സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു
എറണാകുളം: സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവയാണ് അന്ത്യം. ഹൃദയാഘാതമാണ് മരണ കാരണം. 73 വയസ്സായിരുന്നു.
പ്രമേഹം മൂര്‍ച്ഛിച്ചതോടെ അടുത്തിടെ കാനത്തിന്റെ വലതുകാലില്‍ ശസ്ത്രക്രിയ നടത്തുകയും കാല്‍പാദം മുറിച്ച് മാറ്റുകയും ചെയ്തിരുന്നു.
ആരോഗ്യ പ്രശ്നങ്ങൾ മൂലം ഏറെ നാളായി പാർട്ടിയുടെ സജീവ പ്രവർത്തനങ്ങളിൽ നിന്ന് മാറി നിൽക്കുന്ന കാനം രാജേന്ദ്രൻ കാൽപ്പാദം മുറിച്ച് മാറ്റിയതിനെ തുടർന്ന് മൂന്ന് മാസത്തെ അവധിക്കും പാർട്ടിക്ക് അപേക്ഷ നല്‍കിയിരുന്നു.

2015 മുതല്‍ സി പി ഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിച്ച് വരികയായിരുന്നു അദ്ദേഹം. 1982 ലും 1987 ലും കോട്ടയം വാഴൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് വിജയിച്ചിട്ടുണ്ട്. 91 ലും 96 ലും ഇതേ മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ അദ്ദേഹം പൂർണ്ണമായി സംഘടന രംഗത്തേക്ക് മാറുകയായിരുന്നു. എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി, എ ഐ ടിയുസി സംസ്ഥാന സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്.
വിദ്യാർത്ഥി - യുവജന പ്രസ്ഥാനങ്ങളിലൂടെ കടന്ന് വന്ന അദ്ദേഹം സി കെ ചന്ദ്രപ്പൻ 1969 ൽ എ ഐ വൈ എഫ് ദേശീയ പ്രസിഡന്റ് ആയപ്പോഴാണ് സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. അന്ന് 19 വയസ്സ് മാത്രമായിരുന്നു പ്രായം. കേരളത്തിലെ യുവജന വിദ്യാർഥി പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാന ഭാരവാഹിയായും ഇതോടെ അദ്ദേഹം മാറി.
ഇരുപത്തിമൂന്നാം വയസ്സിലാണ് എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറിയാകുന്നത്. ഇരുപത്തിയെട്ടാം വയസ്സിൽ സി പി ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. എ ബി ബർദനൊപ്പം യുവജനസംഘടനാ രംഗത്ത് ദേശീയതലത്തിലും കാനം പ്രവർത്തിച്ചിരുന്നു. കിടങ്ങൂർ സ്വദേശിയായ പി.കെ.വാസുദേവൻ നായർക്കു ശേഷം സിപിഐയുടെ തലപ്പത്തേക്ക് എത്തിയ കോട്ടയംകാരൻ കൂടിയാണ് കാനം രാജേന്ദ്രന്‍.
നിലവിൽ സി പി ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും എ ഐ ടി യു സി ദേശീയ ഉപാധ്യക്ഷനുമാണ് അദ്ദേഹം. 1950 നവംബർ 10ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിൽ വി കെ പരമേശ്വരൻ നായരുടേയും ടി.കെ. ചെല്ലമ്മയുടേയും മകനായാണ് ജനനം. ഭാര്യ: വനജ. മക്കൾ: സന്ദീപ്, സ്മിത. മരുമക്കൾ: താരാ സന്ദീപ്, വി. സർവേശ്വരൻ.












Click it and Unblock the Notifications