തൊടുപുഴ കൈവെട്ട് കേസിലെ കോടതിവിധി തീവ്രവാദികളെ സംരക്ഷിച്ചവർക്കേറ്റ പ്രഹരം: കെ.സുരേന്ദ്രൻ
കോഴിക്കോട്: പ്രൊഫസർ ടി. ജെ ജോസഫിൻറെ കൈവെട്ടിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്കും കോടതി ശിക്ഷ വിധിച്ചത് തീവ്രവാദികളെ സംരക്ഷിച്ചവർക്കേറ്റ പ്രഹരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അന്ന് ഭരണ മുന്നണിയും പ്രതിപക്ഷവും ജോസഫ് മാഷെ തീവ്രവാദികൾക്ക് മുന്നിലേക്ക് എറിഞ്ഞു കൊടുക്കുകയാണ് ഉണ്ടായതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
തീവ്രവാദ പ്രവർത്തനമാണ് നടന്നതെന്നും അദ്ധ്യാപകന്റെ കൈവെട്ടിയതിലൂടെ മതാധിഷ്ഠിത നീതിന്യായ വ്യവസ്ഥ ഉണ്ടാക്കാൻ പ്രതികൾ ശ്രമിച്ചുവെന്നും കോടതി പറഞ്ഞത് ബിജെപിയുടെ വാദങ്ങൾ ശരിവെക്കുന്നതാണ്. കേരളത്തിൽ നടന്ന ആദ്യത്തെ താലിബാൻ ശൈലിയിലുള്ള ആക്രമണമായിരുന്നു ജോസഫ് മാഷിന് നേരെ നടന്നത്. എൻഐഎ അന്വേഷിച്ചത് കൊണ്ട് മാത്രമാണ് പ്രതികൾക്ക് ശിക്ഷ കിട്ടിയത്. സംസ്ഥാന പൊലീസ് ഇവരെ രക്ഷിക്കാനാണ് ശ്രമിച്ചത്.

അന്നത്തെ വിദ്യാഭ്യാസ മന്ത്രി എംഎ ബേബി നടത്തിയ അപക്വമായ പരാമർശമാണ് പോപ്പുലർ ഫ്രണ്ടുകാർക്ക് ഈ ഭീകരവാദ പ്രവർത്തനം നടത്താൻ കരുത്തുപകർന്നത്. ബേബി ഇനിയെങ്കിലും അന്ന് എടുത്ത സമീപനത്തിൽ മാപ്പ് പറയണം. പൊലീസ് ക്രൂരമായാണ് ജോസഫ് മാഷോടും കുടുംബത്തോടും പെരുമാറിയത്. കേരളത്തിൽ തീവ്രവാദ പ്രവർത്തനം ഇപ്പോഴും ശക്തമായി തുടരുന്നത് ഭരണ-പ്രതിപക്ഷങ്ങളുടെ മൗനാനുവാദത്തോടെയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
കൈവെട്ട് കേസിലെ പ്രധാന പ്രതികളായ സജില്‍, നാസർ, നജീബ് എന്നിവർക്കാണ് കോടതി ഇന്ന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇവർക്കെതിരായ യുഎപിഎ നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. കേസില്‍ ഉള്‍പ്പെട്ട ആറ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത വ്യക്തിയാണ് രണ്ടാം പ്രതിയായ നാസർ. നാലാംപ്രതിയായ നാസറാണ് കൃത്യത്തിന്റെ മുഖ്യ സൂത്രധാരന്‍. അഞ്ചാം പ്രതീയ നജീബും ഗൂഡാലോചനയില്‍ പങ്കെടുത്തുവെന്നാണ് കണ്ടെത്തല്‍.
ഒമ്പത്, 11, 12 പ്രതികളായ നൗഷാദ്, മൊയ്തീൻ കുഞ്ഞ് അയൂബ് എന്നിവർ 3 വർഷം വീതം തടവ് അനുഭവിക്കണം. മൂന്ന് വർഷം ശിക്ഷിക്കപ്പെട്ടവർക്ക് കോടതി ജാമ്യം അനുവദിച്ചു. കൃത്യത്തിന് ഇരയായ പ്രൊഫസർ ടിജെ ജോസഫിന് എല്ലാം പ്രതികളും ചേർന്ന് 4 ലക്ഷം രൂപ കൊടുക്കണമെന്നും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും കോടതി വ്യക്തമാക്കി. നേരത്തെ പ്രഖ്യാപിച്ച പിഴ ശിക്ഷയ്ക്ക് പുറമേയാണ് നാല് ലക്ഷം രൂപ നല്‍കേണ്ടതെന്നും വിധി പ്രസ്താവിച്ചുകൊണ്ട് കൊച്ചിയിലെ എന്‍ഐഎ കോടതി വ്യക്തമാക്കി.












Click it and Unblock the Notifications