ആലപ്പുഴയില്‍ ചിട്ടിപ്പണം ചോദിച്ചെത്തിയ ദമ്പതികളെ പെട്രോളൊഴിച്ച് കത്തിച്ചു
ആലപ്പുഴ: ചിട്ടിപ്പണം ചോദിച്ചെത്തിയ ദമ്പതികളെ പെട്രോളൊഴിച്ച് കത്തിച്ചതായി റിപ്പോര്‍ട്ട്. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ ഇടുക്കി രാജാക്കാട് ചീരിത്തോട് കുമാരന്റെ മകന്‍ കെ.കെ.വേണുവും(57) ഭാര്യ സുമ (52)യും മരിച്ചു.
അതേസമയം ഇവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നും പോലീസിന് സൂചനയുണ്ട്. വിശദമായ അന്വേഷണത്തിനുശേഷമേ ഇക്കാര്യം വ്യക്തമാകൂയെന്ന് അമ്പലപ്പുഴ സി.ഐ. എം.വിശ്വംഭരന്‍ പറഞ്ഞു. സംഭവത്തില്‍ ബി ആന്‍ഡ് ബി ചിട്ടിക്കമ്പനി നടത്തിയിരുന്ന അമ്പലപ്പുഴ സ്വദേശി സുരേഷ് ഭക്തവത്സലനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ച രാത്രിയോടെയാണ് ദമ്പതികള്‍ സുരേഷിന്റെ വീട്ടിലെത്തിയത്. അമ്പലപ്പുഴ കച്ചേരിമുക്കില്‍ 2013ല്‍ സുരേഷ് ചിട്ടിക്കമ്പനി നടത്തിയിരുന്നു. ഈ കമ്പനി പിന്നീട് നഷ്ടത്തിലായി. ഇയാള്‍ക്കെതിരേ ഇടപാടുകാര്‍ നല്‍കിയ പരാതികളില്‍ 17 കേസുകളുണ്ട്. കൊല്ലം ക്രൈംബ്രാഞ്ച് ഈ കേസുകള്‍ അന്വേഷിച്ചുവരികയാണ്.
ശനിയാഴ്ച രാവിലെ ദമ്പതിമാര്‍ സ്വര്‍ണം വാങ്ങാന്‍ പണമാവശ്യപ്പെട്ട് സുരേഷിനെ ഫോണില്‍ വിളിച്ചിരുന്നതായാണ് സൂചന. രാത്രിയോടെ ഇവര്‍ സുരേഷിന്റെ വീട്ടിലെത്തുകയും ചെയ്തു. പിന്നീട് ഇവിടെ നടന്ന കാര്യത്തില്‍ പോലീസിന് വ്യക്തത ലഭിച്ചിട്ടില്ല. തങ്ങളെ പെട്രോളൊഴിച്ച് കത്തിച്ചതാണെന്ന ദമ്പതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേസ് അന്വേഷണം പുരോഗമിക്കുന്നത്.












Click it and Unblock the Notifications