
വിഷ്ണുനാഥിനെ പുകഴ്ത്തി സിപിഐ; മേഴ്സിക്കുട്ടിയമ്മയുടെ സ്വഭാവരീതി തിരിച്ചടിയായി, ജോസിന് ജനപിന്തുണയില്ല
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിക്ക് പുറമെ സിപിഎം, കേരള കോണ്‍ഗ്രസ് എം തുടങ്ങിയ ഘടകക്ഷികളുടെ കൂടെ വീഴ്ചകള്‍ തുറന്ന് കാട്ടി സിപിഐ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. സിപിഎമ്മിനെതിരെ ഗുരുതരമായ നിരവധി പരാമര്‍ശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.
പലമണ്ഡലത്തിലും മുന്നണി സംവിധാനം ശക്തമായില്ല, വിജയിക്കുമെന്ന് ഉറപ്പുള്ള മണ്ഡലത്തില്‍ പ്രചരണങ്ങളില്‍ ഉള്‍പ്പടെ സിപിഐ ഉള്‍പ്പടേയുള്ള ഘടകക്ഷികളെ പരിഗണിക്കാന്‍ സിപിഎം തയ്യാറായില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇതിന് പുറമേയാണ് സ്ഥാനാര്‍ത്ഥികളെ പേരെടുത്ത് പറഞ്ഞുള്ള വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്.
ബിഷപ്പ് പറഞ്ഞത് ഹിന്ദുവായ എനിക്കും എന്റെ കുടുംബത്തിനും സ്വീകരിക്കാവുന്ന സന്ദേശം; കൃഷ്ണകുമാര്‍

കേരള കോണ്‍ഗ്രസ് എം മുന്നണിയിലേക്ക് വന്നതുമായി ബന്ധപ്പെട്ട് സിപിഎം വിലയിരുത്തലില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ നിരീക്ഷണമാണ് സിപിഎം നടത്തുന്നത്. ജോസിന്റെ വരവ് മുന്നണിക്ക് നേട്ടമായെന്ന് സിപിഎം വിലയിരുത്തുപ്പോള് കേരള കോണ്‍ഗ്രസ് പ്രത്യേക നേട്ടം ഒന്നും ഉണ്ടാക്കിയില്ലെന്ന് സിപിഐ ചൂണ്ടിക്കാട്ടുന്നു. ഒന്നാം പിണറായി സര്‍ക്കാറിന്റെ അംഗീകാരമാണ് മുന്നണിക്ക് ഉണ്ടായ സീറ്റ് വര്‍ധനവ്. കേരള കോണ്‍ഗ്രസിന് സ്വന്തമായി എന്തെങ്കിലും നേട്ടം അവകാശപ്പെടാന്‍ ഉണ്ടെങ്കില്‍ അവരുടെ തട്ടകമായ പാലായിലും കടുത്തുരുത്തിയിലും എന്തുകൊണ്ട് പരാജയപ്പെട്ടെന്നും സിപിഐ ചോദിക്കുന്നു.
ആടിത്തിമിര്‍ത്ത് മണിക്കൂട്ടന്; അനൂപ് കൃഷ്ണന്റെ പെങ്ങളുടെ ഹല്‍ദി ചടങ്ങിലെ ചിത്രങ്ങല്‍ വൈറല്‍

പാലായില്‍ ജോസ് കെ മാണി തോല്ക്കാന് കാരണം വ്യക്തിപരമാണ്. അദ്ദേഹത്തിന് ജനകീയത ഇല്ലാതിരുന്നതാണ് പ്രധാന കാരണം. മാണി സി കാപ്പന് ജനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാരന് ആയിരുന്നുവെന്ന പരാമര്‍ശവും റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് പ്രതീക്ഷ. ഇടതുമുന്നണി വിജയം പ്രതീക്ഷിച്ച മണ്ഡലത്തില്‍ കനത്ത തോല്‍വിയായിരുന്നു ജോസ് കെ മാണിക്ക് നേരിടേണ്ടി വന്നത്.

ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിച്ച പാലാ മണ്ഡലത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽക്കാനുള്ള കാരണം കേരളാ കോൺഗ്രസ് എമ്മും അവരുടെ നേതാവുമാണ്. യുഡിഎഫിന്റെ ഭാഗമായിരുന്ന കേരളാ കോൺഗ്രസ് എമ്മിനേയും ജോസ് കെ മാണിയേയും ഉൾക്കൊള്ളാൻ ഒരുവിഭാഗം ഇടതുപക്ഷ പ്രവര്‍ത്തകര്‍ തയ്യാറായില്ലെന്നെന്നും സിപിഐ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.

15000 വോട്ടിന്റെ വലിയ ഭൂരിപക്ഷമാണ് കേരള കോണ്‍ഗ്രസിന്റെ പരമ്പരാഗത തട്ടകത്തില്‍ മാണി സി കാപ്പന് സ്വന്തമാക്കിയിരുന്നത്. ഇടത് കേന്ദ്രങ്ങളില്‍ അടക്കം മുന്നേറാന്‍ കാപ്പന് സാധിച്ചു. മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കും വീഴ്ചയുണ്ടായതായി സിപിഎം തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലും ചൂണ്ടിക്കാട്ടിയിരുന്നു.

എല്‍ഡിഎഫ് തോറ്റ ഏക മന്ത്രിമണ്ഡലായ കുണ്ടറയില്‍ സ്ഥാനാര്‍ത്ഥി മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് സിപിഐ നടത്തുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലത്തില്‍ ഇത്തവണ ജെ മേഴ്സിക്കുട്ടിയമ്മ തോല്ക്കാന് കാരണം അവരുടെ സ്വാഭാവ രീതികൊണ്ടാണ്. സ്ഥാനാത്ഥിയുടെ സ്വഭാവരീതിയെക്കുറിച്ച് വോട്ടർമാർക്കിടയിൽ രഹസ്യമായ മുറുമുറുപ്പ് ഉണ്ടായിരുന്നുവെന്നും അവലോകന റിപ്പോര്‍ട്ടിലെ കുറ്റപ്പെടുത്തല്‍.

അതേസമയം യുഡിഎഫ് സ്ഥാനാര്‍ത്ഥി പിസി വിഷ്ണുനാഥിനെ പ്രകീര്‍ത്തിക്കുന്നുമുണ്ട് സിപിഐ. പി സി വിഷ്ണുനാഥ് വിനയശീലനായിരുന്നു. അത് അദ്ദേഹത്തിന് അനുകൂല ഘടമായി. രണ്ട് സ്ഥാനാര്‍ത്ഥികളുടെ ശൈലികളും വോട്ടര്‍മാര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമായി. സംസ്ഥാനത്ത് ഇടതുപക്ഷം കൂടുതല്‍ വോട്ടുകളുമായി മുന്നേറിയപ്പോള്‍ കുണ്ടറയില്‍ 9523 വോട്ടിനായിരുന്നു മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പരാജയപ്പെട്ടത്.

2016 ലെ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയായിരുന്നു കുണ്ടറയില്‍ നിന്നും ജെ മേഴ്സിക്കുട്ടിയമ്മ നിയമസഭയിലേക്ക് എത്തിയത്. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവ് രാജ്മോഹന്‍ ഉണ്ണിത്താനെ 30460 വോട്ടിനായിരുന്നു അന്ന് മേഴ്സിക്കുട്ടിയമ്മ പരാജയപ്പെടുത്തിയത്. എന്നാല്‍ ഇത്തവണ ആകെ വോട്ടുകളുടെ കാര്യത്തില്‍ അടക്കം വലിയ കുറവുണ്ടായി. 2016 ല്‍ 79047 വോട്ടാണ് ലഭിച്ചതെങ്കില്‍ ഇത്തവണ അത് 66882 ആയി ചുരുങ്ങി. യുഡിഎഫ് വര്ധിപ്പിച്ചതാവട്ടെ 18000 ത്തിലേറെ വോട്ടുകള്‍. മന്ത്രിയുടെ പേരെടുത്ത് പറയുന്നില്ലെങ്കിലും മന്ത്രിസ്ഥാനത്ത് മേഴ്സിക്കുട്ടിയമ്മയ്ക്കുണ്ടായ ജാഗ്രത കുറവ് സിപിഎം റിപ്പോര്‍ട്ടിലും പ്രതിപാദിച്ചിരുന്നു.

കൊല്ലത്ത് മത്സരിച്ച മുകേഷിനെതിരേയും രൂക്ഷമായ വിമര്‍ശനങ്ങള്‍ സിപിഐ നടത്തുന്നുണ്ട്. മുകേഷ് സിനിമതാരമെന്ന ഗ്ലാമര്‍ മാറ്റിവെച്ച് ജനകീയ എംഎല്‍എയായി പ്രവര്‍ത്തിച്ചില്ലെന്നാണ് സിപിഐ വിമര്‍ശനം. ഇത്തവണ മുകേഷിന് കഷ്ടിച്ചാണ് സീറ്റ് നിലനിര്‍ത്താന്‍ കഴിഞ്ഞത്. 2072 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു മുകേഷ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണയെ പരാജയപ്പെടുത്തിയത്.

2016 ല്‍ മണ്ഡലത്തില്‍ ആദ്യമായി മത്സരിച്ച് വിജയിക്കുമ്പോള്‍ 17611 വോട്ടിനായിരുന്നു യുഡിഎഫിലെ സൂരജ് രവിയെ മുകേഷ് പരാജയപ്പെടുത്തിയത്. ഇത്തവണ 58524 വോട്ടുകള്‍ മുകേഷ് കരസ്ഥമാക്കിയപ്പോള്‍ 56452 വോട്ടുകള്‍ ബിന്ദു കൃഷ്ണയ്ക്കും ലഭിച്ചു.കഴിഞ്ഞ തവണത്തേക്കാള്‍ 5.95 ശതമാനം കുറവ് വോട്ടായിരുന്നു ഇത്തവണ എല്‍ഡിഎഫിന് ലഭിച്ചത്.

പറവൂര്‍, കരുനാഗപ്പള്ളി, ഹരിപ്പാട്, ഉദുമ തുടങ്ങിയ മണ്ഡലങ്ങളിലെ തോല്‍വിയിലും സിപിഎമ്മിന് വിമര്‍ശനമുണ്ട്. ഹരിപ്പാട് ഇടത് സ്ഥാനാര്‍ത്ഥിക്ക് ലഭിക്കേണ്ട വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്യപ്പെട്ടില്ല. സിപിഎമ്മിന് ശക്തമായ സ്വാധീനമുള്ള കുമാരപുരം, തൃക്കുന്നപുഴ പഞ്ചാത്തുകളില് എല്‍ഡിഎഫിന് മുന്നേറാന്‍ കഴിയാതിരുന്നത് വോട്ടുമറിക്കല്‍ എന്ന അതിഗുരുതരമായ ആരോപണത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.

ഹരിപ്പാടിന് സമാനമായ ആരോപണം പറവൂരിലും നിലനില്ക്കുന്നു. സിറ്റിങ് സീറ്റായ കരുനാഗപ്പള്ളിയില്‍ രണ്ട് പാര്‍ട്ടികള്‍ക്കും വീഴ്ച സംഭവിച്ചു. എംഎല്‍എയുടെ പ്രവര്‍ത്തനവും തൃപ്തികരമായിരുന്നില്ല. ഉദുമയില്‍ സിപിഐയെ പ്രചരണങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുന്ന സമീപനം ഉണ്ടായി. ചാത്തന്നൂരില്‍ വിജയിച്ചെങ്കിലും വലിയ തോതില്‍ വോട്ടുകള്‍ എല്‍ഡിഎഫിലേക്ക് പോയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

സിപിഐ പരാജയപ്പെട്ട രണ്ടാമത്തെ സിറ്റിങ് സീറ്റായ മുവാറ്റുപുഴയില്‍ കൗതുമുള്ള കാരണമാണ് കണ്ടെത്തിയിരിക്കുന്നത്. എംഎല്‍എ എല്‍ദോ എബ്രഹാമിന്റെ ആഡംബര വിവാഹം തെരഞ്ഞെടുപ്പിനെ മോശമായി ബാധിച്ചുവെന്നാണ് പാര്‍ട്ടി കണ്ടെത്തല്‍. എറണാകുളം ജില്ലാ സെക്രട്ടറി പി രാജു തന്നെയാണ് ഇത്തരമൊരു കണ്ടെത്തല്‍ നടത്തി സംസ്ഥാന നേതൃത്വത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ രാജുവിനെതിരേയും വിമര്‍ശനം ഉയര്‍ന്നു. അന്ന് വിവാഹത്തിന്റെ കാർമ്മികരിൽ ഒരാളായി നിന്നപ്പോഴും പഴയിടത്തിന്റെ സദ്യ കഴിച്ചപ്പോഴും ഈ തോന്നൽ ഉണ്ടായില്ലേ എന്ന് പാര്‍ട്ടി സെക്രട്ടറി കാനം രാജുവിനോട് ചോദിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.