രാജ്യത്തെ ആദ്യ മങ്കി പോക്സ് രോഗിക്ക് രോഗമുക്തി; ഇന്ന് ഡിസ്ചാർജ് ചെയ്യും
തിരുവനന്തപുരം:രാജ്യത്ത് ആദ്യമായി മങ്കിപോക്സ് രോഗം സ്ഥിരീകരിച്ച കൊല്ലം സ്വദേശിക്ക് രോഗമുക്തി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ 35 കാരന് രോഗം ഭേദമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആദ്യ കേസായതിനാൽ എൻഐവിയുടെ നിർദേശ പ്രകാരം 72 മണിക്കൂർ ഇടവിട്ട് രണ്ട് പ്രാവശ്യം പരിശോധനകൾ നടത്തി. എല്ലാ സാമ്പിളുകളും രണ്ട് പ്രാവശ്യം നെഗറ്റീവായതായും മന്ത്രി വ്യക്തമാക്കി.

രോഗി മാനസികമായും ശാരീരികമായും പൂർണ ആരോഗ്യവാനാണ്. ത്വക്കിലെ തടിപ്പുകൾ പൂർണമായി ഭേദമായിട്ടുണ്ട്. അദ്ദേഹത്തെ ഇന്ന് ഡിസ്ചാർജ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ 12നായിരുന്നു യുഎഇയിൽ നിന്നും വന്ന യുവാവിന് 14നാണ് മങ്കി പോക്സ് സ്ഥിരീകരിച്ചത്. രോഗം സംശയിച്ചപ്പോൾ തന്നെ മന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗങ്ങൾ ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നു. എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകി.
ഇദ്ദേഹവുമായി പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള കുടുംബാംഗങ്ങളുടെ ഫലവും നെഗറ്റീവ് ആണ്. നിലവിൽ മങ്കിപോക്സ് സ്ഥിരീകരിച്ച മറ്റ് രണ്ട് പേരുടെ ആരോഗ്യ നില തൃപ്തികരമായി തുടരുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുമെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ ഇതുവരെ നാല് പേര്‍ക്കാണ് മങ്കി പോക്സ് രോഗം സ്ഥിരീകരിച്ചിത്. ഇതിൽ തന്നെ ആദ്യ മൂന്ന് കേസുകളും കേരളത്തിലായിരുന്നു റിപ്പോർട്ട് ചെയ്തത്. വിദേശത്ത് നിന്നെത്തിയ കൊല്ലം, കണ്ണൂർ, മലപ്പുറം സ്വദേശികൾക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. അതേസമയം കേരളത്തിൽ റിപ്പോർട്ട് ചെയ്ത മങ്കിപോക്സ് വൈറസിന് തീവ്രവ്യാപന ശേഷിയില്ലെന്ന് ജനതിക ശ്രേണീകരണ ഫലത്തിൽ വ്യക്തമായിട്ടുണ്ട്.












Click it and Unblock the Notifications