മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
കണ്ണൂർ: മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ എംഎല്‍എയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കാര്യമായ രോഗലക്ഷണങ്ങളൊന്നും ഇല്ല. ഇതേ തുടർന്ന് ഡോക്ടറുടെ നിർദേശം സ്വീകരിച്ച് വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ തുടരുകയാണ്. പാർട്ടി കേന്ദ്ര കമ്മറ്റി യോഗത്തില്‍ പങ്കെടുക്കാനായി കെകെ ശൈലജ മറ്റ് നേതാക്കള്‍ക്കൊപ്പം കഴിഞ്ഞ ദിവസം ഹൈദരാബാദിലേക്ക് പോയിരുന്നു. ഹൈദരാബാദില്‍ നിന്നും തിരിച്ചെത്തിയ ശേഷം ചെറിയ ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്.
സി പി എം കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉൾപ്പെടെയുള്ള നേതാക്കൾക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചു. വൃന്ദ കാരാട്ട്, മുരളീധരൻ, എ.ആർ. സിന്ധു തുടങ്ങിയവർക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചെന്നാണ് റിപ്പോർട്ട്. 3 ദിവസത്തെ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടേയുള്ളവരും പങ്കെടുത്തിരുന്നു.

അതേസമയം കേരളത്തിലെ കോവിഡ് കേസുകള്‍ വലിയ വർധനവാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇരട്ടിയിലേറെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് മാത്രം ഒന്‍പതിനായിരത്തിലേറെ ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് മാത്രം രണ്ടായിരത്തോളം പ്രതിദിന രോഗികളുണ്ട്. ഇതോടൊപ്പം തന്നെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം അരലക്ഷം കടന്നു.












Click it and Unblock the Notifications