വികസന പദ്ധതികളേക്കാൾ കേരളത്തിൽ മുഴങ്ങി കേൾക്കുന്നത് അഴിമതി കേസുകൾ; ബിജെപി
തിരുവനന്തപുരം; കേരളത്തെപ്പോലെ സർവ്വ വിഭവങ്ങളും സ്വന്തമായി ഉണ്ടായിരുന്ന ഒരു സംസ്ഥാനത്തെ വികസനത്തിന്റെ സർവ്വമേഖലകളിലും പിന്നോട്ടടിപ്പിച്ചതിന്റെ ഉത്തരവാദിത്തം അറുപത് വർഷത്തിലധികം കേരളം ഭരിച്ച ഇരു മുന്നികൾക്കും ഒരുപോലെ അവകാശപ്പെട്ടതാണെന്ന് ബിജെപി. കേരളത്തിൽ എന്നും വികസന പദ്ധതികളേക്കാൾ ജനമനസ്സുകളിൽ മുഴങ്ങി നിൽക്കുന്നത് അഴിമതിക്കേസുകളുടെ പേരുകളാണ്. സംസ്ഥാനത്തെ ആദ്യ മന്ത്രിസഭയിലെ അംഗം മുതല്‍ ഇപ്പോഴത്തെ മന്ത്രിസഭയിലെ അംഗങ്ങള്‍ വരെ നീണ്ടു കിടക്കുന്ന അഴിമതിയാരോപണങ്ങളും അന്വേഷണങ്ങളും കേരള രാഷ്ട്രീയത്തിന് തീരാത്ത കളങ്കം ചാർത്തി നിൽക്കുന്നുവെന്ന് ബിജെപി പ്രസ്താവനയിൽ ആരോപിച്ചു.

സംസ്ഥാനത്തിന്റെ ചരിത്രത്തിൽ വിവിധങ്ങളായ അഴിമതിക്കേസുകളിലായി ഒരു ഡസനോളം മന്ത്രിമാര്‍ രാജിവെച്ചിട്ടുണ്ടെങ്കിലും അവയിൽ കേവലം ഒരു മന്ത്രി മാത്രമാണ് ഇതുവരെ അഴിമതിക്കേസിൽ ശിക്ഷയേറ്റു വാങ്ങിയിട്ടുള്ളത്.അഴിമതിയുടെ നൈരന്തര്യവും അവയ്ക്കിടയിലെ ഒത്തുതീർപ്പ് രാഷ്ട്രീയവും എൽഡിഎഫും യുഡിഎഫും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് ബോധ്യപ്പെടാൻ പര്യാപ്തമായ തെളിവാണ്. കേരള രാഷ്ട്രീയത്തിലെ ആദ്യത്തെ പ്രധാനപ്പെട്ട അഴിമതി ആരോപണം 1958 ൽ നടന്ന ആന്ധ്ര അരി കുംഭകോണമായിരുന്നു. ടെണ്ടറില്ലാതെ അരി വാങ്ങിയതില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നുവെന്നായിരുന്നു ആരോപണം. തുടര്‍ന്നിങ്ങോട്ട് ചെറുതും വലുതുമായ നിരവധി അഴിമതി ആരോപണങ്ങള്‍ ഉണ്ടായി.
രണ്ടാം ഇഎംഎസ് മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന പി.കെ കുഞ്ഞ് അഴിമതി ആരോപണത്തെ തുടര്‍ന്ന് ആദ്യമായി രാജിവെച്ച മന്ത്രിയാണ്. മന്ത്രിസഭയിലെ ഒട്ടുമിക്ക മന്ത്രിമാര്‍ക്കെതിരേയും ആരോപണങ്ങൾ ഉയര്‍ന്നതോടെ ആ മന്ത്രിസഭ ഒന്നാകെ രാജിവെച്ചു പുറത്തുപോയി. പിന്നീട് അഴിമതി ആരോപണങ്ങളെ തുടർന്ന് നിരവധി മന്ത്രിമാർ രാജിവെച്ചിട്ടുണ്ടെങ്കിലും ഇടമലയാര്‍ കേസിലും ഗ്രാഫൈറ്റ് കേസിലും ആരോപണവിധേയനായ ആർ. ബാലകൃഷ്ണപിള്ള മാത്രമാണ് അക്കൂട്ടത്തിൽ ശിക്ഷിക്കപ്പെട്ടത്.
പാമോലിനും ലാവ്ലിനും ഉൾപ്പെടെ കുപ്രസിദ്ധമായ ഒട്ടേറെ അഴിമതി ആരോപണങ്ങൾ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ഭരണകാലങ്ങളിൽ ഉണ്ടായി. ഇരുവരും അഴിമതിക്കാര്യത്തിൽ പരസ്പരം മത്സരിച്ചു. ടൈറ്റാനിയം അഴിമതി, പ്ലസ് ടു അഴിമതി, ചാരക്കേസ്, സ്പിരിറ്റ് കുംഭകോണം, ബാര്‍കോഴ, സോളാര്‍ തട്ടിപ്പ്, കരുണ എസ്റ്റേറ്റ്, കളമശേരി ഭൂമി തട്ടിപ്പ്, പാറ്റൂർ ഭൂമി ദാന അഴിമതി, കൺസ്യൂമർഫെഡ് അഴിമതി, മെത്രാൻ കായൽ ഭൂമി കയ്യേറ്റം എന്നിവയൊക്കെ ഇരുമുന്നണികളും ചേർന്ന് കേരളത്തിന് നൽകിയ ഭരണപരമായ സംഭാവനകളിൽ ചിലത് മാത്രമാണ്. ഇപ്പോഴത്തെ എൽഡിഎഫ് സർക്കാരാവട്ടെ ചരിത്രത്തെ നാണിപ്പിക്കുന്ന വിധത്തിൽ സ്വർണ്ണക്കടത്തും സ്പ്രിംഗ്ളറും, ലൈഫ് മിഷനും മുതൽ ഓണക്കിറ്റ് വരെയുള്ള വ്യത്യസ്തമായ അനേകം അഴിമതി ആരോപണങ്ങളിൽ മുങ്ങിക്കുളിച്ച് നിൽക്കുന്നു.
മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളാണ് ഏറ്റവും ഒടുവിൽ പിണറായി സർക്കാരിനെതിരെ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. അഴിമതിയുടെ വിഷയത്തിൽ യുഡിഎഫും എൽഡിഎഫും തമ്മിൽ യാതൊരു വ്യത്യാസവുമില്ല എന്ന് മേൽ സൂചിപ്പിച്ച സംഭവങ്ങളിൽ നിന്ന് വ്യക്തമാണ്. യുഡിഎഫ് ഭരണകാലത്ത് സോളാര്‍ സരിതയായിരുന്നെങ്കില്‍ എല്‍ഡിഎഫ് കാലത്ത് കോണ്‍സുലേറ്റ് സ്വപ്‌നയാണ് എന്ന വ്യത്യാസം മാത്രമേ ഇരുകൂട്ടരും തമ്മിലുള്ളൂ.
മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ അഴിമതിക്ക് കൂട്ടു നിന്നതായുള്ള വിവരം പുറത്തുവരികയും അന്വേഷണ ഏജന്‍സികള്‍ അതുകണ്ടെത്തുകയും ചെയ്തത് രാജ്യത്തിന്റെ തന്നെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. ഭരണപക്ഷമായ എൽഡിഎഫിനെതിരെ രൂക്ഷമായ അഴിമതി ആരോപണങ്ങൾ വരുമ്പോൾ തന്നെയാണ് പ്രതിപക്ഷത്തുള്ള യുഡിഎഫ് നേതാക്കൾക്കെതിരെയും അഴിമതി ആരോപണങ്ങൾ പുറത്തു വന്നത്. പൊതുമരാമത്ത് മന്ത്രിയായിരുന്ന വി.കെ ഇബ്രാഹിം കുഞ്ഞിന്റെയും, മഞ്ചേശ്വരം എം.എൽ.എ എം.സി കമറുദ്ദീന്റെയും മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജിയുടെയും പേരിലുള്ള കേസുകൾ യുഡിഎഫിനെ അക്ഷരാർത്ഥത്തിൽ തന്നെ പ്രതിസന്ധിയിലാക്കിയെന്നും ബിജെപി പ്രസ്താവനയിൽ പറഞ്ഞു.
വീൽചെയറിൽ പ്രചാരണത്തിനെത്തി മമത ബാനർജി- ചിത്രങ്ങൾ
ഹോട്ട് ലുക്കിൽ മലയാളികളുടെ പ്രിയനായിക ലക്ഷ്മി റായ്, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications