ഏപ്രിൽ 20ന് ശേഷം ഇളവുകൾ, ബാർബർ ഷോപ്പുകൾ തുറക്കാം, കാറിൽ നാല് പേർക്ക് യാത്ര ചെയ്യാമെന്നും ധാരണ!
തിരുവനന്തപുരം: ഏപ്രില്‍ 20ന് ശേഷം സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ വരുത്താന്‍ ധാരണയായി. സംസ്ഥാനത്ത് ബാര്‍ബര്‍ ഷോപ്പുകള്‍ രണ്ട് ദിവസം തുറന്ന് പ്രവര്‍ത്തിക്കും. ഏപ്രില്‍ 20ന് ശേഷം ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാനുളള അനുമതി നല്‍കും. അതേസമയം ബ്യൂട്ടി പാര്‍ലറുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാനുളള അനുമതിയില്ല.
പൊതുഗതാഗതത്തിനുളള നിയന്ത്രണങ്ങള്‍ തുടരും. അതേസമയം സ്വകാര്യ കാറില്‍ നാല് പേര്‍ക്ക് യാത്ര ചെയ്യാനുളള അനുമതി നല്‍കും. നിലവില്‍ രണ്ട് പേര്‍ക്ക് മാത്രമേ കാറില്‍ യാത്ര ചെയ്യാനുളള അനുമതിയുളളൂ. ഇത് കൂടാതെ തീവ്രമല്ലാത്ത മേഖലകളില്‍ കൂടുതല്‍ ഓഫീസുകള്‍ തിങ്കളാഴ്ചയ്ക്ക് ശേഷം തുറന്ന് പ്രവര്‍ത്തിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കൈത്തറി, ബീഡി, കയര്‍, കശുവണ്ടി തുടങ്ങിയ പരമ്പരാഗത തൊഴില്‍ മേഖലകളിലും 20ന് സേഷം ഇളവ് നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. സംസ്ഥാനത്തെ നാല് മേഖലകളാക്കി തിരിച്ചാണ് ഈ ഇളവുകള്‍ നടപ്പിലാക്കുക. കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളാണ് കേന്ദ്രത്തിന്റെ പട്ടിക പ്രകാരം ഹോട്ട് സ്‌പോട്ടുകള്‍.
കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളാണ് ആദ്യത്തെ മേഖലയിലുളളത്. രണ്ടാമത്തെ മേഖലയില്‍ പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളാണ് രണ്ടാമത്തെ മേഖല. ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, തൃശൂര്‍ ജില്ലകളാണ് മൂന്നാമത്തെ മേഖല. സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള ഓരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 394 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 245 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. ഇതോടെ നിലവില്‍ 147 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.












Click it and Unblock the Notifications