കെഇ ഇസ്മായിലിന്റെ ആഢംബര ജീവിതം, ദുബായിലെ താമസം! പലതും തുറന്നുപറയേണ്ടി വരുമെന്ന് ഭീഷണി...
ഇസ്മായിലിന്റെ യുഎഇയിലെ താമസത്തെ സംബന്ധിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്.
മലപ്പുറം: സിപിഐ സംസ്ഥാന സമ്മേളനത്തിൽ മുതിർന്ന നേതാവ് കെഇ ഇസ്മായിലിനെതിരെ രൂക്ഷ വിമർശനം. കെഇ ഇസ്മായിലിന്റെ ജീവിതരീതി ഒരു കമ്മ്യൂണിസ്റ്റുകാരന് ചേർന്നതല്ലെന്നാണ് സിപിഐയുടെ കൺട്രോൾ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്.
കെഇ ഇസ്മായിലിനെതിരെയുള്ള കടുത്ത വിമർശനങ്ങളാണ് പാർട്ടിയുടെ കൺട്രോൾ കമ്മീഷൻ റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇസ്മായിലിന്റെ യുഎഇയിലെ താമസത്തെ സംബന്ധിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. അതേസമയം, കൺട്രോൾ കമ്മീഷൻ റിപ്പോർട്ടിനെതിരെ കെഇ ഇസ്മായിൽ പാർട്ടി കേന്ദ്ര നേതൃത്വത്തിന് പരാതി നൽകി.

കെഇ ഇസ്മായിൽ...
കെഇ ഇസ്മായിലിന്റേത് ആർഭാട ജീവിതമാണെന്നും, ഒരു കമ്മ്യൂണിസ്റ്റുകാരന് ചേർന്നതല്ല അദ്ദേഹത്തിന്റെ ജീവിതരീതിയുമെന്നാണ് സിപിഐ കൺട്രോൾ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്. ഒരു കമ്മ്യൂണിസ്റ്റ് നേതാവെന്ന നിലയിൽ അദ്ദേഹം യുഎഇയിൽ ആഢംബര രീതിയിൽ താമസിച്ചത് ശരിയല്ലെന്നും റിപ്പോർട്ടിലുണ്ട്.

സംഘടനയിൽ...
ആർഭാട ജീവിതം നയിക്കുന്നതിന് പുറമേ, സംഘടന പ്രവർത്തനത്തിൽ കെഇ ഇസ്മായിൽ ഗുരുതര പിഴവ് വരുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. യുഎഇയിലെ ആഢംബര താമസത്തെക്കുറിച്ചും, യാത്രയെക്കുറിച്ചും അദ്ദേഹം നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

വിശദീകരണം...
യുഎഇ യാത്രയെ സംബന്ധിച്ചുള്ള ആക്ഷേപത്തിൽ ആ യാത്രയുടെയും താമസത്തിന്റെയും ചെലവ് വഹിച്ചത് ഒരു സുഹൃത്താണെന്നായിരുന്നു ഇസ്മായിലിന്റെ വിശദീകരണം. എന്നാൽ ആരുടെ ചെലവിലായാലും കമ്മ്യൂണിസ്റ്റ് നേതാക്കൾ ഇത്തരം ആർഭാട ജീവിതം നയിക്കുന്നത് ശരിയല്ലെന്നാണ് പാർട്ടി നിലപാട്.

കൺട്രോൾ കമ്മീഷൻ...
കെഇ ഇസ്മായിലിന്റെ വിദേശ യാത്രയിലും ഫണ്ട് പിരിവിലും പാർട്ടിക്ക് നിരക്കാത്ത പ്രവൃത്തികളുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അതേസമയം, പാർട്ടിയുടെ റിപ്പോർട്ടിനെതിരെ കെഇ ഇസ്മായിൽ പക്ഷം എതിർപ്പ് പ്രകടിപ്പിച്ചു.

ജനറൽ സെക്രട്ടറിക്ക്...
പാർട്ടി കൺട്രോൾ കമ്മീഷൻ റിപ്പോർട്ടിനെതിരെ കെഇ ഇസ്മായിൽ പാർട്ടി ജനറൽ സെക്രട്ടറി സുധാകർ റെഡ്ഢിക്ക് പരാതി നൽകി. തന്നെ ഒറ്റപ്പെടുത്തി വേട്ടയാടുകയാണെന്നും അഴിമതിക്കാരനായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്നും ഇസ്മായിൽ പരാതിയിൽ പറഞ്ഞു.

രാഷ്ട്രീയം നിർത്തും...
ഇങ്ങനെയാണെങ്കിൽ താൻ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്നും, പക്ഷേ പല കാര്യങ്ങളും തുറന്നുപറയേണ്ടി വരുമെന്നും ഇസ്മായിലിന്റെ പരാതിയിലുണ്ട്. കെഇ ഇസ്മായിലിന്റെ പരാതി പരിഗണിക്കാമെന്ന് സുധാകർ റെഡ്ഢി മറുപടി നൽകിയെന്നാണ് ഇസ്മായിൽ പക്ഷം വ്യക്തമാക്കിയത്.












Click it and Unblock the Notifications