രാഹുലിനെതിരെ കോടതി റിപ്പോര്‍ട്ട് തേടി
ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസിന്റെ പദയാത്രക്കിടെ രാഹുല്‍ ഗാന്ധി പോലീസ് വാഹനത്തിന് മുകളില്‍ കയറി യാത്ര ചെയ്ത സംഭവത്തില്‍ കോടതി പോലീസിനോട് റിപ്പോര്‍ട്ട് തേടി. മാവേലിക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് ആണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
എന്‍സിപി നേതാവ് അഡ്വ മുജീബ് റഹ്മാനാണ് രാഹുല്‍ ഗാന്ധിക്കും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യക്കോസിനും എതിരെ കോടതിയെ സമീപിച്ചത്. ആദ്യം നൂറനാട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പോലീസ് കേസെടുക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് കോടതിയില്‍ പരാതി നല്‍കിത്.

ജനുവരി 29 നകം പരാതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നാണ് മജിസ്‌ട്രേറ്റ് ആര്‍ ജൂബിയ നൂറനാട് എസ് ഐക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിക്കതിരെ മറ്റൊരാളും സ്വകാര്യ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ഇത് വാദം കേള്‍ക്കുന്നതിനായി മാറ്റിവച്ചു.
മുജീബ് റഹ്മാന്റെ പരാതിയില്‍ അന്വേഷണം നടത്താന്‍ ജില്ലാ പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആന്റി നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും രാഹുല്‍ ഗാന്ധിയെ സംരക്ഷിക്കുന്ന നിലപാടാണ് കേരള പോലീസ് ഇപ്പോഴും സ്വീകരിക്കുന്നത്. രാഹുലിന്റെ സുരക്ഷക്ക് വേണ്ടിയാണ് പോലീസ് വാഹനത്തിന് മുകളില്‍ കയറ്റി ഇരുത്തിയതെന്ന് തന്നെയാണ് പോലീസിന്റെ വാദം. എന്നാല്‍ ഡീന്‍ കുര്യാക്കോസ് വാഹനത്തിന് മുകളില്‍ കയറിന് മാത്രം പോലീസിന്റെ ഭാഗത്ത് നിന്ന് വിശദീകരണം ഒന്നും ഇല്ല.












Click it and Unblock the Notifications