രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്; ജാമ്യ ഹര്‍ജി തള്ളി കോടതി
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യ ഹര്‍ജി തള്ളി കോടതി. ഈ മാസം 22 വരെ രാഹുല്‍ മാങ്കൂട്ടത്തിലിനെ റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയുടേതാണ് വിധി. സെക്രട്ടറിയേറ്റ് അക്രമക്കേസിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത്.റിമാന്‍ഡ് ചെയ്ത രാഹുല്‍ മാങ്കൂട്ടത്തിലിനെ പൂജപ്പുര ജയിലേക്ക് മാറ്റും.
രണ്ട് തവണ വൈദ്യപരിശോധന നടത്തിയ ശേഷമാണ് കോടതി രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ക്ലിനിക്കലി ഫിറ്റാണ് എന്നായിരുന്നു രണ്ടാമത്തെ മെഡിക്കല്‍ റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ അടൂരിലെ വീട്ടിലെത്തിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. അതിരാവിലെ പൊലീസ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടൂരിലെ വീട്ടിലെത്തി.

പ്രദേശിക പ്രവര്‍ത്തകര്‍ പൊലീസിനെ ചെറുക്കാന്‍ ശ്രമിച്ചെങ്കിലും തടസങ്ങള്‍ മാറ്റി അതിവേഗം പൊലീസ് തിരുവനന്തപുരത്തേക്ക് കുതിക്കുകയായിരുന്നു. രാഹുലിന്റെ അറസ്റ്റില്‍ സംസ്ഥാന വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. നവകേരള സദസിനെതിരായ യൂത്ത് കോണ്‍ഗ്രസ് - കെ എസ് യു സമരങ്ങളെ പൊലീസ് അടിച്ചൊതുക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു സെക്രട്ടേറിയറ്റിന് മുന്നില്‍ കോണ്‍ഗ്രസ് സമരം നടന്നത്.
സമരത്തിനിടെയുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പൊലീസ് കേസെടുത്തിരുന്നു. ഡിസംബര്‍ 20 ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഒന്നാം പ്രതിയും എം എല്‍ എമാരായ ഷാഫി പറമ്പിലും എം വിന്‍സന്റും രണ്ടും മൂന്നും പ്രതികളുമാണ്. കേസിലെ നാലാ പ്രതിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. അനുമതിയില്ലാത്ത സമരം, പൊതുമുതല്‍ നശിപ്പിക്കല്‍, കൃത്യനിര്‍വ്വഹണത്തില്‍ തടസം വരുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുളളത്.
രാഹുലിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. രണ്ട് മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കുമ്പോള്‍ ഏറ്റവും അവസാനം പരിശോധന നടത്തിയ ഡോക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് വേണം കോടതി പരിഗണിക്കേണ്ടതെന്ന് പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി. ഇത് അംഗീകരിച്ച കോടതി രാഹുലിന്റെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. രാഹുല്‍ സമരത്തിന്റെ മുന്‍നിരയില്‍നിന്ന് നേതൃത്വം നല്‍കുന്നതിന്റെയും സമരം അക്രമാസക്തമാകുന്നതിന്റെയും ഫോട്ടോയും വിഡിയോയും പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു.
പിരിഞ്ഞു പോയ പ്രവര്‍ത്തകരെ മടക്കി വിളിച്ച് രാഹുല്‍ വീണ്ടും ആക്രമണം നടത്തി എന്നും എല്ലാ ആക്രമണങ്ങളും നടന്ന സ്ഥലത്ത് പ്രതിയുടെ സാന്നിധ്യമുണ്ട് എന്നും പ്രോസിക്യൂഷന്‍ പറഞ്ഞിരുന്നു. അതിക്രമങ്ങള്‍ തടയാന്‍ യാതൊരു ശ്രമവും നേതാവെന്ന നിലയില്‍ നടത്തിയില്ല എന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications