കയ്യും കാലും തലയും ഇല്ല..! കോഴിക്കോട് റോഡരികില്‍ നായ്ക്കള്‍ കടിച്ച് കീറി മൃതദേഹം..!
കോഴിക്കോട്: മുക്കം കാരശ്ശേരി പഞ്ചായത്തിലെ ഗെയ്റ്റുംപടി തൊണ്ടിമ്മല്‍ റോഡില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. തലയും കയ്യും കാലും വെട്ടിമാറ്റിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ചാക്കില്‍ കെട്ടിയ നിലയില്‍ ആയിരുന്ന മൃതദേഹം തെരുവ് നായ്ക്കള്‍ കടിച്ച് കീറി പുറത്തിട്ടപ്പോഴാണ് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. രണ്ടാഴ്ച മുന്‍പാണ് രണ്ട് ചാക്കുകള്‍ റോഡരികില്‍ അജ്ഞാതര്‍ ഉപേക്ഷിച്ചത്. ചാക്കുകളിലൊന്നില്‍ അറവ്ശാലയില്‍ നിന്നുള്ള മാലിന്യങ്ങള്‍ ആയിരുന്നു. കശാപ്പ് ശാലകളില്‍ നിന്നും കോഴിക്കടകളില്‍ നിന്നും സ്ഥിരമായി മാലിന്യങ്ങള്‍ കൊണ്ടുതള്ളുന്ന ഇടമാണിത്.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പുരുഷന്റേത് ആണെന്ന് വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ചാലിയം തീരത്ത് മനുഷ്യന്റെ കൈകള്‍ കണ്ടെത്തിയ സംഭവവുമായി ഇതിന് ബന്ധമുണ്ടോ എന്ന കാര്യം വ്യക്തമല്ല. ഈ കൈകള്‍ പുരുഷന്റേതാണോ സ്ത്രീയുടേതാണോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല.

രണ്ട് സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്ന് പരിശോധിക്കാന്‍ ഫോറന്‍സിക് വിഭാഗത്തെ ചുമതലപ്പെടുത്തുമെന്ന് താമരശ്ശേരി ഡിവൈഎസ്പി അഷറഫ് വ്യക്തമാക്കി. കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും ഡിവൈഎസ്പി പറഞ്ഞു. ഡോഗ് സ്‌ക്വാഡ് അടക്കമുള്ളവ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. കൊടുവള്ളി സിഐ ബിശ്വാസ്, ബേപ്പൂര്‍ സിഐ രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. കോഴിക്കോട് നിന്നോ സമീപ ജില്ലകളില്‍ നിന്നോ തൊട്ടടുത്ത ദിവസങ്ങളില്‍ കാണാതായവരുടെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.












Click it and Unblock the Notifications