കോട്ടയത്തെ ദമ്പതികളെ തേടി പോലീസ് കുളത്തിലിറങ്ങും!ത്രീഡി സ്കാനർ ഉപയോഗിച്ച് ജലാശയങ്ങൾ പരിശോധിക്കും...
ദമ്പതികൾ ആത്മഹത്യ ചെയ്തിട്ടുണ്ടാകാമെന്ന നിഗമനത്തെ തുടർന്നാണ് സമീപത്തെ ജലാശയങ്ങളിൽ പ്രത്യേക സ്കാനർ ഉപയോഗിച്ച് പരിശോധന നടത്താൻ പോലീസ് തീരുമാനിച്ചിരിക്കുന്നത്.
കോട്ടയം: രണ്ടു മാസം മുൻപ് കാണാതായ ദമ്പതികളെ തേടിയുള്ള അന്വേഷണം പുതിയ ദിശയിലേക്ക്. ദമ്പതികളെ കണ്ടെത്താനായി ജില്ലയിലെ പന്ത്രണ്ട് ജലാശയങ്ങളിൽ അത്യാധുനിക ത്രീഡി സ്കാനർ ഉപയോഗിച്ച് പരിശോധന നടത്താനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.
തിരുവനന്തപുരം സി ഡാക്കിന്റെ പ്രത്യേക സ്കാനർ വെള്ളത്തിനടിയിൽ സ്ഥാപിച്ചാണ് പരിശോധന. മറ്റു സാധാരണ സ്കാനറുകളെക്കാളും കൂടുതൽ തെളിമയോടെ കൂടുതൽ പ്രദേശത്തെ ദൃശ്യങ്ങൾ പതിയുമെന്നതാണ് സി ഡാക്ക് സ്കാനറുകളുടെ പ്രത്യേകത.

കാണാതായ ഇല്ലിക്കൽ അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെ കണ്ടെത്തുന്നതിനായാണ് പുതിയ രീതിയിലുള്ള അന്വേഷണം. വീട്ടിൽ നിന്നും ഭക്ഷണം വാങ്ങാനായി പോയ ദമ്പതികളെയാണ് ദുരൂഹ സാഹചര്യത്തിൽ രണ്ട് മാസം മുൻപ് കാണാതായത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ആറ്റിലുണ്ടെന്ന സംശയത്തെ തുടർന്ന് നേവിയുടെ സഹായത്തോടെ പരിശോധന നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല.
ദമ്പതികൾ ആത്മഹത്യ ചെയ്തിട്ടുണ്ടാകാമെന്ന നിഗമനത്തെ തുടർന്നാണ് സമീപത്തെ ജലാശയങ്ങളിൽ പ്രത്യേക സ്കാനർ ഉപയോഗിച്ച് പരിശോധന നടത്താൻ പോലീസ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി 12 ജലാശയങ്ങളെയാണ് പോലീസ് തിരഞ്ഞെടുത്തിരിക്കുന്നത്. സി ഡാക്കിന്റെ നേതൃത്വത്തിൽ അടുത്തയാഴ്ചയാണ് പരിശോധന നടക്കുക.












Click it and Unblock the Notifications