കണ്ണൂർ ജയിലിൽ തടവുകാർക്ക് സുഖ ജീവിതം; മദ്യത്തിന് പിന്നാലെ ബീഡിയും ഹൽവയും ബദാമും, വഴിവിട്ട സഹായം!
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർക്ക് വഴിവിട്ട സഹായം ചെയ്യുന്നു എന്ന ആരോപണം തുടങ്ങിയിട്ട് ഏറെ നാളായി. ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് വഴിവിട്ട സഹായം ചെയ്തെന്ന ആാരോപണം കുറേ നാളായി കോൺഗ്രസ് ഉന്നയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് സെൻട്രൽ ജയിലിന് പുറത്തു നിന്നും മദ്യ കുപ്പികൾ എറിഞ്ഞുകൊടുക്കുന്ന ദൃശ്യങ്ങൾ മാതൃഭൂമി പുറത്തു വിട്ടത്. അതിനു പിന്നാലെ തന്നെ ബീഡിയും ഹർവയും ബദാം പരിപ്പും തടവുകാർക്ക് എത്തുന്നുണ്ടെന്ന റിപ്പോർട്ട് പുറത്തുവരുന്നു.
ജയിലിന്റെ പുറത്തുനിന്ന് അകത്തേക്ക് എറിഞ്ഞ നിലയില്‍ ആശുപത്രി ബ്ലോക്കിനു സമീപത്തു നിന്നാണു പൊതി കണ്ടെത്തിയിട്ടുള്ളത്. 20കെട്ട് ബീഡി, ഹല്‍വ, ബദാം പരിപ്പ് തുടങ്ങിയവയാണ് പൊതിയിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ജയിലനകത്തേക്ക് രണ്ടു പേര്‍ മദ്യക്കുപ്പി വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. തുടര്‍ന്ന് ജയില്‍ അധികൃതര്‍ ജയിലിനകത്തു പരിശോധന നടത്തിയെങ്കിലും കുപ്പി കണ്ടെത്തിയിട്ടില്ല.

പറന്നെത്തുന്ന മദ്യ കുപ്പികൾ...
സെന്‍ട്രല്‍ ജയിലിനോടു ചേര്‍ന്നുള്ള സ്‌പെഷല്‍ സബ് ജയിലിന്റെ മതിലിനു പുറത്തെ വഴിയില്‍ നിന്നു ജയിലിനകത്തേക്കു മദ്യം, ബീഡി തുടങ്ങിയവ എറിഞ്ഞുനല്‍കുന്ന സംഭവങ്ങള്‍ നേരത്തേയും ഉണ്ടായിരുന്നു. ഈ ഭാഗത്ത് കൂടുതല്‍ വാര്‍ഡര്‍മാരെ കാവലിനു നിയോഗിച്ചതായും പുതിയ ഗേറ്റ് പോയിന്റ് ആരംഭിച്ചിട്ടുണ്ടെന്നും സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് അറിയിച്ചു. മദ്യക്കുപ്പികള്‍ എറിയുന്ന ദൃശ്യങ്ങള്‍ ലഭിച്ച ശേഷം നടത്തിയ അന്വേഷണത്തില്‍ മദ്യത്തിന് പുറമെ മയക്കുമരുന്നും മൊബൈല്‍ ഫോണും ഇത്തരത്തില്‍ തടവുകാര്‍ക്ക് യഥേഷ്ടം ലഭിക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

മദ്യകുപ്പികളും കഞ്ചാവ് പൊതികളും
ജയിലില്‍ മദ്യക്കുപ്പികളും കഞ്ചാവ് പൊതികളും മറ്റും എറിഞ്ഞുകൊടുക്കുന്നതായി വര്‍ഷങ്ങളായി പരാതിയുണ്ടെങ്കിലും ദൃശ്യങ്ങള്‍ പുറത്തുവരുന്നത് ആദ്യമായായിരുന്നു. വാർത്ത പുറത്തുവിട്ടതോടെ സംഭവം വിവാദമാകുകയായിരുന്നു. തുടർന്ന് ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ അന്വേഷണത്തിനായി ഉത്തരമേഖലാ ഡിഐജി എസ് സന്തോഷിനെ ചുമതലപ്പെടുത്തി. എന്നാൽ പ്രത്യേകിച്ച് തെളിവുകൾ ഒന്നും തന്നെ കിട്ടിയില്ല. പിന്നീട് വിശദമായ അന്വേഷണത്തിനായി ടൗൺ സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. രണ്ടുപേരാണ് മദ്യക്കുപ്പികള്‍ ജയിലിനുള്ളിലേക്ക് എറിഞ്ഞുകൊടുക്കുന്നതായി ചിത്രത്തിലുള്ളത്.

ചെരിപ്പ് തുരന്ന് സിംകാർഡ് ഒളിപ്പിക്കും
സ്‌പെഷ്യല്‍ സബ്ജയിലിന്റെ സന്ദര്‍ശകപവലിയന് അടുത്തുവെച്ച് കുപ്പികള്‍ ജയിലിനുള്ളിലേക്ക് എറിയുന്നതാണ് ദൃശ്യങ്ങള്‍. സന്ദര്‍ശകരായി ഉള്ളില്‍ കടന്നവരാണ് ഇതിനു പിന്നിലെന്നാണ് പോലീസ് നിഗമനം. മൊബൈല്‍ ഫോണ്‍, മൊബൈല്‍ ചാര്‍ജര്‍ എന്നിവയും ജയിലിനുള്ളിലേക്ക് എറിഞ്ഞുകൊടുക്കാറുണ്ടെന്ന് നേരത്തെ തന്നെ പരാതികൾ ഉയർന്നിരുന്നു. ചെരുപ്പുകൾ സാധാരണ ജയിലിനുള്ളിലേക്ക് കടത്താറുണ്ട്. ചെരിപ്പുകൾ തുരന്ന് സിം കാർഡുകളും മയക്കുമരുന്നും മൊബൈൽ ഫോണും അതിൽ തിരുകി കയറ്റി ജയലിനുള്ളിലേക്ക് കടത്താറുണ്ടെന്നാണ് നേരത്തെ ഉയർന്ന പരാതി. ജയിലിനകത്തെ കിണർ സുചീകരിച്ചപ്പോൾ നിരവധി ചെരുപ്പുകൾ ലഭിച്ചിരുന്നു. ഇതിൽ ഭൂരിഭാഗവും പുതിയ ചെരിപ്പുകളായിരുന്നു.

ടൂർണ്ണമെന്റിൽ പങ്കെടുക്കാൻ പ്രതികൾ പുറത്തേക്ക്...
ജയിലിൽ നിന്ന് പുറത്തേക്ക് വോളിബോൾ ടൂർണ്ണമെന്റിൽ പങ്കെടുക്കാനാണ് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതികൾക്ക് അനുമതി നൽകിയിരിക്കുന്നതും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ചില അവസരങ്ങളിൽ ജയിലിനു പുറത്തുള്ള ടീമുകൾ ജയിലിൽ ടൂർണ്ണമെന്റിൽ പങ്കെടുക്കാറുണ്ടെങ്കിലും, ജയിൽ ടീം പുറത്തുപോകുന്നത് ഇത് ആദ്യമായാണ് ഇത്തരത്തിൽ ജയിൽപുള്ളികളെ പുറത്തുവിടുന്നത്. ഏപ്രിൽ 25 മുതൽ 28 വരെ നടക്കുന്ന 'ജേർണലിസ്റ്റ് വോളി' യിലെ സൗഹൃദ മത്സരങ്ങളിലായിരുന്നു ജയില് ടീം ഇറങ്ങിയിരുന്നത്. നേരത്തെ ടിപി കേസ് പ്രതികള്‍ക്ക് ഒന്നിച്ച് പരോള്‍ അനുവദിച്ചത് നേരത്തെ തന്നെ വിവാദമായിരുന്നു. പ്രായാധിക്യമുള്ള തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ എസ്പിയ്ക്ക് അധികാരമുണ്ട്. എന്നാല്‍ ശിക്ഷാ ഇളവിന് നിശ്ചിത കാലയളവ് ശിക്ഷ പൂര്‍ത്തിയാക്കണമെന്നാണ് നിയമം. ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട കുഞ്ഞനന്തന്‍ ഇതുവരെയും മൂന്ന് വര്‍ഷം മാത്രമാണ് ശിക്ഷ പൂര്‍ത്തിയാക്കിയത്. സിപിഎം നേതൃത്വത്തിന്റെ വിശ്വസ്തനായ കുഞ്ഞനന്തനെയും മറ്റ് പ്രതികളേയും ജയിലില്‍ നിന്നും പുറത്തിറക്കാന്‍ സിപിഎം അധികാരത്തില്‍ വന്ന ഘട്ടം മുതല്‍ ശ്രമം നടത്തി വരികയാണെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും കണ്ണൂർ സെൻട്രൽ ജയിലുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്നിരിക്കുന്നത്.

പാർട്ടി തടവുാരുടെ വിഴയാട്ടം...
പാർട്ടി തടവുകാർ പിരിവെടുത്ത് ജയിലിനകത്തേക്ക് ടിവി എത്തിച്ചതും വിവാദമായിരുന്നു. അനധികൃത പരോള്‍ മുതല്‍ തടവുകാര്‍ പിരിവെടുത്ത് ടെലിവിഷന്‍ വാങ്ങിയതുവരെ ജയില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. പാര്‍ട്ടിക്കാരായ കൊടും ക്രിമിനലുകളാണ് ജയിലിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന ആരോപണവും നേരത്തെ തന്നെയുണ്ട്. ടിപി കേസ് പ്രതികള്‍ക്ക് ആയുര്‍വ്വേദ ആശുപത്രിയില്‍ ആഴ്ചകളോളം സുഖ ചികിത്സാ സൗകര്യം ഒരുക്കിയിരുന്നു. ഷുഹൈബ് വധക്കേസ് പ്രതി സിപിഎമ്മുകാരനായ ആകാശിന് യുവതിയുമായി സല്ലപിക്കാന്‍ ജയിലിനുളളില്‍ പല ദിവസങ്ങളിലായി മണിക്കൂറുകളോളം അവസരം ഒരുക്കി. ഈ കേസില്‍ തിരിച്ചറിയല്‍ പരേഡിന് ജയിലിലെത്തിയ സാക്ഷികളെ സിപിഎം തടവുകാര്‍ ഭീഷണിപ്പെടുത്തിയതായും പരാതികളുണ്ടായിരുന്നു. ഇപ്പോൾ വിവാദമായ സംഭവം നടന്ന സ്പെഷ്യൽ ജയിലിൽ ഏറ്റവും കൂടുതലുള്ളത് സിപിഎം തടവുകാരാണെന്നത് വിവാദത്തിന് ആക്കം കൂട്ടുന്നു.












Click it and Unblock the Notifications