ഇന്ന് ചെങ്കൊടിയേറ്റം; 25 സംസ്ഥാനങ്ങളില്‍ നിന്നായി 812 പ്രതിനിധികള്‍
കണ്ണൂര്‍: സി പി ഐ എം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് തുടക്കം. ബുധനാഴ്ച രാവിലെ പത്തിനാണ് പ്രതിനിധി സമ്മേളനം ആരംഭിക്കുക. ഇ കെ നായനാര്‍ അക്കാദമിയാണ് സമ്മേളനത്തിന്റെ വേദി. മുതിര്‍ന്ന പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രപിള്ളയാണ് പ്രതിനിധി സമ്മേളനത്തിന് പതാക ഉയര്‍ത്തുന്നത്. സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും. പാര്‍ട്ടി കോണ്‍ഗ്രസിലേക്കുള്ള കരട് രാഷ്ട്രീയ പ്രമേയം ഇന്ന് അവതരിപ്പിക്കും.
ഇന്നലെ സ്വാഗത സംഘം ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് പാര്‍ട്ടി കോണ്‍ഗ്രസിന് ഔദ്യോഗിക തുടക്കം കുറിച്ച്മിട്ട് കൊണ്ട് പതാക ഉയര്‍ത്തിയത്. സി പി ഐ എം സംസ്ഥാന സെക്രട്ടറിയും പി ബി അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള സംസ്ഥാനത്തെ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പതാക ഉയര്‍ത്തല്‍. പതാക, കൊടിമര ജാഥകള്‍ പൊതുസമ്മേളന നഗരിയായ ജവഹര്‍ലാല്‍ സ്റ്റേഡിയത്തില്‍ ഇന്നലെ എത്തിച്ചേര്‍ന്നു. വൈകുന്നേരം ചേര്‍ന്ന പാര്‍ട്ടി കേന്ദ്ര കമ്മിറ്റി യോഗം പാര്‍ട്ടി കോണ്‍ഗ്രസ് നിയന്ത്രിക്കാനുള്ള വിവിധ സബ് കമ്മറ്റികളെ തിരഞ്ഞെടുത്തിരുന്നു.

പൊളിറ്റ് ബ്യൂറോ അംഗവും ത്രിപുര മുന്‍ മുഖ്യമന്ത്രിയുമായ മണിക് സര്‍ക്കാരാണ് പ്രസീഡിയം കമ്മറ്റി ചെയര്‍മാന്‍ ആകുന്നത്. മണിക് സര്‍ക്കാര്‍ അധ്യക്ഷനായ ഏഴംഗ പ്രസീഡിയമായിരിക്കും പാര്‍ട്ടി കോണ്‍ഗ്രസ് നിയന്ത്രിക്കുക. പൊതുസമ്മേളന നഗരിയില്‍ കൊടിമരം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജയും പതാക കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദനുമാണ് ഏറ്റുവാങ്ങിയത്. കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയുടെ നേതൃത്വത്തില്‍ കയ്യൂരില്‍നിന്ന് പുറപ്പെട്ട കൊടിമരജാഥയും വയലാറില്‍നിന്ന് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് നയിച്ച പതാകജാഥയും കണ്ണൂര്‍ കാള്‍ടെക്സ് ജംഗ്ഷനില്‍ ഒരുമിച്ചു.

സംഘാടക സമിതി ട്രഷറര്‍ എം വി ജയരാജന്റെ നേതൃത്വത്തിലാണ് ഇരുജാഥകളേയും വരവേറ്റത്. സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജ ഇന്ന് പാര്‍ട്ടി കോണ്‍ഗ്രസിനെ അഭിവാദ്യം ചെയ്യും. വൈകിട്ട് നാല് മണിക്ക് രാഷ്ട്രീയ പ്രമേയം അവതരിപ്പിക്കും. വ്യാഴാഴ്ച രാവിലെ ഒമ്പതിന് പൊതുചര്‍ച്ച തുടങ്ങും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും നിരീക്ഷകരും കേന്ദ്ര കമ്മിറ്റി അംഗങ്ങളുമടക്കം 812 പേരാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. 25 സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ചൊവ്വാഴ്ച വൈകിട്ടോടെ കണ്ണൂരില്‍ എത്തിയിരുന്നു.

17 പൊളിറ്റ് ബ്യൂറോ അംഗങ്ങളും 78 കേന്ദ്ര കമ്മിറ്റി അംഗങ്ങളും 640 പ്രതിനിധികളും 77 നിരീക്ഷകരുമടങ്ങുന്നതാണ് പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികള്‍. കൂടുതല്‍ പേര്‍ കേരളത്തില്‍നിന്നാണ്, 178 പേര്‍. പശ്ചിമ ബംഗാളില്‍നിന്ന് 163 പേരും ത്രിപുരയില്‍നിന്ന് 42 പേരുമുണ്ട്. ഗോവ, ആന്‍ഡമാന്‍ എന്നിവിടങ്ങളില്‍നിന്ന് ഓരോ പ്രതിനിധികള്‍ വീതമാണുള്ളത്. രണ്ട് നിരീക്ഷകരടക്കം 52 പേര്‍ തമിഴ്നാട്ടില്‍ നിന്ന് പങ്കെടുക്കുന്നുണ്ട്. 13 പേരാണ് കര്‍ണാടകത്തില്‍ നിന്ന് പങ്കെടുക്കുന്നത്.

ഹരിയാന, പഞ്ചാബ്, ഹിമാചല്‍പ്രദേശ്, രാജസ്ഥാന്‍ തുടങ്ങി സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ ഉത്തരേന്ത്യയിലെ പാര്‍ട്ടിയുടെ വളര്‍ച്ച തെളിയിക്കുന്നു. കര്‍ഷകരുടെയും സ്ത്രീകളുടെയും വിദ്യാര്‍ഥികളുടെയും പ്രശ്‌നങ്ങള്‍ ഉയര്‍ത്തി ഹരിയാനയില്‍ നടന്ന അത്യുജ്വല പ്രക്ഷോഭങ്ങളിലൂടെ ലക്ഷക്കണക്കിന് പേരുടെ പിന്തുണ ലഭിക്കുന്നുവെന്നാണ് സി പി ഐ എം അവകാശപ്പെടുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പങ്കെടുക്കും.












Click it and Unblock the Notifications