കേരളത്തില്‍ കൊവിഡ് പരിശോധന മികച്ചതായതിനാലാണ് കേസുകളും കൂടുന്നത്: വീണ ജോര്‍ജ്
തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് ടെസ്റ്റുകള്‍ ഏറ്റവും അധികം നടക്കുന്ന സംസ്ഥാനം കേരളമാണ് എന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. അതിനാല്‍ തന്നെ സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നത് സ്വാഭാവികമാണെന്നും വീണ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ആദ്യമായി കൊവിഡും ജെ എന്‍ വണ്‍ വകഭേദവും സ്ഥിരീകരിച്ചത് കേരളത്തിലാണ്. ഇത് ഇവിടുത്തെ സംവിധാനം എത്രത്തോളം മികച്ചതാണ് എന്നാണ് വ്യക്തമാക്കുന്നത് എന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയുടെ പലഭാഗങ്ങളിലും പുതിയ വകഭേദമുണ്ടെങ്കിലും കേരളം ആദ്യമായി ഓള്‍ജീനോമിക് സീക്വന്‍സിലൂടെ ഇത് കണ്ടുപിടിക്കുകയായിരുന്നു എന്നും വീണ ജോര്‍ജ് വ്യക്തമാക്കി. അതും ഡിസംബറിലെ സാംപിളില്‍ അല്ലായിരുന്നു എന്നും മറിച്ച് കൊവിഡ് കേസുകള്‍ ചെറുതായി കൂടുന്നത് കണ്ടപ്പോള്‍ നവംബറില്‍ തന്നെ എടുത്ത സാംപിളിലായിരുന്നു എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

നിലവില്‍ കൊവിഡ് സംബന്ധിച്ച പ്രോട്ടോക്കോള്‍ ഉണ്ട്. പുതിയ സാഹചര്യത്തില്‍ പ്രായമായവര്‍, ഗര്‍ഭിണികള്‍, അനുബന്ധരോഗങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം എന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ജെ എന്‍ വണ്ണിന്റെ വ്യാപനശേഷി കൂടുതലാണെങ്കിലും ഗുരുതരാവസ്ഥയിലേക്ക് പോകാനിടയില്ല എന്നും വീണ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ജാഗ്രത കൈവിടാന്‍ പാടില്ല എന്നും മന്ത്രി പറഞ്ഞു.
സെപ്തംബറില്‍ അമേരിക്കയിലാണ് ജെ എന്‍ വണ്‍ വകഭേദം ആദ്യമായി കണ്ടെത്തിയത്. തുടര്‍ന്ന് ചൈനയിലും യു കെ, ഐസ്‌ലന്‍ഡ്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, നെതര്‍ലന്റ്‌സ് തുടങ്ങിയ രാജ്യങ്ങളിലും വകഭേദം കണ്ടെത്തി. നിലവില്‍ ഇന്ത്യ അടക്കം 38 രാജ്യങ്ങളില്‍ കൊവിഡിന്റെ ജെ എന്‍ വണ്‍ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒമിക്രോണിന്റെ ഉപവകഭേദമാണ് ജെ എന്‍ വണ്‍ വകഭേദം.
അതേസമയം രാജ്യത്ത് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന തുടങ്ങിയവയാണ് ജെ എന്‍ വണ്‍ ബാധിച്ചവരുടെ പ്രധാനലക്ഷണങ്ങള്‍ ചിലരോഗികളില്‍ വളരെ ലളിതമായ ശ്വസനേന്ദ്രിയ രോഗലക്ഷണങ്ങളും കാണാം. എങ്കിലും അവ നാലോ അഞ്ചോ ദിവസങ്ങള്‍ക്കുള്ളില്‍ ഭേദമായേക്കാം.
ഇതിനോടൊപ്പം വിശപ്പില്ലായ്മ, തുടര്‍ച്ചയായ മനംപുരട്ടല്‍, അമിതമായ ക്ഷീണം, പേശികളുടെ ക്ഷയം തുടങ്ങിയവയും അനുഭവപ്പെട്ടേക്കാം. ചിലപ്പോള്‍ ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങളും അനുഭവപ്പെട്ടേക്കാം ഇത് ദഹനവ്യവസ്ഥയെ ബാധിച്ചേക്കാം. കൊവിഡിന്റെ മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ജെ എന്‍ വണ്ണിന് വ്യാപനശേഷി കൂടുതലായിരിക്കും.












Click it and Unblock the Notifications