ബലിപെരുന്നാളിന് ഈദ്ഗാഹുകളില്‍ നമസ്‌കാരമില്ല; കര്‍ശന നിയന്ത്രണം
തിരുവനന്തപുരം: കൊറോണ രോഗം വ്യാപിക്കുന്നതിനാല്‍ ബലി പെരുന്നാളിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുസ്ലിം പണ്ഡിതമാന്‍മാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി. ഈദ്ഗാഹുകളില്‍ ഇത്തവണ നമസ്‌കാരമുണ്ടാകില്ല. പള്ളികളില്‍ സാമൂഹിക അകലം പാലിച്ചും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം അനുസരിച്ചും പ്രാര്‍ഥന നടത്തും. ചെറിയ പെരുന്നാളിന് പള്ളികളിലും ഈദ്ഗാഹുകൡും നമസ്‌കാരമുണ്ടായിരുന്നില്ല. വീടുകളില്‍ വച്ച് പ്രാര്‍ഥന നിര്‍വഹിക്കാന്‍ അന്ന് പണ്ഡിതന്മാരും സര്‍ക്കാരും അഭ്യര്‍ഥിച്ചിരുന്നു.

സര്‍ക്കാര്‍ നടത്തുന്ന എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങളെയും പിന്തുണയ്ക്കുമെന്ന് മുസ്ലിം നേതാക്കള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ബലി പെരുന്നാള്‍ ചടങ്ങുകള്‍ പ്രോട്ടോകോള്‍ പാലിച്ച് മാത്രമേ നടത്തൂ. ആഘോഷങ്ങള്‍ ചുരുക്കും. പള്ളികളില്‍ പരമാവധി 100 പേരെയാണ് അനുവദിക്കുക. ബലി കര്‍മവുമായി ഇടപെടുന്നവര്‍ക്ക് കൊറോണ പരിശോധന നടത്തും. ടൗണുകളിലെ പള്ളികളില്‍ അപരിചിതര്‍ എത്തുന്നത് ഒഴിവാക്കും. നേരത്തെ തുറക്കാതിരുന്ന പള്ളികളില്‍ അതേ നില തുടരുമെന്നാണ് നേതാക്കള്‍ അറിയിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജുമുഅ നമസ്‌കാരത്തിന് പള്ളികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം, ചില പ്രദേശങ്ങളില്‍ രോഗ വ്യാപന ഭീതി നിലനില്‍ക്കുന്നതിനാല്‍ പ്രാദേശികമായി നിയന്ത്രണമുണ്ട്. സമുദായത്തിലുള്ളവര്‍ തന്നെ തീരുമാനിച്ചതാണ്. അത് സ്വാഗതാര്‍ഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ ബലി പെരുന്നാള്‍ ജൂലൈ 31ന് വെള്ളിയാഴ്ച ആണ്. സൗദി അറേബ്യയിലും ഈ മാസം 31നാണ് ബലി പെരുന്നാള്‍.
സംസ്ഥാനത്ത് ഇന്നും ആയിരത്തിലധികം പേര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചു. തുടര്‍ച്ചയായി മൂന്നാമത്തെ ദിവസമാണ് ആയിരത്തിലധികം രോഗികളെ കണ്ടെത്തുന്നത്. ഇതുവരെ 16000ത്തിലധികം പേര്‍ക്ക് രോഗം ബാധിച്ചുവെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇന്ന് രോഗം ബാധിച്ചവരില്‍ 798 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്. വിദേശത്ത് നിന്നെത്തിയ 104 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 115 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് മാത്രം അഞ്ച് പേരാണ് സംസ്ഥാനത്ത് മരിച്ചത്. അതീവ ആശങ്കയുള്ള സമയമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്കഡൗണ്‍ സംബന്ധിച്ച് തീരുമാനം ആയിട്ടില്ല. എങ്കിലും എല്ലാവരും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ഉണര്‍ത്തി.












Click it and Unblock the Notifications