കേരളത്തിന് തിരിച്ചടി; സഹകരണ ബാങ്കുകള്‍ക്ക് അസാധുവാക്കിയ നോട്ടുകള്‍ സ്വീകരിക്കാനാവില്ല
തിരുവനന്തപുരം: സഹകരണ ബാങ്കുകള്‍ക്ക് അസാധുവാക്കിയ കറന്‍സികള്‍ സ്വീകരിക്കുന്നതിനോടൊപ്പം പുതിയ നോട്ടുകള്‍ നല്‍കാനും അനുവാദം നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടിരിക്കെ ബാങ്കുകള്‍ക്ക് ഇപ്പോള്‍ അനുവദിച്ച ഇളവും റിസര്‍വ് ബാങ്ക് പിന്‍വലിച്ചു. അസാധുവായ നോട്ടുകള്‍ നിക്ഷേപമായി സ്വീകരിക്കാന്‍ സഹകരണബാങ്കുകളെ അനുവദിച്ച തീരുമാനമാണ് പിന്‍വലിച്ചത്.
മൂന്നു ദിവസം സഹകരണ ബാങ്കുകള്‍ അസാധുവാക്കപ്പെട്ട നോട്ടുകള്‍ നിക്ഷേപമായി സ്വീകരിച്ചിരുന്നു. ഇതോടെ ചൊവ്വാഴ്ചമുതല്‍ സഹകരണ ബാങ്കുകള്‍ക്ക് നിക്ഷേപം സ്വീകരിക്കാന്‍ കഴിയുകയില്ല. അതേസമയം ഇപ്പോഴുള്ള സഹകരണബാങ്കുകളിലെ നിക്ഷേപത്തില്‍ നിന്നും പണം പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം റിസര്‍വ് ബാങ്ക് അംഗീകരിച്ചിട്ടുണ്ട്.

ഇത് പ്രകാരം ഈ മാസം 24 വരെ 24,000 രൂപ വച്ച് സഹകരണബാങ്കുകളില്‍ നിന്ന് പിന്‍വലിക്കാം. കള്ളനോട്ടുകളും കള്ളപ്പണവും സഹകരണ ബാങ്കുകളിലെത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അസാധുവായ നോട്ടുകള്‍ സ്വീകരിക്കുന്നതില്‍ നിന്ന് സഹകരണബാങ്കുകളെ ആര്‍ബിഐ വിലക്കിയത്.
ആര്‍ബിഐയുടെ ഇപ്പോഴത്തെ തീരുമാനം ഗ്രാമീണ മേഖലയിലെ ജനങ്ങളെയാണ് കൂടുതല്‍ ബാധിക്കുക. ജനങ്ങള്‍ക്ക് അസാധുവാക്കിയ നോട്ടുകള്‍ മാറാന്‍ പ്രധാന ബാങ്കുകളെ ആശ്രയിക്കേണ്ടിവരും. അതേസമയം, സഹകരണ ബാങ്കുകള്‍ക്ക് നോട്ട് മാറ്റി നല്‍കാന്‍ അനുമതി വേണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനു വീണ്ടും കത്തയയ്ക്കുമെന്ന് മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു.












Click it and Unblock the Notifications