ശിവശങ്കര്‍ കസ്റ്റംസുകാരെ വിളിച്ചതിന് തെളിവ് ഹാജരാക്കാന്‍ ഇഡിക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതിനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കഴിഞ്ഞിട്ടില്ലെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതി. ശിവശങ്കറിന് ജാമ്യം നിഷേധിച്ചുള്ള ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്.
സ്വപ്ന സുരേഷ് ഏറ്റവുമൊടുവില്‍ നല്കിയ മൊഴിയുമായി ബന്ധപ്പെട്ട് വിശദമായ പരിശോധന ആവശ്യമാണെന്ന് ഉത്തരവില്‍ പറയുന്നു.
എന്നാല്‍ അന്വേഷണ ഏജന്‍സി ആരോപിക്കുന്ന കുറ്റകൃത്യത്തില്‍ ശിവശങ്കറിന് പങ്കില്ലെന്ന് ഈ ഘട്ടത്തില്‍ വിശ്വസിക്കാനുള്ള കാരണങ്ങള്‍ കാണുന്നില്ലെന്നും കോടതി വ്യക്തമാക്കി. അന്വേഷണം നിര്‍ണായക ഘട്ടത്തിലാണ്. കുറ്റകൃത്യത്തില്‍ ശിവശങ്കറിന്റെ പങ്ക് തെളിയിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് സമയം ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.
ആട്ടക്കുളങ്ങര സബ് ജയിലില്‍ വെച്ച് സ്വപ്ന സുരേഷ് ഏറ്റവും ഒടുവില്‍ നല്കിയ മൊഴിയില്‍ വിശദമായ അന്വേഷണം വേണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഈ ഘട്ടത്തില്‍ സ്വപ്ന പറഞ്ഞ കാര്യങ്ങളേപ്പറ്റി മുന്‍പ് നല്കിയ മൊഴികളില്‍ സൂചനയില്ല. കസ്റ്റംസ് ഉദ്യോഗസ്ഥരെ ശിവശങ്കര്‍ വിളിച്ചുവോ എന്ന കാര്യത്തില്‍ കൃത്യമായ നിഗമനത്തില്‍ എത്താന്‍ കഴിയുന്നില്ലെന്ന സൂചനയാണ് ഉത്തരവിലുള്ളത്. കസ്റ്റംസ് ഉദ്യോഗസ്ഥരെ ശിവശങ്കര്‍ വിളിച്ചുവെന്നകാര്യം ചൂണ്ടിക്കാട്ടിയാണ് സ്വര്‍ണ്ണക്കടത്തുമായി അദ്ദേഹത്തിന് ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ ഇഡി പ്രധാനമായും ശ്രമിക്കുന്നത്.
ലോക്കറിലെ പണവും സ്വര്‍ണവും സംബന്ധിച്ച് അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടിലെ വൈരുധ്യം ചൂണ്ടിക്കാട്ടിയത് ജാമ്യം അനുവദിക്കാന്‍ തക്ക കാരണമല്ലെന്ന് കോടതി വ്യക്തമാക്കി. ലോക്കറിലെ പണവും സ്വര്‍ണവും സ്വര്‍ണ്ണക്കടത്തിന്റെ ഭാഗമെന്ന് ആദ്യം പറഞ്ഞതിന് വിരുദ്ധമായി സര്‍ക്കാര്‍ പദ്ധതികളിലൂടെ ലഭിച്ച കോഴപ്പണമാണെന്ന് അന്വേഷണ ഏജന്‍സി ഇപ്പോള്‍ പറയുന്നത്.
അന്വഷണത്തിന്റെ ഭാഗമായി പുതിയ കാര്യങ്ങള്‍ കണ്ടെത്തുന്നത് എപ്രകാരം അന്വേഷിക്കണമെന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ അധികാര പരിധിയിലുള്ള കാര്യമാണെന്ന ഇഡിയുടെ വാദം കോടതി അംഗീകരിച്ചു.തുടരന്വേഷണത്തിലൂടെ മാത്രമേ ലോക്കറിലെ പണം ഏതിന്റെ ഭാഗമാമെന്ന് കണ്ടെത്താനാകൂ. സ്വര്‍ണ്ണക്കടത്തിലൂടെയും ലൈഫ് മിഷന് പദ്ധതിയുടെ ഭാഗമായും കമ്മിഷന് ലഭിച്ചെന്ന് സ്വപ്ന സുരേഷ് സമ്മതിച്ചിട്ടുള്ളതാണ്. ഇതില്‍ ശിവശങ്കറിന്റെ പങ്കുണ്ടെങ്കില്‍ അത് അന്വേഷിക്കണ്ടതാണെന്നും കോടതി നിരീക്ഷിച്ചു.