'കമ്മ്യൂണിസ്റ്റായി കോൺഗ്രസ്സായി പിന്നെ ബിജെപി ആകുന്നവർ', ചർച്ചയായി പന്ന്യന്റെ മകന്റെ കുറിപ്പ്
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ ഇടത് മുന്നണി പ്രവേശനം ഉടനെയുണ്ടായേക്കും. ജോസിന്റെ വരവില്‍ ഇടത് മുന്നണിക്കുളളില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. സിപിഐക്കാണ് ജോസ് കെ മാണിയെ കൂടെ കൂട്ടുന്നതില്‍ അതൃപ്തിയുളളത്.
സിപിഐയെ അനുനയിപ്പിക്കാന്‍ സിപിഎം ശ്രമം നടത്തുന്നുണ്ട്. അതിനിടെ സിപിഐ നേതാവ് പന്ന്യന്‍ രാജേന്ദ്രന്റെ മകന്‍ ആയ രൂപേഷ് പന്ന്യന്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് ചര്‍ച്ചയാകുകയാണ്.

ചില തുറന്നെഴുതലുകൾ
രൂപേഷ് പന്ന്യന്റെ ഫേസ്ബുക്ക് പോസ്റ്റ്: '' ചില തുറന്നെഴുതലുകൾ.. കാലം കാതോർത്തു നില്ക്കുന്ന കനൽ തരികളാണ്. അടച്ചു വെച്ച ജാലകങ്ങൾക്കപ്പുറത്ത് എരിഞ്ഞു തീരേണ്ടതല്ല ആ കനൽ തരികൾ. ചോർന്നൊലിക്കുന്ന പ്രതീക്ഷകൾക്ക് ഇത്തിരി വെട്ടമേകാനായി മലർക്കെ തുറക്കണം ഓരോ ജാലകങ്ങളും.. അധികാരത്തിൻ്റെ ഇടനാഴികളിൽ അലഞ്ഞു തിരിഞ്ഞില്ലെങ്കിലും. അധികാരവും പ്രശസ്തിയും നല്കുന്ന സ്വപ്ന സമാന ദൃശ്യങ്ങൾ മഴവില്ലിൻ്റെ മനോഹാരിതയോടെ പീലി വിരിച്ചാടുന്നത് കൺമുന്നിലെന്നും പതിവുകാഴ്ചയായിരുന്നു.

ചിതലരിക്കുന്നത് ചുവപ്പിൻ്റെ പ്രതീക്ഷകൾ
മനം മയക്കുന്ന ആ കാഴ്ചകൾക്കപ്പുറത്ത് മനം മടുപ്പിക്കുന്ന ജീവിത യാഥാർത്ഥ്യങ്ങളുണ്ടെന്നത് തിരിച്ചറിയാതിരിക്കുമ്പോൾ ചിതലരിക്കുന്നത് ചുവപ്പിൻ്റെ പ്രതീക്ഷകളാണ്. ചക്രവാളത്തിലെ ചുവപ്പിൻ്റെ ശോണിമ കണ്ട് ചുവപ്പിനെ പ്രണയിച്ചവരല്ല പിന്നീട് കമ്മ്യൂണിസ്റ്റായത്. ജന്മിമാരും മുതലാളിമാരും ചവിട്ടിമെതിച്ച പട്ടിണി കോലങ്ങളാണ് ചുവന്ന കൊടി പിടിച്ച് കമ്മ്യൂണിസ്റ്റായത്..

പാവയായി മാറരുത്
മരണം വരെ കമ്മ്യൂണിസ്റ്റാകുക എന്നത് മരണം വരെ അച്ചുത മേനോനേയും വെളിയം ഭാർഗ്ഗവനേയും പോലെ നന്മ മനുഷ്യരായി ജീവിക്കുക എന്നതാണെന്ന് മനസ്സിലാക്കാനാവാത്ത പലരുടെയും കൈകളിലെ പാവയായി മാറരുത് കമ്മ്യൂണിസ്റ്റ് പാർട്ടി. എം.പി ആകാനും എം.എൽ എ ആകാനും മന്ത്രിയാകാനുമായി മാത്രം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേക്കേറുന്നവർ.. കമ്മ്യൂണിസ്റ്റായി കോൺഗ്രസ്സായി പിന്നെ ബി.ജെ.പി ആകുന്നവരുടെ നിരയിലെ കണ്ണികളായി മാറാനിരിക്കുന്നവരാണ്.

മുതലാളിമാരുടെ സമ്മാനം വാങ്ങുന്നവരായി മാറരുത്
പ്രളയകാലത്ത് സ്വന്തം വയറിനോട് പ്രണയം കാണിക്കാതെ സഹജീവികൾക്കായി സർവ്വസ്വവും പിഴുതു നല്കിയ എറണാകുളത്തെ നൗഷാദും വിശപ്പകറ്റാനുള്ള അന്നദാതാവായ ആടിനെ വിറ്റ് കിട്ടിയ പണം കോവിഡിൻ്റെ ദുരന്തമുഖത്തെ കരുതലിനായി നാട്ടിനു നൽകിയ സുബൈദയും അവരുടെ ജീവിതം തന്നെ നാട്ടിനു സമ്മാനമായി നല്കുമ്പോൾ മുതലാളിമാരുടെ സമ്മാനങ്ങൾ ഏറ്റുവാങ്ങുന്നവരായി മാറരുത് കമ്യൂണിസ്റ്റുകാർ..
Recommended Video

അധികാരത്തിൻ്റെ അപ്പ കഷ്ണങ്ങൾ
സർക്കാരാശുപത്രിയിലെ ചികിത്സയും ചുവന്ന ബോർഡു വെച്ച കാറിൽ കയറില്ലെന്ന ശാഠ്യവും ചെറിയ വീട്ടിലെ താമസവും സ്വന്തം വീട്ടിൽ വെച്ച് കണ്ട് ശീലിച്ചതു കൊണ്ടാകാം കമ്മ്യൂണിസത്തിൻ്റെ ആദ്യ പാഠങ്ങൾ പഠിക്കാനായി പാർട്ടി ക്ലാസ്സുകൾ കയറിയിറങ്ങേണ്ടി വരാതിരുന്നത്. വിശക്കുന്നവന് നീറുന്ന വയറാണ് കമ്മ്യൂണിസമെങ്കിൽ വിശപ്പില്ലാത്തവന് അധികാരം പങ്കിട്ടെടുക്കാനുള്ള കുറുക്കു വഴിയായി മാറരുത് കമ്മ്യൂണിസ്റ്റ് പാർട്ടി. അധികാരത്തിൻ്റെ അപ്പ കഷ്ണങ്ങൾക്കായുള്ള കുറുക്കുവഴിയിലെ യാത്രികരോട് തോളോട് തോൾ ചേർന്ന് യാത്ര ചെയ്യേണ്ടി വരുമ്പോഴും കലഹിച്ചു തുടങ്ങട്ടെ തുറന്നെഴുത്തിൻ്റെ ഈ ആദ്യ അദ്ധ്യായം.''












Click it and Unblock the Notifications