കേരളത്തില്‍ കൊവിഡ് രോഗികള്‍ ഇനിയും വര്‍ധിക്കുമെന്ന് ആരോഗ്യമന്ത്രി; നിര്‍ദേശങ്ങള്‍ പാലിക്കണം
തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്. എന്നാല്‍ ഈ വര്‍ധനന് പ്രതീക്ഷിച്ചതാണെന്നും കൊവിഡ്-19 രോഗികളുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ പറഞ്ഞു.
ഇനി മുന്നോട്ടുള്ള ദിവസങ്ങളില്‍ പുറത്ത് നിന്നും വരുന്ന ആളുകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് പോസിറ്റീവ് കേസുകളുണ്ടാവും. അവരില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പടരുന്നത് ശ്രദ്ധിക്കണം.

പുറത്ത് നിന്ന് വരുന്നയാളുകളെ കൃത്യമായി ക്വാറന്റീനില്‍ കഴിയാന്‍ അനുവദിക്കുകയും അവര്‍ കൃത്യമായി സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്താല്‍ അവരില്‍ നിന്നും കൂടുതല്‍ പേരിലേക്ക് രോഗം പടരുന്നത് തടയാന്‍ സാധിക്കും. അത് വഴി കര്‍വ് താഴ്ത്തി കൊണ്ട് വരാന്‍ സാധിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
പുറത്ത് നിന്നുള്ളവരില്‍ നിന്നുള്ള പോസിറ്റീവ് കേസുകള്‍ നിയന്ത്രിക്കാനാകുമെന്നും ഇതിനായി ആളുകള്‍ കൃത്യമായി ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
പ്രായം ചെന്നവരും മറ്റു രോഗങ്ങള്‍ ഉള്ളവരും റിവേഴ്‌സ് ക്വാറന്റൈന്‍ പാലിക്കണമെന്നും അവര്‍ ആരും തന്നെ പുറത്ത് നിന്ന് വന്നവരുമായി സമ്പര്‍ക്കം പാടില്ലെന്നും ഈ വ്യവസ്ഥകള്‍ ഒക്കെ പാലിച്ചാല്‍ ഈ പ്രതിസന്ധിയില്‍ നിന്നും കേരളത്തിന് കരകയറാന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നതാണ് ആശങ്കപ്പെടുത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിനായി മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കേരളത്തിന്റെ മരണം കുറച്ച് നിര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ ഇതുവരേയും അഞ്ച് പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. വയനാട് ജില്ലയില്‍ ഇന്ന് ഒരാള്‍ കൂടി മരണപ്പെട്ടതോടെയാണ് സംഖ്യ അഞ്ച് ആയത്. കോഴിക്കോട് ജില്ലയില്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ കഴിയവെയാണ് വയനാട് സ്വദേശി ആമിന(55) മരണപ്പെടുന്നത്. നാല് ദിവസം മുമ്പായിരുന്നു ഇവരെ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചത്.
കാന്‍സര്‍ രോഗബാധിതയായിരുന്ന ആമിന ഇരുപതാം തിയ്യതിയാണ് ദുബൈയില്‍ നിന്നും കൊച്ചി വിമാനം വഴി നാട്ടിലെത്തിയത്. ആദ്യം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെങ്കിലും പിന്നീട് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സ്രവങ്ങള്‍ പരിശോധനക്കയക്കുകയും രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.












Click it and Unblock the Notifications