പാചകവാതക ക്ഷാമം; തമിഴ്നാട്ടിലും പ്രതിസന്ധി രൂക്ഷം.. മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ പാചകം മുടങ്ങി
തമിഴ്നാട്ടിലും പാചക വാതക പ്രതിസന്ധി രൂക്ഷം. വാണിജ്യ എൽപിജി സിലിണ്ടറുകളുടെ ക്ഷാമം കടുത്തതോടെ ചെന്നൈയിലെ ഹോസ്റ്റലുകൾ, കോളേജ് മെസുകൾ, ഓഫീസ് കാന്റീനുകൾ എന്നിവിടങ്ങളിലെ പ്രവർത്തനം തടസപ്പെട്ടു.
നിലവിൽ മിക്ക മെഡിക്കൽ കോളേജുകളിലും അഞ്ച് ദിവസത്തേക്ക് മാത്രമുള്ള എൽപിജി സ്റ്റോക്കാണ് അവശേഷിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. ക്ഷാമം കടുത്തതോടെ കഴിഞ്ഞ ദിവസം ചെന്നൈയ്‌ക്കടുത്തുള്ള സ്വകാര്യ മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥികളോട് അധികൃതർ ഹോസ്റ്റൽ ഒഴിയാൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ ആർ. സുഗന്ധി രാജകുമാരി വിഷയത്തിൽ ഇടപെടുകയും ഇന്ധനം കുറച്ച് ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഭക്ഷണങ്ങൾ മെനുവിൽ ഉൾപ്പെടുത്താനും ആവശ്യപ്പെട്ടു സർക്കാർ ഹോസ്റ്റലുകളിൽ ഇന്ധനം കുറഞ്ഞ ഭക്ഷണം ഉൾപ്പെടുത്താൻ നിർദ്ദേശം നൽകി.

ചീഫ് സെക്രട്ടറി എൻ. മുരുകാനന്ദം അധ്യക്ഷനായ യോഗത്തിൽ, ഡയറ്റീഷ്യൻമാരുമായി ആലോചിച്ച് അവൽ, പലതരം ചോറ്, ബ്രെഡ്, പഴങ്ങൾ എന്നിവ മെനുവിൽ ചേർക്കാൻ ഡീൻമാർക്ക് നിർദ്ദേശം നൽകി. വിറക് ഉപയോഗിച്ചുള്ള പാചകം പ്രോത്സാഹിപ്പിക്കാനും ചെറിയ ഹോസ്റ്റലുകളിൽ ഇലക്ട്രിക് കുക്കറുകൾ ഉപയോഗിക്കാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം മുടങ്ങരുതെന്ന് ഡോ. സുഗന്ധി ഡീൻമാർക്ക് പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ പരീക്ഷകൾ നടക്കുന്നതിനാൽ ഹോസ്റ്റലുകൾ അടയ്ക്കുന്നത് പ്രായോഗികമല്ല. അതിനാലാണ് ഭക്ഷണ ക്രമീകരണങ്ങളിൽ മാറ്റം വരുത്താനുള്ള നിർദേശം.
ഐടി രംഗത്തേയും പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. എച്ച്സിഎൽ ടെക് തങ്ങളുടെ ചെന്നൈയിലെ ജീവനക്കാരോട് വെള്ളിയാഴ്ച വർക്ക് ഫ്രം ഹോം എടുക്കാൻ ആവശ്യ്പെട്ടു.കാന്റീൻ പ്രശ്നങ്ങൾ കാരണം ഇൻഫോസിസ് ജീവനക്കാരോട് വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടുവരാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
സിലിണ്ടറുകൾ കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിച്ചു;രണ്ട് പേർ അറസ്റ്റിൽ
മധുരയിൽ 398 എൽപിജി സിലിണ്ടറുകൾ പൂഴ്ത്തിവെച്ച് കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തു. പളനി , മദൻ കുമാർ എന്നിവരാണ് അറസ്റ്റിലായത്. ഗുണ്ടാ നിയമപ്രകാരമാണ് നടപടി. സിലിണ്ടർ പൂഴ്ത്തിവെപ്പുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിൽ ഇതാദ്യമായാണ് കർശന നടപടി എടുക്കുന്നതെന്ന് വെള്ളിയാഴ്ച പോലീസ് വ്യക്തമാക്കി.
സബ്‌സിഡിയുള്ള ഗാർഹിക ഗ്യാസ് സിലിണ്ടറുകൾ വാണിജ്യ ആവശ്യങ്ങൾക്ക് അനധികൃതമായി വഴിതിരിച്ചുവിടുന്നു എന്ന രഹസ്യ വിവരത്തെ തുടർന്ന് സിവിൽ സപ്ലൈസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റാണ് പരിശോധന നടത്തിയത്. ഇതിൽ കോവിൽപപ്പക്കുടി പ്രദേശത്ത് നടത്തിയ റെയ്ഡിൽ പളനിയുടെ വീടിന് സമീപത്ത് നിന്ന് 100 സബ്‌സിഡിയുള്ള ഗാർഹിക സിലിണ്ടറുകളും 109 വാണിജ്യ സിലിണ്ടറുകളും പിടിച്ചെടുത്തു. മദൻ കുമാറിൻ്റെ നിന്നാണ് 63 ഗാർഹിക സിലിണ്ടറുകളും 126 വാണിജ്യ സിലിണ്ടറുകളും ഉൾപ്പെടെ 189 സിലിണ്ടറുകൾ ഉദ്യോഗസ്ഥർ കണ്ടെത്തിയത്.അവശ്യസാധനങ്ങൾ അനധികൃതമായി പൂഴ്ത്തിവെക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് സിഎസ്-സിഐഡി മധുര സോൺ ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതിനിടെ തമിഴ്‌നാട്ടിൽ കുറഞ്ഞത് മൂന്നാഴ്ചത്തേക്ക് പെട്രോളും ഡീസലും സ്റ്റോക്കുണ്ടെന്ന് തമിഴ്‌നാട് പെട്രോളിയം ഡീലർമാരുടെ അസോസിയേഷൻ പ്രസിഡൻ്റ് കെ പി മുരളി വ്യക്തമാക്കി. സംസ്ഥാനത്തെ 14 ടെർമിനലുകളിൽ 7,000-ത്തിലധികം റീട്ടെയിൽ ഔട്ട്‌ലെറ്റുകൾക്ക് വേണ്ടത്ര ഇന്ധനം എത്തിക്കാനുള്ള സ്റ്റോക്കുണ്ടെന്നും അസോസിയേഷൻ അറിയിച്ചു. "പൊതുജനങ്ങൾ ക്ഷാമത്തെക്കുറിച്ച് ഭയക്കേണ്ടതില്ല. എല്ലാ ഡീലർമാർക്കും ആവശ്യത്തിന് സ്റ്റോക്കുണ്ട്, എണ്ണക്കമ്പനികളിൽ നിന്ന് തുടർച്ചയായി വിതരണം ലഭിക്കുന്നുമുണ്ട്. പരിഭ്രാന്തരായി സാധനങ്ങൾ വാങ്ങുന്നത് ആർക്കും പ്രയോജനമില്ലാത്ത കൃത്രിമ ക്ഷാമം മാത്രമേ സൃഷ്ടിക്കൂവെന്നും മുരളി പറഞ്ഞു..












Click it and Unblock the Notifications