കുട്ടികളുടെ വാക്സിനേഷൻ ഇന്ന് മുതൽ; തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ മാത്രം ഡോസുകൾ
തിരുവനന്തപുരം: കേരളത്തിൽ കുട്ടികൾക്കുള്ള കൊവിഡ് വാക്സിനേഷൻ ഇന്നു മുതൽ ആരംഭിക്കും. 12 വയസ്സ് മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കാണ് വാക്സിൻ നൽകുക.വാക്സിനേഷനായി തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ആയിരിക്കും വാക്സിൻ നൽകുന്നത്. കുട്ടികൾക്ക് പുതിയ കോര്‍ബിവാക്‌സാണ് നൽകുന്നത്.
വിദ്യാഭ്യാസ വകുപ്പുമായി ചർച്ച നടത്തിയതിനുശേഷം വാക്സിനേഷൻ എല്ലാ കുട്ടികളിലും എത്തിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തും എന്നാണ് വിവരം. രക്ഷിതാക്കളുടെ ആശങ്കകൾ പരിഹരിച്ചായിരിക്കും വാക്സിൻ നൽകുന്നത്.

അതേസമയം, മുതിർന്നവരുടെ വാക്സിനേഷൻ കേന്ദ്രത്തിന്റെ ബോർഡ് നീല നിറമാണ്. എന്നാൽ 15 മുതൽ 17 വയസ്സുവരെയുള്ളവരുടെ വാക്സിനേഷൻ കേന്ദ്രത്തിന്റെ ബോർഡ് പിങ്ക് നിറം ആണ്. മുതിർന്നവർക്ക് കോവിഷീല്‍ഡ് വാക്സിനാണ് നൽകി വരുന്നത്. നിലവിൽ 15 മുതൽ 17 വയസ്സ് വരെയുള്ളവർക്ക് കോ- വാക്സിൻ വിതരണം ചെയ്യുന്നുണ്ട്.
2010 മാര്‍ച്ച് 16 - ന് മുമ്പ് ജനിച്ച കുട്ടികള്‍ക്കാണ് കൊവിഡ് വാക്‌സിൻ എടുക്കാം. ഓണ്‍ലൈന്‍ വഴിയും സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴിയും ആണ് കുട്ടികള്‍ക്ക് വാക്‌സിന്‍ എടുക്കാൻ കഴിയുന്നത്. അതേസമയം ഇന്ന് മുതല്‍ 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും രണ്ടാം ഡോസ് കഴിഞ്ഞ് 9 മാസത്തിന് ശേഷം കരുതല്‍ ഡോസ് എടുക്കാവുന്നതാണ്.
അതേസമയം, കേന്ദ്ര ആരോഗ്യ വകുപ്പ് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് കുട്ടികളുടെ വാക്സിനേഷൻ സംബന്ധിച്ച തീരുമാനം എടുത്തത്. ഇന്ത്യയിലെ വിവിധ ശാസ്ത്ര - ആരോഗ്യ സ്ഥാപനങ്ങളുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം തീരുമാനം. ഹൈദരാബാദിലെ ബയോളജിക്കൽ ഇവാൻസ് കമ്പനി നിർമിച്ച കോർബെവാക്സ് വാക്സിനാണ് കുട്ടികളിൽ കുത്തിവെക്കുന്നത്.
14 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ വാക്സിനേഷൻ ഇന്ത്യയിൽ പൂർത്തിയായിരുന്നു.
ഇതിന് പിന്നാലെയാണ് 12 മുതൽ 14 വയസ്സ് വരെയുള്ളവർക്ക് വാക്സിനേഷൻ നൽകുവാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തെ കുട്ടികൾ സുരക്ഷിതരാണ് എങ്കിൽ രാജ്യവും സുരക്ഷിതമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ, കുട്ടികൾക്കുള്ള വാക്‌സിനേഷൻ ജനുവരി 3 - നാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. വാക്‌സിനേഷന്റെ ആദ്യ ദിവസം തന്നെ 15 നും 18 നും ഇടയിൽ പ്രായമുള്ള 40 ലക്ഷത്തിലധികം കുട്ടികൾക്ക് കോവിഡ് -19 വാക്‌സിൻ നൽകിയിരുന്നു.
അതേസമയം, കേരളത്തിൽ ഇന്നലെ 1193 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 24 മണിക്കൂറിനിടെ 27,465 സാമ്പിളുകൾ പരിശോധിച്ചിരുന്നു. 4.34 ആണ് ടിപിആർ. 124 പേരെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 1034 പേരാണ് രോഗമുക്തി നേടിയിരുന്നത്. എറണാകുളം 187, കോട്ടയം 175, തിരുവനന്തപുരം 145, തൃശൂർ 119, കോഴിക്കോട് 99, കൊല്ലം 90, പത്തനംതിട്ട 76, ഇടുക്കി 73, കണ്ണൂർ 62, ആലപ്പുഴ 53, വയനാട് 41, മലപ്പുറം 32, പാലക്കാട് 29, കാസർഗോഡ് 12 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 24,100 പേർ ഉണ്ടെന്നാണ് ഇന്നലെ പുറത്ത് വന്ന റിപ്പോർട്ട്. ഇവരിൽ 23,272 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 828 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 124 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 24 മണിക്കൂറിനിടെ 3 മരണങ്ങളാണ് ഇന്നലെ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ, ആകെ മരണം 66,958 ആയി.
അതേസമയം, കേരളത്തിൽ മാസ്കുകൾ ഒഴിവാക്കുന്നത് സംബന്ധിച്ച് സർക്കാർ പരിഗണനയിലാണ്. കൊവിഡ് കേസുകൾ കുറയുന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ തീരുമാനം. ഇതിനായി വിദഗ്ധ സമിതിയിലെ അംഗങ്ങളോടും മറ്റ് ആരോഗ്യ വിദഗ്ധരോടും സർക്കാർ അഭിപ്രായങ്ങൾ തേടിയിട്ടുണ്ട്.












Click it and Unblock the Notifications