• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'കൂടെ ആരുമില്ല എന്ന തോന്നല്‍ വേണ്ട; പോയതൊക്കെ വീണ്ടെടുക്കും' പ്രവാസികളെ ചേർത്ത് പിടിച്ച് മോഹൻലാൽ!

കൊച്ചി: കൊവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ ആശങ്കയില്‍ കഴിയുന്ന വിഭാഗമാണ് പ്രവാസികള്‍. ലേബര്‍ ക്യാമ്പുകളില്‍ കൂട്ടമായി കഴിയുന്നവര്‍ക്ക് രോഗവ്യാപനമെന്ന ഭയത്തിനൊപ്പം ജോലിയെക്കുറിച്ചുളള ആശങ്കകളും നാട്ടിലുളള കുടുംബത്തെ കുറിച്ചുളള ഉത്കണ്ഠകളുമുണ്ട്. പ്രവാസികള്‍ക്കൊപ്പമുണ്ട് സര്‍ക്കാര്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുളളതാണ്. നടന്‍ മോഹന്‍ലാലും പ്രവാസികള്‍ക്ക് ധൈര്യം പകര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് മോഹന്‍ലാലിന്റെ ആശ്വാസ വാക്കുകള്‍.

cmsvideo
  പ്രവാസികള്‍ക്ക് ധൈര്യം പകര്‍ന്ന് മോഹന്‍ലാല്‍ | Oneindia Malayalam

  മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെ: ''ഒരു മഹാമാരിയില്‍ നിന്ന് മോചിതരാകാന്‍ വേണ്ടി എല്ലായിടത്തുമുളള മനുഷ്യര്‍ പൊരുതിക്കൊണ്ടിരിക്കുകയാണ്. ഞാനും നിങ്ങളും ഈ ലോകത്ത് നമുക്ക് നേരിട്ട് അറിയാത്തവരുമൊക്കെ, നമുക്ക് കാണാന്‍ പോലും കഴിയാത്ത ശത്രുവിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ കൈ കഴുകിയും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങാതെയുമുളള പോരാട്ടം.

  ഇതെല്ലാതെ നമുക്ക് വേറെ മാര്‍ഗങ്ങളില്ല. ഞാനീ സംസാരിക്കുന്നത് നിങ്ങളോടാണ്. എല്ലാ പ്രവാസി മലയാളികളോടുമാണ്. എന്റെ പ്രിയപ്പെട്ടവരോടാണ്. അവിടെയും അവിടുത്തെ ഭരണാധികാരികള്‍ സുരക്ഷയ്ക്ക് വേണ്ടി ഒട്ടേറെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അതെല്ലാം പാലിക്കണമെന്ന് ഞാനും അഭ്യര്‍ത്ഥിക്കുന്നു. എനിക്കറിയാം നിങ്ങള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍, നാട്ടിലുളള കുടുംബങ്ങളെ ഓര്‍ത്ത്, ജോലിയില്‍ ഉണ്ടാകാന്‍ പോകുന്ന പ്രശ്‌നങ്ങളെ ഓര്‍ത്ത്, സ്വന്തം സുരക്ഷിതത്വത്തെ ഓര്‍ത്ത് നിങ്ങള്‍ വല്ലാതെ വീര്‍പ്പ് മുട്ടുന്നു.

  പക്ഷേ ഈ സമയത്ത് അങ്ങനെയൊരു ഉത്കണ്ഠ നമ്മളെ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് കൊണ്ട് പോവുകയേ ഉളളൂ. കൂടെ ആരുമില്ല എന്ന തോന്നല്‍ ആദ്യം മനസ്സില്‍ നിന്നും എടുത്ത് മാറ്റൂ. എല്ലാവരും ഉണ്ട്. നമ്മളെല്ലാവരും ഉണ്ട്. ഒരുമിച്ച് തന്നെയുണ്ട്. ശരീരം കൊണ്ട് അകലങ്ങളില്‍ ആണെങ്കിലും മനസ്സ് കൊണ്ട് നമ്മള്‍ എത്രയോ അടുത്താണ്. ഈ കാലവും കടന്ന് പോകും. പോയതൊക്കെ നമ്മള്‍ വീണ്ടെടുക്കും.

  ഉള്ളില്‍ മുള പൊട്ടുന്ന അശുഭ ചിന്തകളെ ഇപ്പോള്‍ തന്നെ പറിച്ചെറിയൂ. നല്ല ചിന്തകളുടെ വിത്തുകള്‍ മുളയ്ക്കട്ടെ. ഈ ലോകത്ത് ഒന്നും സ്ഥായിയായി ഇല്ലല്ലോ. എല്ലാം മാറിയേ മതിയാകൂ. സന്തോഷമായാലും സങ്കടമായാലും. അതുകൊണ്ട് നമ്മള്‍ ഒരുമിച്ച് ആഹ്‌ളാദം പങ്കുവെച്ചത് പോലെ, ആ കാലം കടന്ന് പോയത് പോലെ, നമ്മള്‍ ഒരുമിച്ച് പങ്കുവെയ്ക്കുന്ന ഈ സങ്കടകാലവും കടന്ന് പോകും. നമ്മള്‍ ഇതിനെയൊക്കെ അതിജീവിച്ച് വിജയം കൈവരിക്കും. നമ്മള്‍ ഒരുമിച്ച് കൈകള്‍ കോര്‍ത്ത് വിജയഗീതം പാടും. തീര്‍ച്ച. നിങ്ങളുടെ മോഹന്‍ലാല്‍''.

  English summary
  Covid19: Actor Mohanlal's video adressing NRI Malayalees
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X