കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്‌ഐആര്‍ പാര, റാഷിദ് പറയുന്നു
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കേരളത്തില്‍ യുഡിഎഫ് തരംഗമാകുമെന്ന് സിപി റാഷിദിന്റെ പ്രവചനം. നേരത്തെ പല തിരഞ്ഞെടുപ്പുകളിലും യഥാര്‍ഥ ഫലത്തോട് ചേര്‍ന്നുനിന്ന പ്രവചനം നടത്തിയ വ്യക്തിയായതു കൊണ്ടുതന്നെ റാഷിദിന്റെ പ്രവചനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. 91 മുതല്‍ 102 സീറ്റ് വരെ യുഡിഎഫിന് കിട്ടിയേക്കുമെന്നാണ് റാഷിദിന്റെ പ്രവചനം.
എന്തുകൊണ്ടാണ് താന്‍ ഈ നിഗമനത്തില്‍ എത്തിയത് എന്ന് റാഷിദ് മനോരമ ന്യൂസിനോട് വിശദീകരിച്ചു. യുഡിഎഫ് നൂറ് സീറ്റില്‍ ജയിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറയുന്നത്. എന്നാല്‍ മൂന്നാമൂഴം ഉറപ്പാണ് എന്ന് ഇടതുപക്ഷ നേതാക്കള്‍ അവകാശപ്പെടുന്നു. മെയ് നാലിനാണ് വോട്ടെണ്ണല്‍. അതിനിടെയാണ് റാഷിദിന്റെ പ്രവചനം ചര്‍ച്ചയാത്.

ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം സംഭവിച്ചു എന്നാണ് റാഷിദ് പറയുന്ന പ്രധാന ഘടകം. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഇത്രയും വ്യാപകമായ രീതിയില്‍ ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കുന്നത് ആദ്യമാണ്. 2001ന് ശേഷമാണ് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും സിപിഎം നേതൃത്വത്തില്‍ എത്തുന്നതും മലപ്പുറം സമ്മേളനം നടക്കുന്നതും ന്യൂനപക്ഷങ്ങളില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുന്നതും. എന്നാല്‍ ന്യൂനപക്ഷം ഇടതുപക്ഷത്ത് നിന്ന് അകലുന്ന കാഴ്ചയാണ് ഇപ്പോള്‍ എന്നു റാഷിദ് പറയുന്നു.
ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നയങ്ങളില്‍ ന്യൂനപക്ഷത്തിന് വലിയ നിരാശ തോന്നിയിട്ടുണ്ട് എന്നാണ് റാഷിദിന്റെ പക്ഷം. പിആര്‍ ഏജന്‍സികള്‍ രാഷ്ട്രീയ പ്രചാരണം ഏറ്റെടുത്തതോടെ ഒരു മൂല്യച്യുതി സംഭവിച്ചു എന്നും റാഷിദ് അഭിപ്രായപ്പെടുന്നു. ശബരിമല പോലുള്ള വിഷയങ്ങളും ഇടതുപക്ഷത്തിന് തിരിച്ചടിയായി. ഈഴവ സമുദായം അകലാനും ഇടതുപക്ഷ വിശദീകരണം ജനങ്ങള്‍ക്ക് തൃപ്തികമല്ലാതിരിക്കുകയും ചെയ്തു എന്നും റാഷിദ് പറയുന്നു.
സിപി റാഷിദ് പരിശോധിക്കുന്നത് ശതമാനം
നമ്പറുകളില്‍ അല്ല തന്റെ നിരീക്ഷണം. പകരം ശതമാനത്തിലാണ് തന്റെ കണക്കുകൂട്ടല്‍. ശതമാനത്തില്‍ നോക്കുമ്പോഴാണ് മനുഷ്യ മനസിന്റെ മാറ്റം അറിയാന്‍ എളുപ്പം. ആ മെത്തേഡാണ് താന്‍ ഉപയോഗിക്കാറുള്ളത്. അങ്ങനെ നോക്കുമ്പോഴും ഇടതുപക്ഷത്തിന് എതിരായ ചില ഘടങ്ങള്‍ ഉണ്ട് എന്നാണ് കാണുന്നതെന്നും റാഷിദ് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിഛായക്ക് കോട്ടം തട്ടിയിട്ടുണ്ട്. സര്‍ക്കാരിന്റെ നേട്ടം പറയുന്നതിന് പകരം മുഖ്യമന്ത്രിയെ ഉയര്‍ത്തിക്കാട്ടിയതും ഇടതുപക്ഷത്തിന് തിരിച്ചടിയാകുമെന്നും റാഷിദ് പറയുന്നു. ബിജെപിക്ക് തിരുവനന്തപുരത്തെ നേമം മണ്ഡലം കിട്ടാനാണ് സാധ്യത. മൂന്ന് സീറ്റുകളാണ് സാധ്യത കാണുന്നത്. എങ്കിലും നേമത്തിന് മാത്രമാണ് കൂടുതല്‍ സാധ്യത.
അപ്പോഴും എസ്‌ഐആര്‍ ബിജെപിക്ക് തിരിച്ചടിയാകും. എ ക്ലാസ് മണ്ഡലങ്ങളില്‍ 20000ത്തിന് മുകളില്‍ വോട്ടുകള്‍ കട്ടായി പോയിട്ടുണ്ട്. അത് ബിജെപിക്ക് തിരിച്ചടിയാണ്. അതേസമയം, എസ്‌ഐആര്‍ യുഡിഎഫിന് നേട്ടമാകും. അവരുടെ വോട്ട് ബാങ്ക് ആക്ടീവാകാന്‍ എസ്‌ഐആര്‍ ഗുണം ചെയ്തിട്ടുണ്ടെന്നും സിപി റാഷിദ് പറയുന്നു.












Click it and Unblock the Notifications