കോഴിക്കോട് സിപിഎം-ബിജെപി സംഘര്‍ഷം; പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു...
2015 നവംബറിലുണ്ടായ സംഘര്‍ഷത്തിലാണ് മുരളീധരന് മാരകമായി പരിക്കേറ്റത്.
കോഴിക്കോട്: രാമനാട്ടുകരയിലുണ്ടായ സിപിഎം-ബിജെപി സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു. രാമനാട്ടുകര പുതുക്കോട് കാരോളി വീട്ടില്‍ പിപി മുരളീധരനാണ് മരണപ്പെട്ടത്. വ്യാഴാഴ്ച രാവിലെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
2015 നവംബറില്‍ സിപിഎം പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് സിപിഐഎം ചെറുകാവ് ലോക്കല്‍ കമ്മിറ്റി അംഗമായ മുരളീധരന് പരിക്കേറ്റത്. തലയ്ക്ക് മാരകമായി പരിക്കേറ്റ മുരളീധരന്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലായിരുന്നു. മുരളീധരന്റെ ചികിത്സാ സഹായഫണ്ടിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വരൂപിച്ച പണം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് കൈമാറിയത്.

സിപിഎം പ്രവര്‍ത്തകന്റെ മരണത്തെ തുടര്‍ന്ന് മേഖലയില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇരു പാര്‍ട്ടികളുടെയും കൊടിമരങ്ങളും തോരണങ്ങളും നശിപ്പിച്ചെന്ന് ആരോപിച്ചാണ് 2015 നവംബറില്‍ പ്രദേശത്ത് സംഘര്‍ഷമുണ്ടായത്. അന്നത്തെ സംഘര്‍ഷത്തില്‍ ഒട്ടേറെ ബിജെപി, സിപിഎം പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു.












Click it and Unblock the Notifications