കേരളത്തില്‍ ലോക്ക് ഡൗണ്‍: സംസ്ഥാനത്തെ 7 ജില്ലകള്‍ അടച്ചിടും, ശക്തമായ നടപടിയുമായി കേന്ദ്രം
ദില്ലി: സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച 7 ജില്ലകൾ അടച്ചിടും. തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കോട്ടയം, കണ്ണൂർ, കാസർകോട്, മലപ്പുറം ജില്ലകളാണ് അടച്ചിടുക. കേന്ദ്ര സര്‍ക്കാറാണ് ഇത്തരമൊരു തീരുമാനം സ്വീകരിച്ചത്. രാജ്യത്തുടനീളമുള്ള 75 ജില്ലകളിലാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യ സര്‍വ്വീസുകള്‍ മാത്രമായാരിക്കും ഈ ജില്ലകളില്‍ ലഭ്യമാവുക.
അവശ്യ സാധനങ്ങളുടെ പട്ടിക ഏതൊക്കെയാണ് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് തീരുമാനിക്കാം. ക്യാമ്പിനറ്റ് സെക്രട്ടറിയും പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് ജില്ലകള്‍ അടച്ചിടാനുള്ള നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വെച്ചത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്
കോവിഡ് 19 ബാധ സ്ഥിരീകരിച്ചതോ വൈറസ് ബാധയുമായി ബന്ധപ്പെട്ട അത്യാഹിതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോ ആയ ജില്ലകളിലാണ് ഇത്തരത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച സംസ്ഥാന സര്‍ക്കാറിന്‍റെ ഉത്തരവ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. കേന്ദ്ര സര്‍ക്കാറുമായി ഇത് സംബന്ധിച്ച് ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് സംസ്ഥാന സര്‍ക്കാറുമായി ബന്ധപ്പെട്ട വ്യത്തങ്ങള്‍ അറിയിക്കുന്നത്.

യോഗത്തിന് ശേഷം
ജനങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുന്നതിന് തടസ്സമുണ്ടാകില്ലെന്നുമാണ് റവന്യൂ മന്ത്രി ഇ . ചന്ദ്രശേഖരന്‍ പറഞ്ഞത്. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തിന് ശേഷം തീരുമാനിക്കുമെന്ന് മന്ത്രി കെകെ ശൈലജയും അറിയിച്ചു.

അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍
മാര്‍ച്ച് 31 വരെ അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ നിര്‍ത്തലാക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരൂമാനിച്ചിട്ടുണ്ട്. അവശ്യസർവീസുകളല്ലാതെയുള്ള അന്തർ സംസ്ഥാന യാത്രാ ബസുകളെല്ലാം മാർച്ച് 31 വരെ നിർത്തിവയ്ക്കാനാണ് ഉന്നതതല യോഗത്തില്‍ തീരുമാനിച്ചത്. 75 ജില്ലകളിലും അവശ്യ സര്‍വീസുകള്‍ മാത്രം മതിയെന്ന കര്‍ശന നിര്‍ദ്ദേശമാണ് ബന്ധപ്പെട്ട സര്‍ക്കാറുകള്‍ക്ക് കേന്ദ്രം നല്‍കിയിരിക്കുന്നത്.

സംസ്ഥാനങ്ങള്‍ക്ക് അധികാരം
സാഹചര്യങ്ങള്‍ വിലയിരുത്തി ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാറുകള്‍ മറ്റ് ജില്ലകളില്‍ കൂടി ഈ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടാവും. കൊറോണ വൈറസിന്‍റെ വ്യാപനം തടയുന്നതിനായി മാര്‍ച്ച് 31 വരെയുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തി. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യം കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങളിലേക്ക് പോവുന്നതിന്‍റെ സൂചനയാണ് പുറത്തുവരുന്നത്.












Click it and Unblock the Notifications