കോവിഡ് ചികിത്സ: റൂം നിരക്ക് സ്വകാര്യ ആശുപത്രികൾക്ക് നിശ്ചയിക്കാമെന്ന് ഉത്തരവ് തടഞ്ഞ് ഹൈക്കോടതി
എറണാകുളം: കോവിഡ് ചികിത്സയുടെ റൂം നിരക്കുകള്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നിശ്ചയിക്കാമെന്ന് ഉത്തരവ് തടഞ്ഞ് ഹൈക്കോടതി. ചെറിയ ഇളവുകള്‍ ആശുപത്രികള്‍ക്ക് അനുവദിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ റൂം വാടക അവരുടെ ഇഷ്ടത്തിന് അനുസരിച്ച് നിശ്ചയിക്കാന്‍ അനുവദിക്കുന്നത് ശരിയില്ല. സ്വകാര്യ ആശുപത്രികളുടെ ഇഷ്ടത്തിന് എല്ലാം വിട്ടുകൊടുക്കാന്‍ കഴിയില്ലെന്നും ഉത്തരവ് തടഞ്ഞുകൊണ്ട് ഹൈക്കോടതി വ്യക്തമാക്കി. കോടതി നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ ഉത്തരവില്‍ അവ്യക്തതയുണ്ടെന്ന വിശദീകരണവുമായി സര്‍ക്കാരും രംഗത്തെത്തി.
ഇതടക്കമുള്ള ഉത്തരവിലെ അവ്യക്തതകള്‍ തിരുത്തി പുതിയ ഉത്തരവ് ഉടന്‍ പുറത്ത് ഇറക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും. കോവിഡ് ചികിത്സയിലെ റൂം നിരക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് നേരിട്ട് നിശ്ചയിക്കാമെന്ന ഉത്തരവ് കഴിഞ്ഞ ദിവസമായിരുന്നു സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയത്. പുതിയ ഉത്തരവോടെ വാര്‍ഡിലും ഐസിയുവിലും ചികിത്സയില്‍ കഴിയുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലെ അംഗങ്ങളില്‍ നിന്നൊഴികെ സ്വകാര്യ ആശുപത്രികള്‍ക്ക് അവര്‍ നിശ്ചയിക്കുന്ന നിരക്കില്‍ റൂം വാടക ഈടാക്കാമായിരുന്നു.

നേരത്തെ പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവില്‍ സ്വകാര്യ ആശുപത്രികളിലെ മുറികളുടെ നിരക്ക് പരാമര്‍ശിച്ചിരുന്നില്ല. ഉത്തരവില്‍ എടുത്ത് പറഞ്ഞത് വാര്‍ഡ്, ഐ.സി.യു, വെന്റിലേറ്റര്‍ തുടങ്ങിയവയിലെ ചികിത്സാനിരക്കായിരുന്നു. ഇക്കാര്യത്തില്‍ വ്യക്തതവരുത്തണമെന്ന മാനേജ്മെന്റുകളുടെ ആവശ്യത്തെത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്.












Click it and Unblock the Notifications