വെളിയം ഭാര്‍ഗവന്‍ അന്തരിച്ചു
തിരുവനന്തപുരം: സി പി ഐയുടെ അനിഷേധ്യ നേതാവ് വെളിയം ഭാര്‍ഗവന്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.
1928 ല്‍ കൊല്ലത്ത് വെളിയത്തായിരുന്നു ജനനം. കൊല്ലം പ്രാക്കുളം സമരത്തിന്റെ മുന്നണിപ്പോരാളികളില്‍ ഒരാളായ വെളിയം 1967 ല്‍ സി പി ഐ സംസ്ഥാന സെക്രട്ടേറിയറ്റംഗമായി. 1971 ലാണ് അദ്ദേഹം പാര്‍ട്ടിയുടെ ദേശീയ കൗണ്‍സിലംഗമാകുന്നത്.

ഏറെക്കാലം സി പി ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്‌നേഹത്തോടെ ആശാന്‍ എന്ന് വിളിച്ചിരുന്ന വെളിയം ഭാര്‍ഗവന്‍. 1998 മുതല്‍ 12 വര്‍ഷമാണ് വെളിയം ഭാര്‍ഗവന്‍ കേരളത്തിലെ പാര്‍ട്ടിയെ നയിച്ചത്.
അനാരോഗ്യം മൂലം തന്നെ ഒഴിവാക്കണമെന്ന് സ്വയം ആവശ്യപ്പെട്ട് 2010ലാണ് വെളിയം ഭാര്‍ഗവന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനമൊഴിഞ്ഞത്. സി കെ ചന്ദ്രപ്പനായിരുന്നു ആശാന് ശേഷം കേരളത്തിലെ പാര്‍ട്ടി സെക്രട്ടറിയായത്.
1957 ലെ ആദ്യത്തെ കേരള നിയമസഭയില്‍ അംഗമായിരുന്നു വെളിയം ഭാര്‍ഗവന്‍. ചടയമംഗത്തുനിന്നാണ് അദ്ദേഹം അന്ന് നിയമസഭയിലെത്തിയത്. തുടര്‍ന്ന് 1960 ലും വെളിയം ഭാര്‍ഗവന്‍ ചടയമംഗലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചു.
സി പി എമ്മുമായുള്ള തത്വാധിഷ്ഠിത തര്‍ക്കങ്ങളില്‍ മിക്കപ്പോഴും പാര്‍ട്ടിയുടെ നിലപാട് വിശദീകരിച്ചിരുന്നത് മുതിര്‍ന്ന നേതാവായ വെളിയമാണ്. പദവികളോടും സ്ഥാനമാനങ്ങളോടും ആര്‍ത്തിയില്ലാത്ത ആദര്‍ശധീരനായ ജനനേതാവിനെയാണ് വെളിയം ഭാര്‍ഗവന്റെ നിര്യാണത്തിലൂടെ കേരളത്തിന് നഷ്ടമാകുന്നത്.












Click it and Unblock the Notifications