ആകെ സമ്പാദ്യം 2,00850, 2 ലക്ഷം ദുരിതാശ്വാസ നിധിയിലേക്ക്..ഹൃദയംതൊടും കുറിപ്പ്
തിരുവനന്തപുരം; വാക്സിൻ ചാലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് കേരളം. കൈയ്യിലുള്ള വലുതും ചെറുതുമായ സമ്പാദ്യങ്ങളാണ് തങ്ങളാൽ ആകും വിധം പലരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകുന്നത്. ഇത്തരത്തിൽ കൈയ്യിൽ ആകെയുള്ള രണ്ട് ലക്ഷത്തി എണ്ണൂറ്റിയമ്പത് രൂപയില്‍ നിന്ന് രണ്ട് ലക്ഷം ദുരിതാശ്വാസനിധിയിലേക്ക് നല്‍കാന്‍ ആവശ്യപ്പെട്ട കണ്ണൂര്‍ സ്വദേശിയെ കുറിച്ചുള്ള പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ബാങ്ക് ഉദ്യോഗസ്ഥനായ സി.പി സൗന്ദര്‍ രാജാണ് കുറിപ്പ് പങ്കുവെച്ചത്. കൈയ്യിലുള്ള തുക മുഴുവൻ സംഭാവന നൽകുമ്പോഴും തന്റെ പേര് വെളിപ്പെടുത്തരുതെന്നും ഇദ്ദേഹം ആവശ്യപ്പെട്ടതായി സൗന്ദര്‍രാജ് പോസ്റ്റിൽ പറയുന്നു. പൂർണരൂപം വായിക്കാം

ഇന്നലെ ഞാന്‍ ജോലിചെയ്യുന്ന ബാങ്കില്‍ പ്രായമുള്ള ഒരാള്‍ വന്നു. പാസ്സ് ബുക്ക് തന്നു ബാലന്‍സ് ചോദിച്ചു...200850 രൂപ ഉണ്ടെന്നു പറഞ്ഞു.' ഇതില്‍ രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കോവിഡ് വാക്‌സിന്‍ വാങ്ങുന്നതിനു സംഭാവന നല്‍കണം '
കാണുമ്പോള്‍തന്നെ അവശത തോന്നുന്ന ഒരു മനുഷ്യന്‍. കുറച്ചു സംസാരിച്ചപ്പോള്‍ ജീവിക്കാന്‍ മറ്റ് ചുറ്റുപാടുകള്‍ ഒന്നും ഇല്ലെന്നു മനസ്സിലായി.
വേണ്ടത്ര ആലോചന ഇല്ലാതെ എടുത്ത തീരുമാനം ആണെങ്കിലോ എന്നുകരുതി ഒരു ലക്ഷം ഇപ്പോഴും ബാക്കി അല്പം കഴിഞ്ഞും അയച്ചാല്‍ പോരെ എന്ന് ചോദിച്ചു. നിങ്ങള്‍ക്ക് എന്തെങ്കിലും പൈസ ആവശ്യമായി വന്നാലോ.
'എനിക്ക് ജീവിക്കാന്‍ ഇപ്പോള്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല. വികലാംഗ പെന്‍ഷന്‍ കിട്ടുന്നുണ്ട്. കൂടാതെ ബീഡി തെറുപ്പും ഉണ്ട് അതിനു ആഴ്ചയില്‍ 1000രൂപ വരെ കിട്ടാറുണ്ട്. എനിക്ക് ജീവിക്കാന്‍ ഇതു തന്നെ ധാരാളം. ' 'മുഖ്യമന്ത്രി ഇന്നലെ ഈ കാര്യം പറഞ്ഞപ്പോള്‍ എടുത്ത തീരുമാനമാണ്. വളരെ ആലോചിച്ചു തന്നെ. ഇതു ഇന്നയച്ചാലേ എനിക്ക് ഉറങ്ങാന്‍ കഴിയൂ. എന്റെ പേര് ആരോടും വെളിപ്പെടുത്തരുത് '
അനാവശ്യ ചോദ്യം ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി ആ മുഖഭാവം കണ്ടപ്പോള്‍....
ഇങ്ങനെയുള്ള നന്മയുള്ള മനസ്സുകളാണ് നമ്മുടെ നാടിനെ താങ്ങി നിര്‍ത്തുന്നത്.
അതാണ് ഉറപ്പോടെ പറയുന്നത് നമ്മള്‍ ഇതും അതിജീവിക്കും.....അതാണ് ഉറപ്പോടെ പറയുന്നത് ഇത് കേരളമാണ്












Click it and Unblock the Notifications