'ഉസ്താദിന്റെ കഫം വീണതിനെല്ലാം രുചികൂടും..നീ തന്നെ തിന്നോ';ഐസകിനെതിരെ സിപി സുഗതൻ
തിരുവനന്തപുരം; മുൻ മന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്കിന്റെ കീഴെ വിദ്വേഷ കമന്റുമായി നവോത്ഥാന സമിതി മുൻ ജോയിന്‍റ് കണ്‍വീനര്‍ സിപി സുഗതന്‍. പൊന്നാനിയിലെ മുസ്‍ലിം തറവാടുകളിൽ സ്ത്രീകളുടെ നേതൃത്വത്തിലുണ്ടാക്കുന്ന 40 ഓളം വരുന്ന പലഹാരക്കടികൾ വിൽക്കുന്ന കടയെ കുറിച്ച് മന്ത്രി പങ്കുവെച്ച കുറിപ്പിന് താഴെയാണ് കമന്റ്. പൊളിറ്റിക്കൽ ഇസ്‌ലാമിന്റെ തുപ്പിയ ഭക്ഷണം സ്വയം വാങ്ങി കഴിച്ചാൽ മതിയെന്നും അതിനു മറ്റുള്ളവരെ കൂട്ടുപിടിക്കേണ്ടയെന്നും കമന്റിൽ സുഗതൻ പറയുന്നു.

'നിങ്ങൾ ബഹുമാനം അർഹിക്കാത്ത കപടരാഷ്ട്രീയക്കാരനാണ്. അതുകൊണ്ട് താങ്കളെ ഞാൻ നീ എന്നു വിളിക്കുന്നു. പൊളിറ്റിക്കൽ ഇസ്‌ലാമിന്റെ തുപ്പിയ ഭക്ഷണം നീ തന്നെ വാങ്ങിത്തിന്നാൽ മതി. ഉസ്താദിന്റെ കഫം വീണതിനെല്ലാം രുചികൂടും. വാങിത്തിന്നോ... അതിനു മറ്റുള്ളവരെ കൂട്ടുപിടിക്കേണ്ട-കമന്റിൽ സുഗതൻ പറയുന്നു.
പിണറായി വിജയന്‍ സര്‍ക്കാര്‍ രൂപീകരിച്ച നവോത്ഥാന സംരക്ഷണ സമിതിയിലെ അംഗമായിരുന്നു സുഗതൻ. പിന്നീട് സമിതി നിഷ്ക്രിയമാണെന്ന് ആരോപിച്ച് സുഗതൻ ഉൾപ്പെടെയുള്ളവർ വിട്ടുപോകുകയായിരുന്നു.
തോമസ് ഐസക് പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം വായിക്കാം
'പൊന്നാനിയിലെ പലഹാരക്കടയിൽ പോയിട്ടുണ്ടോ? പേര് തന്നെ 40 ഇന പലഹാരക്കടയെന്നാണ്. ഇതിനേക്കാൾ കൂടുതൽ ഇനം പലഹാരങ്ങൾ ഉള്ള കടകൾ പലതും ഉണ്ടാകും. പക്ഷേ പൊന്നാനി കടയിലെ പലഹാരങ്ങൾ ഏതെങ്കിലും ബേക്കറിയിൽ ഉണ്ടാക്കുന്നതല്ല. മുസ്ലീം തറവാടുകളിൽ അകത്തളങ്ങളിൽ ഒതുങ്ങി കൂടുന്ന സ്ത്രീകൾ ഉണ്ടാക്കുന്നതു തന്നെ. നല്ലൊരു പങ്ക് പൊന്നാനിയുടേയും മലപ്പുറത്തിന്‍റെയും തനത് സംഭാവനകളാണ്. പുയ്യാപ്ല സൽക്കാരവും പെരുന്നാളുകളും ഗൾഫിലേയ്ക്കു യാത്ര അയക്കലും തുടങ്ങിയ വിശേഷങ്ങൾക്കു മാത്രം ഉണ്ടാക്കാറുള്ള പലഹാരങ്ങൾ. ഈ പൈത്യക രസമൂറും പലഹാരങ്ങളെല്ലാം ഒറ്റക്കടയിൽ.
ഞാൻ ചെന്നപ്പോൾ രാത്രി ഏറെ വൈകിപോയി. അതുകൊണ്ടു ഷെൽഫിൽ നല്ല പങ്കും കാലി. എങ്കിലും ചില അലമാരകളിൽ വിവിധ തരം വറവുകൾ ഉണ്ടായിരുന്നു. പലതിലും ഇറച്ചിയും മറ്റും നിറച്ചവയാണ്. മധുരമുള്ളവയും എരിവുള്ളതും ഇവ രണ്ടുമില്ലാത്തും പലഹാരങ്ങളിൽ ഉണ്ട്. കുറച്ചു കോഴി അട വാങ്ങി. 2-3 ആഴ്ച്ച ഇരിക്കുമത്രേ. പിന്നെ ലക്ഷദ്വീപ് പനംചക്കരയിൽ മലരും മറ്റും ചേർത്ത് ഉണ്ടാക്കിയ പലഹാരങ്ങൾ.
മുട്ടപത്തിരിയാണ് പൊന്നാനിയുടെ ദേശീയ അപ്പം. രാവിലെയും വൈകുന്നേരത്തെ ചായക്കും ഇത് ഇഷ്ട വിഭവം. പത്തിരി തന്നെ ഒട്ടേറെ ഇനങ്ങൾ ഉണ്ട്. വെളിച്ചെണ്ണ പത്തിരി, നെയ് പത്തിരി, കൈ പത്തിരി, കട്ടി പത്തിരി, ഇറച്ചി പത്തിരി, പൊരിച്ച പത്തിരി, ചട്ടിപത്തിരി... ലക്ഷിദ്വീപ് ചക്കരകൊണ്ട് ഉണ്ടാക്കുന്നതാണ് ബിണ്ടിഹലുവ. പൂപോലുള്ളതുപോലുള്ളൊരു പുവ്വപ്പം. അപ്പങ്ങൾ തന്നെ പലവിധം ഉണ്ട്. ചുക്കപ്പം, വട്ടപ്പം, വെട്ടപ്പം, അരീരപ്പം, ബിസ്ക്കറ്റപ്പം, കാരക്കപ്പം, കുഴിയപ്പം, കുരുവപ്പം, കിണത്തപ്പം, അണ്ട്യപ്പം, പിടിയപ്പം, മയ്യത്തപ്പം. പൊന്നാനിക്കാരുടെ സമൂസ മണ്ടയാണ്. പക്ഷേ അതിൽ എരിവല്ല മധുരമാണ് നിറച്ചിട്ടുള്ളത്. ചിരട്ടമാല ജിലേബി പോലെയിരിക്കും. പക്ഷേ മധുരമില്ല. ചിരട്ടതുളയിലൂടെ വറചട്ടിയിലേക്ക് വീഴ്ത്തുന്നതുകൊണ്ട് ചിരട്ടമാല.
പൊന്നിനിയിൽ കേക്കുകളുമുണ്ട് ധാരാളം. മുട്ടക്കേക്ക്, റവക്കേക്ക്, മൈദക്കേക്ക്, തരിക്കേക്ക്, കുഴിക്കേക്ക് പഴംക്കേക്ക്... പൊന്നാനി പലഹാരങ്ങളുടെ രാജക്കാൻമാരാണ് മുട്ടമാലയും, മുട്ടസുർക്കയും. മുട്ടുയുടെ മഞ്ഞക്കരു മാത്രമെടുത്ത് ഉടച്ച് ചിരട്ടയിലൂടെ നൂലുപോലെയാക്കി പഞ്ചസാര പാവിലൊഴിച്ച് ഉണ്ടാക്കുന്നതാണ് മുട്ടമാല. ബാക്കിവരുന്ന വെള്ളക്കരു ഉപയോഗിച്ച് പതപ്പിച്ച് മധുരം ചേർത്ത് കേക്ക് രൂപത്തിൽ ഉണ്ടാക്കുന്നതാണ് മുട്ട സുർക്ക.
ഇങ്ങിനെ 40-ൽപരം പലഹാരങ്ങൾ. ഇവയെ മുസ്ലീം തറവാടുകളിൽ നിന്നു പുറത്തു കൊണ്ടുവന്നത് 2020 ജനുവരി മാസത്തിൽ പൊന്നാനിയിൽ നടന്ന പുരോഗമന കലാ സാഹിത്യ സംഘത്തിന്‍റെ സംസ്ഥാന സമ്മേളനമാണ്. അതോടനുബന്ധിച്ച് സംഘാടകരായ ഖലീമുദ്ദീനും, വിജയൻ കോതമ്പത്തും ഈ വീട്ടകങ്ങളിൽ പോയി സ്ത്രീകളുമായി സംസാരിച്ചു. അങ്ങിനെയാണ് 'അപ്പങ്ങളെമ്പാടും' എന്നൊരു പ്രദർശനം തന്നെ സംഘടിപ്പിച്ചു. പൊന്നാനിയുടെ പലഹാര രസക്കൂട്ടുകളുടെ ആദ്യത്തെ ഈ പ്രദർശനം വമ്പിച്ച വിജയമായിരുന്നു. ഈ സംരംഭം ഇപ്പോഴും വാട്സ് അപ്പ് കൂട്ടായ്മയായി തുടരുന്നു. ഈ അപ്പങ്ങൾ ബ്രാന്‍റ് ചെയ്യാൻ ഇവർ ആലോചിക്കുന്നുണ്ട്.
പൊന്നാനിയുടെ പലഹാരങ്ങളുടെ ചരിത്രം വളരെ നീണ്ടതാണ്. ഡോ. ഫസീല തരകത്ത് എഴുതിയ പി.എച്ച്.ഡി പ്രബന്ധമായ പൊന്നാനിയുടെ പ്രാദേശിക ചരിത്രത്തിൽ പൊന്നാനി അപ്പങ്ങളുടെ ചരിത്രം വിവരിക്കുന്നുണ്ട്. ഇനി ഒരിക്കൽ പോകുമ്പോൾ വായിക്കണം.












Click it and Unblock the Notifications