• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊവിഡ് വ്യാപനത്തോത് കേരളത്തിൽ നവംബറോടെ കുറയാൻ സാധ്യത, ആരോഗ്യരംഗം സജ്ജമെന്ന് മന്ത്രി

തിരുവനന്തപുരം: രോഗവ്യാപനത്തിന്റെ തോത് കേരളത്തില്‍ നവംബര്‍ മാസത്തോടെ കുറയാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടികാട്ടുന്നുവെന്ന് മന്ത്രി കെകെ ശൈലജ. രോഗം ഭേദമായവര്‍ക്ക് വീണ്ടും രോഗലക്ഷണങ്ങള്‍ തുടരുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ കോവിഡ് അവലോകന യോഗം ചേർന്നതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.

'' കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 68 വെന്റിലേറ്ററുകള്‍ കോവിഡിന് വേണ്ടി മാത്രം നീക്കിവച്ചിട്ടുണ്ട്. ഇതില്‍ 14 എണ്ണത്തിലാണ് നിലവില്‍ രോഗികളുള്ളത്. ഓക്‌സിജന്‍ ബെഡുകളുടെ സൗകര്യവും എല്ലാ മെഡിക്കല്‍ കോളജുകളിലും വര്‍ധിപ്പിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഒരോ ദിവസത്തേയും ഉപയോഗത്തിന് 177 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഇപ്പോള്‍ സ്‌റ്റോക്കുണ്ട്. അതില്‍ 31 മെട്രിക് ടണ്‍ മാത്രമേ ദിവസത്തില്‍ ഉപയോഗിക്കുന്നുള്ളു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ സംവിധാനമുള്ള 300 ബെഡുകള്‍ ഉണ്ട്. 200 ബെഡുകള്‍ കൂടി ഒരുക്കും. നിലവില്‍ 211 രോഗികള്‍ക്കാണ് ഓക്‌സിജന്‍ ബെഡ് ഉപയോഗപ്പെടുന്നത്''.

സംസ്ഥാനത്ത് കോവിഡ് മരണം സ്ഥിരീകരിച്ചതില്‍ കൂടുതലും മറ്റുഗുരുതര രോഗങ്ങള്‍ ഉണ്ടായിരുന്നവരാണ്. മറ്റിടങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മരണനിരക്ക് കൂടുവാനുള്ള സാധ്യതയാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത് എന്നും മന്ത്രി വ്യക്തമാക്കി. ജനസാന്ദ്രതയും ജീവിതശൈലീ രോഗങ്ങളും പ്രായമേറിയവരും കേരളത്തില്‍ കൂടുതലുണ്ടെന്ന കാരണമാണ് ഇതിന് അടിസ്ഥാനമായി പറയുന്നത്. മരണനിരക്ക് കൂടുന്നത് തടയാന്‍ കനത്ത ജാഗ്രത ആവശ്യമാണ്. ഗുരുതര രോഗങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവര്‍ക്ക് വ്യക്തിഗത ശ്രദ്ധവേണം. ഇതിനായി മെഡിക്കല്‍ കോളേജുകളില്‍ ടെലി മെഡിസിൻ സംവിധാനം ഒരുക്കും. വിവിധ വകുപ്പുകളിലെ ഡോക്ടര്‍മാര്‍ രോഗികളുടെ ആരോഗ്യസ്ഥിതി നിരന്തരം നിരീക്ഷിച്ച് ചികിത്സാ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

2019നെ അപേക്ഷിച്ച് കോവിഡ് സാഹചര്യത്തിലും കേരളത്തില്‍ മരണനിരക്ക് കുറവാണ്. ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലത്തെ മരണനിരക്ക് പരിശോധിച്ചതില്‍ നിന്ന് ഇക്കാര്യം വ്യക്തമായിട്ടുണ്ട്. രോഗവ്യാപനത്തിന്റെ തോത് കേരളത്തില്‍ നവംബര്‍ മാസത്തോടെ കുറയാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടികാട്ടുന്നു. എങ്കിലും രോഗവര്‍ധന ഉണ്ടാവുമെന്ന മുന്‍കരുതലോടു കൂടി തന്നെയാണ് ആരോഗ്യ സംവിധാനത്തെ സജ്ജമാക്കി നിര്‍ത്തിയിട്ടുള്ളത്. ബ്രേക്ക് ദി ചെയിന്‍കാംപയിനിന്റെ ഭാഗമായി മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം തുടങ്ങിയ കാര്യങ്ങള്‍ ബഹുഭൂരിപക്ഷം ആളുകളും പാലിക്കുന്നത് കൊണ്ടും ആരോഗ്യപ്രവര്‍ത്തകരുടെ ശക്തമായ ഇടപെടല്‍ കൊണ്ടുമാണ് വ്യാപനം കുറയുമെന്ന നിഗമനത്തില്‍ ആരോഗ്യവിദഗ്ധര്‍ എത്തിയിട്ടുള്ളത്.

രോഗത്തെ നിസാരമായി കാണുന്ന പ്രവണത ശരിയല്ലെന്ന് മന്ത്രി പറഞ്ഞു. നിലവിലുള്ള ആരോഗ്യപ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ് രോഗവ്യാപനം ഇത്രത്തോളമെങ്കിലും പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നത്. രോഗം ഭേദമായവര്‍ക്ക് വീണ്ടും രോഗലക്ഷണങ്ങള്‍ തുടരുന്ന സാഹചര്യമുണ്ട്. ഇതിനായി ആയുര്‍വേദ വകുപ്പിന്റെ പങ്കാളിത്തത്തോടെ പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ എല്ലാ ജില്ലകളിലും ഒരുക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

English summary
Covid spread in Kerala likely to decrease in Kerala by november
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X