ജനയുഗത്തില്‍ നിന്ന് ബിനോയ് വിശ്വത്തെ മാറ്റി
തിരുവനന്തപുരം: സിപിഐ മുഖ പത്രമായ ജനയുഗത്തിന്റെ പത്രാധിപ സ്ഥാനത്ത് നിന്ന് ബിനോയ് വിശ്വത്തെ മാറ്റി. കെ പ്രഭാകരനാണ് പുതിയ പത്രാധിപര്‍. ബിനോയ് വിശ്വത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനം എന്ന് സിപിഐ വിശദീകരിക്കുന്നു.
കഴിഞ്ഞ എല്‍ഡിഎഫ് മന്ത്രിസഭയില്‍ അംഗമായിരുന്ന ബിനോയ് വിശ്വം ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ ഒന്നും ഇല്ല. പാര്‍ട്ടി പരിപാടികളുടെ ചുമതലകള്‍ മാത്രമേ അദ്ദേഹത്തിനുള്ളൂ. സിപിഐ സംസഥാന എക്‌സിക്യൂട്ടീവ് ആണ് പുതിയ പത്രാധിപരെ തിരഞ്ഞെടുത്തത്.

ഒരിടക്ക് പ്രസിദ്ധീകരണം നിലച്ച ജനയുഗം പത്രം കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് വീണ്ടും പ്രസിദ്ധീകരണം തുടങ്ങിയത്. തുടക്കത്തില്‍ വലിയ ബാധ്യതകളില്ലാതെ പോയെങ്കിലും ഇപ്പോള്‍ പത്രത്തിന്റെ നിലനില്‍പ് തന്നെ ഭീഷണിയിലാണെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടയില്‍ കൊല്ലത്ത് പുതിയ യൂണിറ്റ് തുടങ്ങുകയും ചെയ്തു.
ബിനോയ് വിശ്വം പത്രാധിപരായി ചുമതലയേറ്റതിന് ശേഷം സ്ഥാപനത്തില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ പതിവായിരുന്നുവത്രെ. ജീവനക്കാര്‍ക്ക് നല്‍കുന്ന കുറഞ്ഞ വേതനവും തൊഴിലാളി വിരുദ്ധ നടപടികളും ജനയുഗം ദിനപത്രത്തെ അടുത്തിടെ വാര്‍ത്തകളില്‍ നിറച്ചിരുന്നു.
വര്‍ഷങ്ങള്‍ ജോലി ചെയ്തിട്ടും ജീവനക്കാരെ സ്ഥിരപ്പെടുക്കാന്‍ പത്രത്തിന്റെ മാനേജ്‌മെന്റ് തയ്യാറായിരുന്നില്ല. കരാര്‍ പുതുക്കുന്നത് സംബന്ധിച്ച് ജീവനക്കാര്‍ നടത്തിയ പ്രതിഷേധം പലരുടേയും പുറത്ത് പോകലിന് വഴിവച്ചിരുന്നു. കേരള പത്രപ്രവര്‍ത്തക യൂണിയനും വിഷയത്തില്‍ ഇടപെട്ടിരുന്നു.












Click it and Unblock the Notifications