കളഞ്ഞ് കിട്ടിയ പഴ്സ് ഫേസ്ബുക്കിലൂടെ ഉടമയ്ക്ക് നല്‍കി ദന്പതിമാര്‍ മാതൃകയായി
മല്ലപ്പള്ളി: എന്തിനും ഏതിനും ഫേസ് ബുക്കിനേയും മറ്റ് സോഷ്യല്‍ മീഡിയകളേയും കുറ്റം പറയുന്നവരുണ്ട്. എന്നാല്‍ ഇത്തരം മാധ്യമങ്ങളിലൂടെ ഒരുപാട് നല്ല കാര്യങ്ങള്‍ നമുക്ക് ചെയ്യാന്‍ കഴിയും എന്നതാണ് സത്യം. അത്തരത്തില്‍ ഉള്ള ഒരു വാര്‍ത്തയാണ്. കളഞ്ഞു കിട്ടിയ പഴ്‌സ് തിരിച്ച് ഉടമയ്ക്ക് നല്‍കാന്‍ ഫേസ്ബുക്ക് സഹായകമായതാണ് കഥ.
പാത്താമുട്ടം എന്‍ജിനീയറിംഗ് കൊളെജ് ജീവനക്കാരന്‍ പ്രശാന്തിന്റെ പഴ്‌സാണ് മുരണിയില്‍ ഒരു വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങവേ നഷ്ടമായത്. ബൈക്കില്‍ സഞ്ചരിയ്ക്കവേയാണ് പഴ്‌സ് നഷ്ടപ്പെട്ടത്. പഴ്‌സിനുള്ളില്‍ ഡ്രൈവിംഗ് ലൈസന്‍സും എടിഎം കാര്‍ഡും അയ്യായിരം രൂപയും ഉണ്ടായിരുന്നു.

തിരുമാലിട ക്ഷേത്ര റോഡില്‍ വീണു കിടന്ന പഴ്‌സ് അതുവഴി ബൈക്കില്‍ വരികയായിരുന്ന ആനിക്കാട് തേലമണ്ണില്‍ ഷാനില്‍ വര്‍ഗീസ്, ഭാര്യ ലിജി മോള്‍ എന്നിവര്‍ക്ക് ലഭിച്ചു. ലൈസന്‍സിലെ മേല്‍വിലാസം മനസിലാക്കിയ ഷാനില്‍ ടൗണിലെ ഒരു കഫേയിലെത്തി ഫേസ്ബുക്ക് പരിശോധിച്ച് പ്രശാന്തിന്റെ പ്രൊഫൈല്‍ കണ്ടെത്തി.
അതില്‍ ഉണ്ടായിരുന്ന ഫോണ്‍ നമ്പരില്‍ വിളിച്ച് പ്രശാന്തിനെ വിവരം അറിയിച്ചു. തുടര്‍ന്ന് കഫേയിലെത്തിയ പ്രശാന്ത് ഷാനിലില്‍ നിന്ന് പഴ്‌സ് ഏറ്റ് വാങ്ങി. ദമ്പതിമാര്‍ക്ക് നന്ദി അറിയിച്ച ശേഷം പ്രശാന്ത് മടങ്ങി.












Click it and Unblock the Notifications