ദളിത്-സ്ത്രീ സംവിധായകര്‍ക്കെതിരേ വിവാദ പരാമര്‍ശം; അടൂര്‍ ഗോപാലകൃഷ്ണനെതിരേ പ്രതിഷേധം ശക്തം
പൊതുവേദിയില്‍ ദളിത്-സ്ത്രീ സംവിധായകര്‍ക്കു നേരെ വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ അധിക്ഷേപം. എസ്സി, എസ്ടി വിഭാഗങ്ങളിലുള്ള സംവിധായകര്‍ക്കും വനിതകള്‍ക്കും സിനിമ നിര്‍മ്മിക്കാന്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ഒന്നരക്കോടി രൂപ ധനസഹായം നല്‍കുന്നതിനെയാണ് അടൂര്‍ വിമര്‍ശിച്ചത്. വിവാദ പരാമര്‍ശത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരേ പ്രതിഷേധം ശക്തമാകുകയാണ്.
തിരുവനന്തപുരത്ത് നടന്ന സിനിമാ കോണ്‍ക്ലേവിന്റെ സമാപന ചടങ്ങിലായിരുന്നു അടൂര്‍ പൊതുസമൂഹത്തിന്റെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയ പരാമര്‍ശങ്ങള്‍ നടത്തിയത്. സ്ത്രീകള്‍ക്കും ദളിതര്‍ക്കും സിനിമ നിര്‍മിക്കാന്‍ സര്‍ക്കാര്‍ പണം നല്‍കുമ്പോള്‍ അവര്‍ക്ക് മൂന്ന് മാസത്തെ സിനിമാ പരിശീലനം കൂടി നല്‍കണമെന്നായിരുന്നു അടൂരിന്റെ അഭിപ്രായം.

അടൂരിന്റെ വാക്കുകള്‍: ഒന്നരക്കോടി രൂപയാണ് സിനിമ നിര്‍മിക്കാന്‍ നല്‍കുന്നത്. ഈ തുക മൂന്ന് പേര്‍ക്കായി നല്‍കണം. സര്‍ക്കാര്‍ നല്‍കുന്ന തുക വാണിജ്യ സിനിമ എടുക്കാനുളളതല്ല. വ്യക്തമായ പരിശീലനം ഇല്ലാതെ സിനിമ എടുത്താല്‍ ആ പണം നഷ്ടമാകും. സൂപ്പര്‍ സ്റ്റാര്‍ പടങ്ങള്‍ക്ക് പണം നല്‍കരുത്.
സ്ത്രീകളായതുകൊണ്ട് മാത്രം പണം നല്‍കരുത്. വെറുതെ പൈസ കൊടുക്കുന്നത് ഒരു രീതിയിലുമുള്ള പ്രോത്സാഹനമല്ല. മൂന്ന് മാസത്തെ ആഴത്തിലുള്ള പരിശീലനം നല്‍കിയിട്ട് മാത്രമേ അവര്‍ക്ക് സിനിമ നിര്‍മിക്കാന്‍ അവസരം നല്‍കാവൂ. ഇത് ജനങ്ങളുടെ നികുതി പണമാണിതെന്ന് അവരെ പറഞ്ഞ് മനസിലാക്കണം. ചലച്ചിത്ര കോര്‍പ്പറേഷന്‍ നല്‍കുന്ന ഒന്നര കോടി വളരെ കൂടുതലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതോടെ സദസിലുണ്ടായിരുന്ന സിനിമാ പ്രവര്‍ത്തകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാല്‍ സദസിന്റെ പ്രതിഷേധം അവഗണിച്ച് അടൂര്‍ പ്രസംഗം തുടരുകയായിരുന്നു.
ദളിതരെയും സ്ത്രീകളെയും മാത്രം പരാമര്‍ശിച്ചുകൊണ്ടുള്ള അടൂരിന്റെ വാക്കുകള്‍ക്കെതിരേ മന്ത്രി ആര്‍. ബിന്ദു ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്തുവന്നു. സമൂഹ മാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്. വിശ്വചലച്ചിത്ര വേദികളില്‍ വിഹരിച്ചിട്ടു കാര്യമില്ല, ഹൃദയ വികാസമുണ്ടാകണം, മനുഷ്യനാകണം. എന്നാണ് ആര്‍ ബിന്ദു പ്രതികരിച്ചത്. കേരളത്തിലേക്ക് നിരവധി രാജ്യാന്തര പുരസ്‌കാരങ്ങള്‍ കൊണ്ടു വന്ന സംവിധായകന്‍ ഡോ. ബിജുവും തന്റെ പ്രതിഷേധം അറിയിച്ചു. ബിജു ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍:
'യാതൊരു പരിശീലനവും ഇല്ലാതെ സര്‍ഗശേഷി മാത്രം കൈമുതലാക്കിയ അനേകം മനുഷ്യന്മാര്‍ക്ക് ഈ നാട്ടില്‍ സിനിമ ചെയ്യാമെങ്കില്‍, അതേപോലെ തന്നെ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ട ആളുകള്‍ക്കും വനിതകള്‍ക്കും ഈ നാട്ടില്‍ സിനിമ ചെയ്യാം. അത് അത്രമേല്‍ സ്വാഭാവികമായ ഒന്നാണ്. അല്ലാതെ അവര്‍ക്ക് മാത്രം സിനിമ ചെയ്യണമെങ്കില്‍ മൂന്ന് മാസത്തെ എങ്കിലും തീവ്രമായ പരിശീലനം വേണം എന്നൊക്കെ തോന്നുന്നത് അവരെ നോക്കിക്കാണാന്‍ പ്രത്യേക തരം കണ്ണാടി ഉപയോഗിക്കുന്നത് കൊണ്ടാണ്.
എന്ന് യാതൊരുവിധ പരിശീലനവും ലഭിക്കാതെ ഇതുവരെ 15 സിനിമകള്‍ വിവിധ ഭാഷകളിലും രാജ്യങ്ങളിലുമായി ചെയ്യുകയും മൂന്ന് ദേശീയ പുരസ്‌കാരങ്ങളും മുപ്പതിലധികം അന്തര്‍ദേശീയ പുരസ്‌കാരങ്ങളും ലഭിക്കുകയും ചെയ്ത പട്ടികജാതി വിഭാഗത്തില്‍ പെട്ട ഒരു സംവിധായകന്‍'.












Click it and Unblock the Notifications