ശോഭ സുരേന്ദ്രനെതിരെ മാനനഷ്ട കേസെടുക്കാൻ കോടതി ഉത്തരവ്; നടപടി കെസി വേണുഗോപാൽ നൽകിയ ഹർജിയിൽ
ആലപ്പുഴ: ബി ജെ പി നേതാവ് ശോഭ സുരേന്ദ്രന് എതിരെ മാനനഷ്ട കേസെടുക്കാൻ കോടതി ഉത്തരവ്. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഷാനാ ബീഗമാണ് ഉത്തരവിട്ടത്. എ ഐ സി സി ജനറൽ സെക്രട്ടറിയും ആലപ്പുഴ എം പിയുമായ കെ സി വേണുഗോപാൽ നൽകിയ ഹർജിയിലാണ് നടപടി. ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് ശോഭാ സുരേന്ദ്രൻ ഉന്നയിച്ച ആരോപണങ്ങക്കെതിരെയാണ് കെ സി വേണു ഗോപാൽ കോടതിയെ സമീപിച്ചത്.
വ്യക്തിഹത്യ നടത്താനും ആശയക്കുഴപ്പം സൃഷ്ടിക്കാനും ബോധപൂർവ്വം നടത്തിയ ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കെ സി വേണു ഗോപാൽ നേരത്തെ വക്കീൽ നോട്ടീസ് അയച്ചിരുന്നു. എന്നാൽ നിശ്ചിത സമയപരിധി കഴിഞ്ഞിട്ടും മാപ്പ് പറയാൻ ശോഭാ സുരേന്ദ്രൻ തയ്യാറകാതെ വന്നതോടെയാണ് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ വേണുഗോപാൽ ഹർജി ഫയൽ ചെയ്തത്.

ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലും കെ സി വേണുഗോപാൽ പരാതി നൽകിയിരുന്നു. ഹർജിക്കാരനായ വേണുഗോപാൽ കോടതിയിൽ നേരിട്ടെത്തി മൊഴിയും നൽകിയിരുന്നു. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിവ്‍ കെ സി വേണുഗോപാലിനെതിരെ ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിച്ചത് ശോഭാ സുരേന്ദ്രനായിരുന്നു.
കരിമണൽ ഖനനവുമായി ബന്ധപ്പെട്ടാണ് ശോഭാ സുരേന്ദ്രൻ വേണുഗോപാലിനെതിരെ ആരോപണം ഉന്നയിച്ചത്. രാജസ്ഥാനിലെ മുൻ ഖനന വകുപ്പ് മന്ത്രി കിഷോറാം ഓലയുടെ സഹായത്തോടെ കേരളത്തിലെ ധാതുക്കളെല്ലാം കവർന്നെടുത്ത് വേണുഗോപാൽ കോടികൾ ഉണ്ടാക്കിയെന്നായിരുന്നു ശോഭ ആരോപിച്ചത്.
കിഷോറാം ഓലയും കെ സി വേണുഗോപാലും ചേർന്ന് രാജ്യാന്തര തലത്തിൽ പല തരത്തിലുമുള്ള ഇടപാടുകൾ നടത്തിയിട്ടുണ്ട്. കിഷോറാം ഓലയുടെ കുടുംബവുമായി ചേർന്ന് ഇപ്പോഴും ബെനാമി പേരിൽ വേണു ഗോപാൽ ആയിരക്കണക്കിന് കോടികൾ സമ്പാദിക്കുന്നുണ്ട്.
അതിലുൾപ്പെട്ട ഒരു ചെറിയ ആളാണ് ആലപ്പുഴയിലെ കരിമണൽ കർത്ത എന്നും കെ സി വേണുഗോപാൽ പറഞ്ഞിട്ട് കിഷോറാം ഓലയാണ് ആലപ്പുഴയിൽ നിന്ന് കരിമണൽ കയറ്റുമതിക്കുള്ള അനുവാദം കർത്തയ്ക്ക് കൊടുത്തതെന്നും ശോഭ ആരോപിച്ചിരുന്നു.












Click it and Unblock the Notifications