കരാട്ടെ, കുങ്ഫു, കളരി! ഇനി സിപിഐ സഖാക്കളോട് മുട്ടുമ്പോൾ സൂക്ഷിക്കണം! ആയോധന പരിശീലനം...
ആദ്യഘട്ടമായി കുറുവിലങ്ങാട്ട് നടന്ന ക്യാമ്പിൽ വിവിധ ജില്ലകളിൽ നിന്നുള്ള 150 വോളന്റിയർമാർക്ക് പരിശീലനം നൽകി.
തിരുവനന്തപുരം: സ്വയംപ്രതിരോധത്തിന് ആയോധന പരിശീലനം നേടിയ അരലക്ഷം പേരുടെ സേനയുണ്ടാക്കാൻ സിപിഐയിൽ തീരുമാനം. നിർജീവമായി കിടക്കുന്ന ജനസേവാദൾ(പീപ്പിൾസ് സർവീസ് കോർ) പുനരുജ്ജീവിപ്പിക്കാനാണ് സിപിഐ അണികൾക്ക് ആയോധന പരിശീലനം നൽകുന്നത്. ഇതിന്റെ ആദ്യഘട്ടമായി കുറുവിലങ്ങാട്ട് നടന്ന ക്യാമ്പിൽ വിവിധ ജില്ലകളിൽ നിന്നുള്ള 150 വോളന്റിയർമാർക്ക് പരിശീലനം നൽകി.
കരാട്ടെ, കുങ്ഫു, കളരിപ്പയറ്റ് എന്നിവയിലാണ് സിപിഐ അണികൾക്ക് പരിശീലനം നൽകുന്നത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ചുവപ്പുസേന രൂപവൽക്കരണത്തിന്റെ മേൽനോട്ടം. സിപിഐ ആയോധന പരിശീലനം നൽകുന്നതായി മാതൃഭൂമി ദിനപ്പത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വർഗീയതക്കും ഫാസിസത്തിനുമെതിരെ ആശയതലത്തിലാണ് പ്രചാരണം നടക്കേണ്ടതെങ്കിലും ആക്രമണങ്ങളിലേക്ക് അന്തരീക്ഷം മാറാനുള്ള സാഹചര്യം കൂടുതലാണെന്നും, ഇതുമുന്നിൽ കണ്ടാണ് ചുവപ്പുസേനയ്ക്ക് ആയോധനാഭ്യാസം നൽകാൻ പാർട്ടി തീരുമാനിച്ചതെന്നും മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നുണ്ട്.
കഴിഞ്ഞ ഓഗസ്റ്റ് മുതൽ ഒരു വർഷമായി പാർട്ടിയെ ശക്തിപ്പെടുത്താൻ വിവിധതലത്തിൽ ചർച്ചകൾ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായാണ് ആയോധനപരിശീലനം നൽകി ചുവപ്പുസേനയെ ശക്തിപ്പെടുത്താൻ തീരുമാനിച്ചത്. സംഘടനാപ്രവർത്തനം ശക്തിപ്പെടുത്തിനായി മുഴുവൻസമയ ഭാരവാഹികൾക്ക് സിപിഐ സാമ്പത്തിക സഹായവും നൽകുന്നുണ്ട്. ലോക്കൽ സെക്രട്ടറി മുതലുള്ള പ്രധാനപ്പെട്ട മുഴുവൻസമയ ഭാരവാഹികൾക്കാണ് സാമ്പത്തിക സഹായം നൽകുന്നത്.












Click it and Unblock the Notifications