രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നു; രോഗികൾ കൂടുതലും കേരളത്തിൽ, പരിശോധന വർധിപ്പിക്കണമെന്ന് കേന്ദ്രം
സംസ്ഥാനത്ത് വീണ്ടും കൊവിഡ് കേസുകളിൽ വർധനവ്. കേന്ദ്രം പുറത്തുവിട്ട കണക്കുകൾ പ്രകാരം സംസ്ഥാനത്തെ പ്രതിവാര കൊവിഡ് പോസ്‌റ്റിവിറ്റി നിരക്ക് 4.51 ശതമാനമാണ്. 1500 പേര്‍ക്കാണ് ശനിയാഴ്ച കേരളത്തില്‍ രോഗം സ്ഥിരീകരിച്ചത്. 146 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഗുജറാത്ത്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യം ഉണ്ട്.
ഗുജറാത്തിൽ 0.07 ശതമാനമായിരുന്നു പോസിറ്റിവിറ്റി നിരക്ക്. ഇതിപ്പോൾ 2.17 ശതമാനമായി ഉയർന്നു. കർണാടകയിൽ പ്രതിവാര ശരാശരി പോസിറ്റിവിറ്റി 1.65 ശതമാനത്തിൽ നിന്ന് 3.05 ശതമാനമായാണ് ഉയർന്നത്.ഡൽഹിയിൽ 0.53 ശതമാനത്തിൽ നിന്ന് 4.25 ശതമാനമായും പോസിറ്റിവിറ്റി നിരക്ക് ഉയർന്നിട്ടുണ്ട്.

അതേസമയം കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ പരിശോധനയുടെ വേഗം കൂട്ടാന്‍ ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. മിക്ക സംസ്ഥാനങ്ങളിലും പരിശോധന നടക്കുന്നില്ലെന്നും കേന്ദ്ര മന്ത്രാലയം വ്യക്തമാക്കി. ആർടി-പിസിആർ പരിശോധന കൂട്ടണമെന്നും പോസിറ്റീവ് സാമ്പിളുകളുടെ മുഴുവൻ ജീനോം സീക്വൻസിംഗും വേഗത്തിലാക്കണമെന്നും കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.
കൊവിഡ് മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ജനം ഉറപ്പാക്കണമെന്നും അദ്ദേഹം ആവർത്തിച്ചു. മുൻകരുതൽ ഡോസുകൾ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് ആദ്യ വാരം രാജ്യത്ത് ശരാശരി പ്രതിദിന കേസുകൾ 313 ആയിരുന്നു. എന്നാൽ അവസാന വാരത്തിലേക്ക് എത്തുമ്പോൾ ശരാശരി പ്രതിദിന കേസുകൾ 966 ആയി ഉയർന്നിട്ടുണ്ട്. കൂടാതെ പ്രതിവാര പോസിറ്റീവിറ്റി 1.08 ആയി. ഈ സാഹചര്യത്തിൽ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കൃത്യമായി സാഹചര്യം അവലോകനം ചെയ്യണമെന്നും യോഗം നിർദ്ദേശിച്ചു.
ഇരുപത്തിരണ്ട് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും പ്രതിദിന പരിശോധന ദേശീയ ശരാശരിയേക്കാൾ കുറവാണെന്ന് യോഗം ചൂണ്ടിക്കാട്ടി. മാർച്ച് അവസാന വാരത്തിലേക്ക് കടക്കുമ്പോൾ ഇന്ത്യയിലെ 24 ജില്ലകളിൽ പ്രതിവാര പോസിറ്റീവിറ്റി 10 ശതമാനത്തിലധികം റിപ്പോർട്ട് ചെയ്യുന്നുണ്ട്, അതേസമയം 43 ജില്ലകൾ ഇതേ കാലയളവിൽ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 5-10 ശതമാനം വരേയും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതു നേരിടാന്‍ ആശുപത്രികള്‍ സജ്ജമാണോയെന്ന് വിലയിരുത്താനായി എല്ലാ ജില്ലകളിലെയും സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികള്‍ മോക്ഡ്രില്ലില്‍ പങ്കെടുക്കണമെന്ന് യോഗം നിർദ്ദേശിച്ചു. ഏപ്രിൽ 10, 11 തീയതികളിലാണ് മോക്ക് ഡ്രിൽ നടക്കുക. ഓക്‌സിജൻ സിലിണ്ടറുകൾ, പിഎസ്എ പ്ലാന്റുകൾ, വെന്റിലേറ്ററുകൾ, ലോജിസ്റ്റിക്‌സ്, ഹ്യൂമൻ റിസോഴ്‌സ് എന്നിവയുൾപ്പെടെയുള്ള ആശുപത്രി അടിസ്ഥാന സൗകര്യങ്ങളുടെ പ്രവർത്തന സന്നദ്ധത ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.












Click it and Unblock the Notifications