മന്ത്രി പദവി ലഭിക്കുമോ? എല്ലാത്തിനും ഉടന്‍ തന്നെ ശുഭാന്ത്യം ഉണ്ടാകുമെന്ന് തോമസ് കെ തോമസ്
കൊച്ചി: മന്ത്രി പദവി വെച്ചുമാറുന്നതില്‍ തീരുമാനം എടുക്കേണ്ടത് പാർട്ടി നേതൃത്വം ആണെന്ന് തോമസ് കെ തോമസ് എം എല്‍ എ. എകെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനം ഒഴിഞ്ഞ് പകരം കുട്ടനാട് എം എല്‍ എയായ തോമസ് കെ തോമസ് മന്ത്രിസഭയിലേക്ക് എത്തുന്നത് സംബന്ധിച്ച് എന്‍ സി പിയില്‍ തർക്കം രൂക്ഷമാകുന്നുവെന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തില്‍ വണ്‍ഇന്ത്യ മലയാളത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടിയുടെ യോഗം ഇന്ന് ചേർന്നെങ്കിലും മന്ത്രി സ്ഥാനം മാറുന്നത് സംബന്ധിച്ചുള്ള തീരുമാനങ്ങളൊന്നും ആയിട്ടില്ല. മന്ത്രി സ്ഥാനം ഒഴിയുകയാണെങ്കില്‍ എം എല്‍ എ സ്ഥാനം കൂടി രാജിവെക്കുമെന്ന നിലപാടിലാണ് എകെ ശശീന്ദ്രന്‍. അത് ശരിയായ കാര്യമല്ല. എന്നെ സംബന്ധിച്ച് പാർട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്തവും അത് ചെയ്യും. കുട്ടനാട്ടിലെ സാധാരണക്കാരായ ജനങ്ങള്‍ക്കുവേണ്ടി അവരോടൊപ്പം ജീവിക്കുന്ന വ്യക്തിയാണ് ഞാന്‍. എല്ലാം പാർട്ടി നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'എല്ലാം ഒരു പ്രതിസന്ധിയാണല്ലോ. രാഷ്ട്രീയം എന്ന് പറയുന്നത് കലങ്ങിയും മറിഞ്ഞുമൊക്കെ വന്നുകൊള്ളും. ഒടുവില്‍ സമയം ആകുമ്പോള്‍ എല്ലാം അതിന്റേതായ വഴിക്ക് വരും. ശുഭാന്ത്യം തന്നെയുണ്ടാകുമെന്ന് കരുതുന്നു. ഈ വിഷയത്തില്‍ ദേശീയ നേതൃത്വത്തിന്റെ ഇടപെടലുകളേക്കുറിച്ചൊന്നും ഇതുവരെ എനിക്ക് വിവരമില്ല' എന്നും തോമസ് കെ തോമസ് വ്യക്തമാക്കി.
കുട്ടനാട് നിന്നും തോമസ് കെ തോമസ്, എലത്തൂരില്‍ നിന്നും എകെ ശശീന്ദ്രന്‍ എന്നിങ്ങനെ രണ്ട് എം എല്‍ എമാരാണ് എന്‍ സി പിക്കുള്ളത്. രണ്ടര വർഷം കഴിയുമ്പോള്‍ മന്ത്രി സ്ഥാനം ഒഴിയുകയെന്ന അലിഖിത നിയമത്തിന്റെ അടിസ്ഥാനത്തിലാണ് എകെ ശശീന്ദ്രന്‍ മന്ത്രിയാകുന്നത്. എന്നാല്‍ അങ്ങനെ ഒരു ധാരണയും ഇല്ലെന്നാണ് എകെ ശശീന്ദ്രന്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. ഇതോടെയാണ് എന്‍ സി പിയില്‍ പ്രതിസന്ധി രൂക്ഷമായത്.
സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ ഉള്‍പ്പെടേയുള്ളവർ ശശീന്ദ്രന്‍ മാറണമെന്ന നിലപാടുള്ളവരാണ്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതു മുതൽ തന്നെ തോമസ് കെ തോമസ് മന്ത്രി സ്ഥാനത്തിനായി രംഗത്തുണ്ടായിരുന്നു. തുടക്കത്തില്‍ എകെ ശശീന്ദ്രനായിരുന്നു പിസി ചാക്കോ ഉള്‍പ്പെടേയുള്ളവരുടെ പിന്തുണ. എന്നാല്‍ പാർട്ടിയിലെ സമവാക്യങ്ങള്‍ മാറിയത് അനുസരിച്ച് ആ സാഹചര്യം മാറി.
അതേസമയം, മന്ത്രി സ്ഥാനം രാജിവെയ്ക്കുന്നത് ആലോചനയിൽ പോലും ഇല്ലെന്നാണ് എകെ ശശീന്ദ്രൻ വ്യക്തമാക്കുന്നത്. ഇന്നത്തെ എൻസിപി യോഗത്തിൽ രാജിക്കാര്യം ചർച്ചയായിട്ടില്ല. എംഎൽഎ സ്ഥാനം രാജിവെയ്ക്കാൻ അനുവദിക്കണമെന്നതെല്ലാം മുൻപ് പറഞ്ഞ കാര്യങ്ങളാണ്. ഇപ്പോൾ അതിനും പ്രസക്തിയില്ലെന്നും എ കെ ശശീന്ദ്രൻ വ്യക്തമാക്കി.












Click it and Unblock the Notifications