ശിക്ഷ വിധിച്ചിട്ട് ഒന്നരം മാസം മാത്രം: പരോളിന് അപേക്ഷ നല്‍കി പെരിയ ഇരട്ടക്കൊലക്കേസിലെ രണ്ട് പ്രതികള്‍
കണ്ണൂർ: പരോളിന് അപേക്ഷ നല്‍കി പെരിയ ഇരട്ടക്കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികള്‍. എട്ടാം പ്രതി എ സുബീഷ്, 15-ാം പ്രതി സുരേന്ദ്രൻ എന്നിവരാണ് അപേക്ഷ നൽകിയത്. ശിക്ഷാ വിധി വന്ന് ഒന്നര മാസം തികയും മുൻപ് തന്നെ പ്രതികൾക്ക് പരോൾ നല്‍കാനുള്ള നീക്കത്തിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. എന്നാൽ നിയമപരമായി പ്രതികൾ പരോളിന് അർഹരെന്നാണ് കണ്ണൂർ ജയിൽ സൂപ്രണ്ട് വ്യക്തമാക്കുന്നത്. പരോള്‍ അപേക്ഷയില്‍ ജയില്‍ അപേക്ഷയില്‍ പൊലീസ് റിപ്പോർട്ടും തേടിയിരുന്നു.
ശരത്‌ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിൽ പത്ത് പ്രതികളെ ജനുവരി 3നാണ് എറണാകുളം സിബിഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുന്നത്. പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ പ്രകാരം ജനുവരി 21ന് സുഭീഷും ജനുവരി 22ന് സുരേന്ദ്രനും പരോൾ അപേക്ഷ നല്‍കുകയായിരുന്നു. നിലവില്‍ കണ്ണൂർ സെന്‍ട്രല്‍ ജയിലിലാണ് പ്രതികളെ തടവില്‍ പാർപ്പിച്ചിരിക്കുന്നത്.

അതേസമയം, ശരത് ലാലിനും കൃപേഷിനും സാമാന്യ നീതിയെന്നൊന്ന് മാത്രമാണ് ലഭിച്ചതെന്നും തങ്ങളുടെ അറിവോടും അനുഗ്രഹത്തോടും കൂടി സിപിഎം നേതൃത്വം നടപ്പിലാക്കിയ അരുംകൊലയ്ക്ക് ഇനിയുമുണ്ട് ശിക്ഷ നടപ്പിലാകാനെന്നാണ് എ ഐ സി സി ജനറള്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
കെടാത്ത കനലും ഉണങ്ങാത്ത ചോരയുമാണ് ഇന്നും മനസ്സിൽ. കാസർഗോട്ടെ ഒരുൾഗ്രാമത്തിൽ നിന്നുതിർന്ന അടക്കിപ്പിടിച്ച തേങ്ങൽ ഞാനടക്കമുള്ള ആയിരക്കണക്കിന് മനുഷ്യരുടെ ആർത്തനാദമായി മാറിയിട്ട് ആറുകൊല്ലക്കാലമായിരിക്കുന്നു. കല്യോട്ടെ ഭഗവതിയുടെ പെരുങ്കളിയാട്ടം മനസ്സിൽക്കണ്ടുറങ്ങിയ ചെറുപ്പക്കാരുടെ ചോരയ്ക്കും ചിതറിപ്പോയ മാംസക്കഷ്ണങ്ങൾക്കും ഒന്നിനെയും മറവിയിലേക്ക് തള്ളിവിടാനുള്ള ശേഷിയല്ല, മറിച്ച് ഓർമ്മകളിൽ തളംകെട്ടി നിർത്താനുള്ള കരുത്താണുള്ളത്.
മലർന്നുകിടന്നാൽ ആകാശം കാണുന്ന വീടുണ്ടായിരുന്നു അതിലൊരു ചെറുപ്പക്കാരന്. ക്ഷേത്രത്തിലെ അന്നദാനത്തിൽ ബാക്കിവന്ന പായസത്തിൽ കുറച്ച് കവറിലാക്കി, ബൈക്കിൽ വീടിനടുത്തെത്തി കുഞ്ഞനിയത്തിയെ ഏൽപ്പിച്ച് മടങ്ങിപ്പോയ ചെറുപ്പക്കാരനെ ആ വീടും അനിയത്തിയും പിന്നീട് ജീവനോടെ കണ്ടിട്ടില്ല. കൂട്ടുകാരന്റെ വിവാഹമടുത്തതുകൊണ്ട് ഒരുമിച്ചിടാൻ മഞ്ഞ കുർത്ത വാങ്ങി കടക്കാരന് പണം കൊടുക്കാൻ അത് പരസ്പരം പിരിച്ചുണ്ടാക്കിയ നാട്ടിൻപുറത്തിന്റെ നന്മയുള്ള കുട്ടികളായിരുന്നു അന്ന് രാത്രിയിൽ എന്തിനെന്ന് പോലുമറിയാതെ ചോര വാർന്ന് വീണത്. ഒരിക്കൽ മക്കളുടെ കൈപിടിച്ച് ആശിച്ചതുപോലെ നടക്കാൻ സ്വപ്നം കണ്ട അച്ഛനമ്മമാരുടെ ഓർമ്മകളിൽ ഇപ്പോഴുമുണ്ടാവും കണ്ണ് തുറന്ന് നോക്കാൻ പോലും കഴിയാത്ത ആ കാഴ്ച. ആറുകൊല്ലം മുൻപ് ഒരു വെറിപിടിച്ച കൊലയാളിക്കൂട്ടം ഞങ്ങൾക്ക് നഷ്ടപ്പെടുത്തിയത്, നാടിന്റെ ഹൃദയമിടിപ്പുകളായ, വീടിന്റെ ഹൃദയങ്ങളായ രണ്ട് ചെറുപ്പക്കാരെയായിരുന്നു.
ഞങ്ങളുടെ ശരത് ലാലിനും കൃപേഷിനും സാമാന്യ നീതിയെന്നൊന്ന് മാത്രമാണ് ലഭിച്ചത്. തങ്ങളുടെ അറിവോടും അനുഗ്രഹത്തോടും കൂടി സിപിഎം നേതൃത്വം നടപ്പിലാക്കിയ അരുംകൊലയ്ക്ക് ഇനിയുമുണ്ട് ശിക്ഷ നടപ്പിലാകാൻ. നിയമപരമായി അതിന് വേണ്ടി ഏതറ്റം വരെയും ഞങ്ങൾ പോകുമെന്നതിന് ഒരു സംശയവും വേണ്ട. ഖജനാവിൽ നിന്ന് ഒന്നരക്കോടി മുടക്കി എത്ര വലിയ നിയമപോരാട്ടം കൊലപാതകികൾക്ക് വേണ്ടി നടത്തിയിട്ടും, കോടതിയിൽ അവ ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞതാണ്. ഇനിയുമെത്ര പണം മുടക്കിയാലും അതൊക്കെയും സത്യത്തെ മറയ്ക്കുന്ന പാഴ്മുറങ്ങളായി ചിതലരിച്ചുതീരും. മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമനില്‍ മാത്രം ഒതുങ്ങുന്നതല്ല സിപിഎം നേതൃത്വത്തിന്റെ പങ്ക്. തുടര്‍ന്നുള്ള നിയമ പോരാട്ടത്തില്‍ എണ്ണിയെണ്ണി അവ കോടതിയെ ബോധ്യപ്പെടുത്തും.
ചിതറിത്തെറിച്ചത്, ഞങ്ങൾ ഓരോ കോൺഗ്രസുകാരന്റെയും ചോരയാണ്. വലിപ്പച്ചെറുപ്പവും തലമുറഭേദവുമില്ലാതെ ഞങ്ങളുടെ ഇടനെഞ്ചിലാണ് ആ മുറിവുകളോരോന്നും. മരിച്ചാലും മരിക്കാത്ത ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.












Click it and Unblock the Notifications