രണ്ടാമത്തെ കൊറോണ സാധ്യത മാത്രമെന്ന് മന്ത്രി; രോഗി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാമത്തെ കൊറോണ വൈറസ് ബാധ എന്നത് സാധ്യത മാത്രമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. രോഗിയുടെ പരിശോധന ഫലം ലഭിച്ചിട്ടില്ല. രോഗം സംശയിക്കുന്നയാള്‍ ഇപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ സൂക്ഷ്മ നിരീക്ഷത്തണത്തിലാണ്. അന്തിമ ഫലത്തിനായി കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഇന്ന് രാവിലെയോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം കേരളത്തില്‍ രണ്ടാമത്തെ കൊറോണ വൈറസ് സ്ഥിരീകരിച്ചെന്ന് അറിയിച്ചത്. ചൈനയില്‍ നിന്നും മടങ്ങിയെത്തിയ ആള്‍ക്കാണ് രോഗബാധയുണ്ടെന്ന് സംശയിക്കുന്നത്. പൂന വൈറോളജി ലാബില്‍ നിന്നുള്ള ഫലം വൈകുകയാണെന്നും വൈകീട്ടോടെ റിപ്പോര്‍ട്ട് ലഭിച്ചേക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.

തൃശ്ശൂരില്‍ സ്വീകരിച്ച നടപടികള്‍ എല്ലാം തന്നെ ആലപ്പുഴയിലും സ്വീകരിക്കും. നിതാന്ത ജാഗ്രത ആവശ്യമാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. കൃത്യമായ പരിശോധന നടത്തുന്നുണ്ട്. ജനങ്ങള്‍ മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
അതേസമയം രോഗം ആദ്യം കണ്ടെത്തിയ മലയാളി വിദ്യാര്‍ത്ഥിനി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. രോഗിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടി ഭക്ഷണം കഴിക്കാനും എഴുന്നേറ്റ് നടക്കാനും സംസാരിക്കാനും തുടങ്ങിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ രണ്ടാമത്തെ സാമ്പിള്‍ പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിന്‍റെ ഫലം ലഭിച്ച ശേഷമായിരിക്കും കൂടുതല്‍ നടപടികളിലേക്ക് കടക്കുക.












Click it and Unblock the Notifications