട്ട എംപിമാരില്‍ രണ്ടുപേര്‍ കോണ്‍ഗ്രസുകാരനാണ്. എന്നാല്‍ ബില്ലിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ മുന്നില്‍ കോണ്‍ഗ്രസ് ഉണ്ടോ... ഇല്ലേയില്ല. കര്‍ഷകരുടെ കണ്ണില്‍പ്പൊടിയിടാന്‍ സസ്‌പെന്‍ഷന്‍ ഉപയോഗിക്കാം. കോര്‍പറേറ്റുകളുടെ ദാസ്യവൃത്തിയ്ക്ക് പ്രക്ഷോഭത്തെ ഒറ്റികൊടുക്കാം. ഒരേസമയം രണ്ടു പിന്തുണയും കിട്ടുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. സഞ്ജയന്‍ പരിചയപ്പെടുത്തിയ കുംഭോദരപ്പരുന്തിന്റെ അവസ്ഥയില്‍ ഈ പാര്‍ടി അകപ്പെട്ടതില്‍ വല്ല അത്ഭുതവുമുണ്ടോ?

കോണ്‍ഗ്രസ് പ്രകടനപത്രിക

കോണ്‍ഗ്രസ് പ്രകടനപത്രിക

കാര്‍ഷികരംഗത്ത് ഈ നിയമഭേദഗതി വരുത്തുമെന്ന് പ്രകടനപത്രികയില്‍ എഴുതിവെച്ചാണ് കോണ്‍ഗ്രസ് 2019ലെ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ആ വാചകങ്ങള്‍ ഇങ്ങനെയായിരുന്നു. 'Congress will repeal the Agricultural Produce Market Committees Act and make trade in agricultural produce-including exports and inter-state trade - free from all restrictions'. കാര്‍ഷികോത്പന്ന വിപണന സംഘങ്ങള്‍ ഇല്ലാതാക്കുമെന്നും വിപണത്തിന്മേലുള്ള എല്ലാ നിയന്ത്രണങ്ങളും എടുത്തു കളയുമെന്നുമുള്ള വാഗ്ദാനമടങ്ങിയ പ്രകടനപത്രിക വെച്ച് വോട്ടുവാങ്ങി ജയിച്ച കോണ്‍ഗ്രസ് എംപിമാരാണ് ഇപ്പോള്‍ പ്രതിഷേധിക്കുന്നത്. ആ പ്രതിഷേധത്തെ കോണ്‍ഗ്രസ് തള്ളിപ്പറഞ്ഞിട്ടില്ല. ഈ നാടകം കണ്ട് ഏതെങ്കിലും കര്‍ഷകര്‍ തെറ്റിദ്ധരിക്കുന്നെങ്കില്‍ തെറ്റിദ്ധരിച്ചോട്ടെ എന്ന ഭാവം.

കര്‍ഷകരുടെ ഗതികേട്

കര്‍ഷകരുടെ ഗതികേട്

മറുവശത്ത് ഈ ബില്ലിന്റെ ഗുണഭോക്താക്കള്‍ കോണ്‍ഗ്രസിനെ കണക്കിലെടുക്കുമോ? കര്‍ഷകരുടെ ഗതികേട് മുതലെടുക്കാന്‍ തറ്റുടുത്തിറങ്ങിയ വന്‍കിട കോര്‍പ്പറേറ്റുകളും, മള്‍ട്ടി നാഷണല്‍ കോര്‍പ്പറേഷനുകളുമാണല്ലോ ബില്ലിന്റെ ഉപഭോക്താക്കള്‍. എന്തും ചെയ്തുതരാന്‍ ബിജെപിയുള്ളപ്പോള്‍ അവരെന്തിന് കോണ്‍ഗ്രസിനു ഫണ്ടു കൊടുക്കണം?

കാര്‍ഷിക സെന്‍സസ്

കാര്‍ഷിക സെന്‍സസ്

2015-16 ല്‍ പ്രസിദ്ധീകരിച്ച പത്താമത് കാര്‍ഷിക സെന്‍സസ് പ്രകാരം, ഇന്ത്യയിലെ 86.2 ശതമാനം വരുന്ന ഭൂരിഭാഗം കര്‍ഷകരും രണ്ട് ഹെക്ടറില്‍ താഴെ മാത്രം ഭൂമിയുള്ള ചെറുകിട, നാമമാത്ര കര്‍ഷകരാണ്. രണ്ട് എംപിമാര്‍ക്കു കിട്ടിയ സസ്‌പെന്‍ഷന്‍ കാണിച്ച് ഈ മഹാഭൂരിപക്ഷത്തെ വഞ്ചിക്കാമെന്നാണ് കോണ്‍ഗ്രസിന്റെ വ്യാമോഹം. എന്നാല്‍ ഈ ആവശ്യമുന്നയിച്ച് രാജ്യമാകെ അലയടിക്കുന്ന പ്രക്ഷോഭത്തിന്റെ ഒരു ഭാഗത്തും കോണ്‍ഗ്രസ് ഇല്ല എന്ന യാഥാര്‍ത്ഥ്യം അവരുടെ മുന്നിലുണ്ട്. ആത്മാര്‍ത്ഥതയുള്ള ഒരു പ്രസ്താവന പോലും കോണ്‍ഗ്രസ് നേതൃത്വം ഇതേവരെ പുറപ്പെടുവിച്ചിട്ടില്ല.

 ഇന്നത്തെ കോണ്‍ഗ്രസ്

ഇന്നത്തെ കോണ്‍ഗ്രസ്

കോര്‍പറേറ്റുകളോ... എന്നേ അവര്‍ കോണ്‍ഗ്രസിനെ കൈവിട്ട് ബിജെപിയെ വാഴിച്ചു കഴിച്ചു. ഇന്ത്യയിലെ സാധാരണ ജനങ്ങളെ ഒറ്റിയതിന്റെ കൂലിയും കോണ്‍ഗ്രസിന് ഇനി കിട്ടുമെന്നു തോന്നുന്നില്ല. അവരെക്കാള്‍ ഊക്കോടെ അവരുടെ നയങ്ങള്‍ നടപ്പാക്കാന്‍ നരേന്ദ്രമോദിയും ബിജെപിയും തറ്റും താറുമുടുത്തു നില്‍ക്കുമ്പോള്‍, കോര്‍പറേറ്റുകളെന്തിന് അധികച്ചെലവ് വരുത്തിവെയ്ക്കണം. ചുരുക്കത്തില്‍, ജനങ്ങളും കോര്‍പറേറ്റുകളും ഒരുപേലെ കൈവിട്ട അഭിനവ കുംഭോദരപ്പരുന്താണ് ഇന്നത്തെ കോണ്‍ഗ്രസ്.

ഒറ്റകെട്ടായി ഇറങ്ങണം

ഒറ്റകെട്ടായി ഇറങ്ങണം

കേന്ദ്രസര്‍ക്കാരിന്റെ ഈ ജനദ്രോഹനടപടികള്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ അറിഞ്ഞ ഭാവം കാണിക്കുന്നില്ല. ഇതൊക്കെ നമ്മുടെ നാടിനെ എങ്ങനെ ബാധിക്കുമെന്ന ആശങ്കപോലും അവര്‍ക്കില്ല. അതില്‍ അത്ഭുതവുമില്ല. ആസിയാന്‍ കരാര്‍ കൊണ്ടുവന്ന് കര്‍ഷകരുടെ നടുവൊടിച്ചത് നാം മറന്നിട്ടില്ലല്ലോ. ഭക്ഷ്യസുരക്ഷാ ബില്ലിന്റെ പേരില്‍ സാര്‍വത്രിക റേഷന്‍ ഇല്ലാതാക്കി. ഇപ്പോഴിതാ കര്‍ഷക ദ്രോഹ ബില്‍.

Recommended Video

cmsvideo
Actor Krishna Kumar supports Farm Bills | Oneindia Malayalam
വീണ്ടുവിചാരമുണ്ടാകണം

വീണ്ടുവിചാരമുണ്ടാകണം

ഇനിയെങ്കിലും കോണ്‍ഗ്രസിനും യുഡിഎഫിനും വീണ്ടുവിചാരമുണ്ടാകണം. ബിജെപിയ്‌ക്കെതിരെ ഒറ്റക്കെട്ടായി സമരരംഗത്തു നില്‍ക്കണം. ജനങ്ങളെയും നാടിനെയും ബാധിക്കുന്ന ഈ വിഷയങ്ങളുന്നയിച്ച് കേന്ദ്രസര്‍ക്കാരിനും ബിജെപിയ്ക്കുമെതിരെ ജനാഭിപ്രായം സ്വരൂപിക്കാനുള്ള മാര്‍ഗങ്ങള്‍ യുഡിഎഫ് ആരായണം. അതിനു മുന്‍ഗണന നല്‍കാനുള്ള രാഷ്ട്രീയവിവേകമാണ് ഈ സാഹചര്യത്തില്‍ കാണിക്കേണ്ടത്

English summary
controversial Agriculture Bill: finance Minister Thomas isaac slams congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X