എം ശിവശങ്കറും, സ്വപനയും കസ്റ്റംസ് കസ്റ്റഡിയില്‍: കസ്റ്റഡി കാലാവധി 5 ദിവസം
കൊച്ചി: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റംസ് കസ്റ്റടിയില്‍ വിട്ടു.ശിവശങ്കറിന് പുറമേ കേസില്‍ പ്രതികളായ സ്വപ്ന സുരേഷിനെയും, സരിത്തിനേയും കോടതി 5 ദിവസത്തേക്ക് കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. അഡീഷ്ണല്‍ ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് ഇവരെ കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടത്.
കള്ളക്കടത്തിന്റെ രീതികളെക്കുറിച്ചു ചോദ്യം ചെയ്യുന്നതിന് പത്ത് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ട് നല്‍കണെമെന്ന ആവശ്യമാണ് കസ്റ്റംസ് കോടതിയില്‍ ഉയര്‍ത്തിയത്. അന്വേഷണ സംഘത്തിന്റെ ആരോപണത്തിലെ ഗൗരവം പരിഗണിച്ച് 5 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടാന്‍ തീരുമാനിക്കുന്നതായി എറണാകുളം പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതി വ്യക്തമാക്കി. ജയിലില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി എം ശിവശങ്കറും കോടതിയില്‍ ഹാജരായിരുന്നു.
അതേ സമയം ഹരജി പരിഗണിക്കുമ്പോള്‍ ശിവശങ്കറിനെതിരെ കസ്റ്റംസിന് ബലവത്തായ എന്ത് തെളിവാണ് ലഭിച്ചിരിക്കുന്നതെന്ന് കോടതി അന്വേഷണ സംഘത്തോട് ചോദിച്ചു. ശിവശങ്കറിനെ കസ്റ്റംസിന് പേടിയാണോ? അന്വേഷണ ഉദ്യോഗസ്ഥന് ഇതിന് മറുപടി പറയണമെന്നും കോടതി ആവശ്യപ്പെട്ടു. ശിവശങ്കറിനെ മനപ്പൂര്‍വം കുടുക്കാന്‍ ശ്രമിക്കുകയാണെന്നും സ്വപ്നയുടെ മൊഴി പ്രകാരം ഇപ്പോള്‍ ചോദ്യം ചെയ്യണം എന്ന് പറയുന്നതില്‍ അടിസഥാനമില്ലെന്നുള്ള ശിവശശങ്കറിന്റെ അഭിഭാഷകന്റെ വാദം പരിഗണിച്ചായിരുന്നു കോടതിയുടെ ചോദ്യങ്ങള്‍.
അറസ്റ്റ് ചെയ്യാന്‍ ഇത്ര നാളായിട്ടും കൃത്യമായ തെളിവുകളൊന്നും ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. 9 തവണ ചോദ്യം ചെയ്തിട്ടും കിട്ടാത്ത എന്തു തെളിവാണ് ഇനി ലഭിക്കാനുള്ളത് എന്ന് ശിവശങ്കറിന്റെ അഭിഭാഷകന് ചൂണ്ടിക്കാട്ടി. എന്നാല്‍ പ്രതികളില്‍ ചിലരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യണമെന്നായിരുന്നു കസ്റ്റംസ് അഭിഭാഷകരുടെ വാദം.
ഈ 11ാം മണിക്കൂറില്‍ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ എന്ത് തെളിവാണ് ലഭിച്ചതെന്നും കോടതി കസ്റ്റംസിനോട് ചോദിച്ചു. എന്തിന് കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം എന്നതിന് കൃത്യമായ കാരണം വ്യക്തമാക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ലെന്നും വിമര്‍ശനം ഉയര്‍ത്തി. അദ്ദേഹത്തിന്റെ ഉയര്‍ന്ന പദവികള്‍ ഒന്നും കസ്റ്റഡി അപേക്ഷയില്‍ രേഖപ്പെടുത്തിയിട്ടില്ല.
മാധവന് നായരുടെ മകന് ശിവശങ്കര്‍ എന്നു മാത്രം രേഖപ്പെടുത്തിയിരിക്കുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. പ്രതി ഉന്നത സ്ഥാനത്തിരിക്കുമ്പോള്‍ കുറ്റകൃത്യം ചെയ്തതായി കസ്റ്റംസ് ചൂണ്ടിക്കാണിച്ചു. ഇത് പരിഗണിച്ച് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ട് നല്‍കുന്നതായാണ് കോടതി വ്യക്തമാക്കിയത്.