പികെ കൃഷ്ണദാസിന്റെ 'വിധി' പറയുന്നത് വ്യാഴാഴ്ച...കോളേജിലെ സിസിടിവി ദൃശ്യങ്ങള്‍ മാറ്റിയതായി സംശയം?
ജിഷ്ണു ആത്മഹത്യ ചെയ്തത് പീഡനം മൂലമാണെന്നും, മരണത്തില്‍ കൃഷ്ണദാസിന് പങ്കുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.
തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോളേജ് ചെയര്‍മാന്‍ പികെ കൃഷ്ണദാസ് നല്‍കിയ ജാമ്യാപേക്ഷയില്‍ കോടതി വ്യാഴാഴ്ച വിധി പറയും. നേരത്തെ, അദ്ദേഹത്തിന്റെ ഇടക്കാല ജാമ്യം കോടതി മാര്‍ച്ച് രണ്ട് വ്യാഴാഴ്ച വരെ നീട്ടി നല്‍കിയിരുന്നു.
ജിഷ്ണു ആത്മഹത്യ ചെയ്തത് പീഡനം മൂലമാണെന്നും, മരണത്തില്‍ കൃഷ്ണദാസിന് പങ്കുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. കോളേജ് മാനേജ്‌മെന്റിന്റെ പീഡനം കാരണമാണ് ജിഷ്ണു ആത്മഹത്യ ചെയ്തത് എന്നതിന് തെളിവുകളുണ്ടെന്നും സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സിപി ഉദയഭാനും കോടതിയെ അറിയിച്ചു.

പ്രോസിക്യൂഷന്റെ വാദം കേട്ട കോടതി കേസ് ഡയറിയും മറ്റു രേഖകളും ഹാജരാക്കാന്‍ നിര്‍ദേശിച്ചിരുന്നു. പീഡനം കാരണമാണ് ജിഷ്ണു മരിച്ചതെന്ന് തെളിവുണ്ടെങ്കിലും മര്‍ദ്ദനമേറ്റ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചില്ലെന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ ഈ ദിവസത്തെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് കോളേജ് അധികൃതര്‍ മാറ്റിയതായി സംശയിക്കുന്നുണ്ടെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.


Click it and Unblock the Notifications